തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില (Gold price Kerala) വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് (Today's gold rate) 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് സ്വർണത്തിന്റെ വിപണിവില 44,760 രൂപയായി.
അക്ഷയ തൃതീയക്കും തൊട്ടടുത്ത ദിവസങ്ങളിലും കുറഞ്ഞ സ്വർണവില ഇന്നലെ ഉയർന്നു. പവന് 160 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ അടുത്തടുത്ത ദിവസങ്ങളിലായി മൊത്തം 240 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കൂടി, 5595 രൂപ വിപണിവിലയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 5 രൂപ വർധിച്ച് വിപണി വില 4645 രൂപയുമായി.
സ്വർണവില കുതിച്ചുയരുമ്പോഴും മലയാളിക്ക് സ്വർണഭ്രമത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. അക്ഷയ തൃതീയയും ഈദും ഒരുമിച്ച് വന്നതും സ്വർണോത്സവത്തെ ഒന്നുകൂടി കൊഴുപ്പിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ ഏകദേശം 2,250 കോടി രൂപയുടെ സ്വർണവിൽപ്പന സംസ്ഥാനത്ത് നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, ഏകദേശം 4000 കിലോയോളം സ്വർണമാണ് ഈ ദിവസങ്ങളിൽ വിറ്റുപോയത്. കഴിഞ്ഞ വർഷം അക്ഷയ തൃതീയ ദിനത്തിൽ വിറ്റത് 1800 കോടി രൂപയുടെ സ്വർണമാണ്. അതിനാൽ തന്നെ മുൻവർഷങ്ങളേക്കാൾ 20 ശതമാനത്തിലധികം വിൽപ്പന ഇത്തവണ നടന്നു. കേരളത്തിലൊട്ടാകെയായി 12,000 ജുവലറികളിൽ 10 ലക്ഷത്തോളം ആളുകളാണ് സ്വർണം വാങ്ങാനെത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്വർണം വാങ്ങുമ്പോൾ കിട്ടുന്ന ബില്ല് നിരവധി വിവരങ്ങൾ അടങ്ങിയതാണ്. ഇതിൽ തന്നെ സ്വർണത്തിനെ കുറിച്ചുള്ള വിവരണം, സ്വർണത്തിന്റെ മൊത്തം ഭാരം, അതിന്റെ പരിശുദ്ധി, സൂക്ഷ്മത എന്നിവയെല്ലാം ബില്ലിലുണ്ടോ എന്നത് തീർച്ചയായും ഉറപ്പാക്കുക. സ്വർണം നിർമിച്ച ദിവസത്തെ സ്വർണവില, പണിക്കൂലി എന്നിവയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില(Silver price)യിലും മാറ്റമുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 1 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്ന് 80 രൂപയാണ് വില. എന്നാൽ കഴിഞ്ഞ ദിവസം വെള്ളിയുടെ വില ഒരു രൂപ കൂടിയിരുന്നു.