നിങ്ങളൊരു Google Pixel phone ആരാധകനാണോ? എങ്കിൽ നിങ്ങൾക്കുള്ള സന്തോഷ വാർത്തയിതാ… വിദേശത്ത് നിന്നും ഇനി ഇറക്കുമതി ചെയ്ത് ഗൂഗിൾ പിക്സൽ ഫോണുകൾ വലിയ വില കൊടുത്ത് വാങ്ങേണ്ട. എന്തുകൊണ്ടെന്നാൽ, ഗൂഗിൾ തങ്ങളുടെ പ്രീമിയം ഫോണുകൾ ഇന്ത്യയിൽ നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പിക്സൽ ഫോണുകൾക്ക് പുറമെ, ഗൂഗിൾ മാപ്‌സിന്റെ ഒഎൻഡിസിയുമായുള്ള പങ്കാളിത്തവും ഗൂഗിൾ പ്ലേ, പ്ലേ സ്റ്റോർ എന്നിവയിലെ സുരക്ഷാ ഫീച്ചറുകളും അപ്ഡേറ്റ് ചെയ്യുന്നതിനെ കുറിച്ച് കമ്പനി വിശദമാക്കിയിരുന്നു.
Also Read: iPhone 16 Pro Expected Specs: പുത്തൻ അൾട്രാവൈഡ് ക്യാമറയുമായി iPhone 16 Pro പുറത്തിറങ്ങും
ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഗൂഗിൾ ഫോർ ഇന്ത്യ 2023 ചടങ്ങിൽ വച്ചാണ് പ്രഖ്യാപനം. ഐടി മന്ത്രി അശ്വിനി വിഷ്ണവിന്റെ സാന്നിധ്യത്തിലാണ് ഗൂഗിൾ പിക്സൽ ഫോണുകളുടെ നിർമാണം രാജ്യത്ത് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചത്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഗൂഗിൾ തങ്ങളുടെ സ്മാർട്ഫോണുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് വ്യക്തമാക്കിയത്. ഏറ്റവും പുതിയ പിക്സൽ 8 സീരീസ് ഫോണുകൾ രാജ്യത്ത് നിർമിക്കുമെന്നും ഈ ഫോണുകൾ 2024ന്റെ തുടക്കത്തിൽ വിപണിയിൽ എത്തിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.
ഉൽപ്പാദനത്തിനായി ഗൂഗിൾ അന്താരാഷ്‌ട്ര, ആഭ്യന്തര നിർമാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെടും. ഇങ്ങനെ ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയിൽ ഗൂഗിളും ഒരു വിശ്വസ്ത് പങ്കാളിയാകും. ഇന്ത്യയിൽ പിക്സൽ ഫോണുകൾക്ക് പ്രധാന വിപണിയെന്നത് മുന്നിൽ വച്ചാണ് ഇത്തരമൊരു നീക്കത്തിലേക്ക് കമ്പനി ചുവട് വയ്ക്കുന്നത്.
ഇന്ത്യയിലെ സ്കൂൾ വിദ്യാർഥികൾക്കായി മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ കുറഞ്ഞ വിലയിൽ ലാപ്ടോപ്പുകൾ നിർമിക്കുമെന്ന് കുറച്ചു നാൾ മുമ്പ് ഗൂഗിളും HPയും കരാറിലേർപ്പെട്ടിരുന്നു.
ആപ്പിൾ, സാംസങ്, ഓപ്പോ തുടങ്ങിയവ ഇതിനകം തന്നെ ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഇറങ്ങിയ ഐഫോൺ 15 മേഡ് ഇൻ ഇന്ത്യയുടെ ഭാഗമായി വന്നവയാണ്. ഇനി ഗൂഗിൾ പിക്സലും രാജ്യത്ത് നിർമിക്കുമ്പോൾ കൂടുതൽ വിലക്കുറവിൽ ഈ കിടിലൻ സെറ്റുകൾ വാങ്ങാനുള്ള അവസരമാണ് ലഭിക്കുക.
പിക്സൽ ഫോണുകളിലൂടെ മാത്രമല്ല Google ഇന്ത്യയുമായി അടുപ്പത്തിലെത്തുന്നത്. മറ്റ് ഗൂഗിൾ സേവനങ്ങളിലും ഇത് ലഭിക്കും. ഗൂഗിൾ മാപ്‌സും ഒഎൻഡിസിയുമായി പങ്കാളികളാകുമ്പോൾ ഗൂഗിൾ മാപ്‌സ് ആപ്പ് വഴി മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പുതിയ സംവിധാനം പ്രാവർത്തികമാകും. യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും, ഗൂഗിൾ പേ, പ്ലേ സ്റ്റോർ എന്നിവയിലെ സുരക്ഷാ ഫീച്ചറുകളുമെല്ലാം ഗൂഗിൾ മാറ്റം വരുത്തിയിട്ടുണ്ട്.