കഴിഞ്ഞ ദിവസങ്ങളിലെ ആശ്വാസവിലയിൽ നിന്നും സ്വർണവില വീണ്ടും മുകളിലേക്ക് (Gold price hike). ഇന്ന് ഒരു പവൻ സ്വർണത്തിന് (Today's Gold Rate) 160 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 44,680 രൂപയാണ് വില വരുന്നത്.
അക്ഷയ തൃതീയയ്ക്കും തിങ്കളാഴ്ചയുമായി സ്വർണവില ഏകദേശം 320 രൂപ കുറഞ്ഞത്, സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസകരമായിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ വർധിച്ച് 5585 രൂപയിൽ എത്തി. അതുപോലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപ ഉയർന്ന് 4640 രൂപയാണ് ഇന്നത്തെ വിപണി വില.
കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ ഉണ്ടായ വർധനവ് അക്ഷയ തൃതീയ- ഈദ് ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ശനിയാഴ്ച സ്വർണവില താഴ്ന്നത്, കേരളത്തിൽ ജുവലറികളിൽ തിരക്കുണ്ടാക്കി. കണക്കുകൾ പ്രകാരം, കേരളത്തിലെ 12,000 സ്വർണ ജുവലറികളിൽ നിന്നും മറ്റുമായി ഏകദേശം 7 ലക്ഷത്തിലധികം ഉപഭോക്താക്കൾ സ്വർണം വാങ്ങി. ഇതിൽ തന്നെ ഡയമണ്ട്, നാണയങ്ങൾ, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ഭാരം കുറഞ്ഞ ആഭരണങ്ങൾക്കായിരുന്നു സ്വർണോത്സവത്തിൽ ഡിമാൻഡ് കൂടുതലുണ്ടായിരുന്നത്. സ്വർണവില മുൻവർഷങ്ങളേക്കാൾ കൂറ്റൻ നിരക്കിലാണെങ്കിലും ഈ വർഷം 20 ശതമാനത്തിലധികം വ്യാപാരം നടന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതുപോലെ, ഏപ്രിലിൽ സ്വർണവില സർവ്വകാല റെക്കോഡുകളും ഭേദിച്ച് ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഏപ്രിൽ 14ന് ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 440 രൂപ വർധിച്ചതോടെ, വിപണി വില 45320 രൂപയിൽ എത്തി. അതുപോലെ ഏപ്രിൽ 5നും സ്വർണവില 45,000 രൂപ തൊട്ടു. അന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നതോടെ, 45,000 രൂപയായിരുന്നു വിപണിയിലെ വില.
അതേ സമയം, ഇന്ത്യക്കാർക്ക് വെള്ളി അഭരണങ്ങളോട് (Silver ornaments) പ്രിയം കൂടുന്നുവെന്ന് സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് വെള്ളി ആഭരണ നിർമാണം ഇരട്ടിച്ചതായും, എന്നാൽ മറ്റ് രാജ്യങ്ങളിൽ വെള്ളിയുടെ ഡിമാൻഡ് കുറയുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്വർണം മാത്രമല്ല കുതിക്കുന്നത്, ഇന്ന് സംസ്ഥാനത്ത് വെള്ളിയുടെ വില(Today Silver Price)യും വർധിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി. ഇതോടെ വെള്ളിയുടെ വിപണിവില 81 രൂപയാണ്.