മലയാളിക്ക് സ്വർണവില ഒരു പ്രശ്നമേയല്ല. സുരക്ഷിതമായ Saving എന്ന രീതിയിൽ ദശകങ്ങളായി നമ്മൾ കേരളീയർ പൊന്ന് തന്നെയാണ് സ്വരുക്കൂട്ടി വയ്ക്കാറുള്ളത്. എന്നുവച്ച് വെറുതെ സ്വർണം വാങ്ങി പരീക്ഷിക്കുന്നവരുമല്ല നമ്മളാരും. പരിശുദ്ധമായ ഹാൾമാർക്ക് സ്വർണം വേണമെന്ന് മലയാളിക്ക് നിർബന്ധമുണ്ട്.
അതിന് കാരണം, സ്വർണം വിൽക്കുന്ന അവസരത്തിലെല്ലാം പരിശുദ്ധിയില്ലെങ്കിൽ അത് വിലയെ ബാധിക്കുന്നു. എന്നാൽ ഹാൾമാർക്കിൽ മാത്രം ശ്രദ്ധിച്ചാൽ പോര. ഇനി മുതൽ സ്വർണം വാങ്ങുമ്പോൾ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ള ചില നിർദേശങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
അതായത്, നിലവിലെ രീതിയിൽ ഇനി ഈ മാസം അവസാനം വരെ മാത്രമാണ് സ്വർണം വാങ്ങാവുന്നത്. ഏപ്രില്‍ മുതല്‍ HUID നമ്പര്‍ അഥവാ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പരുള്ള സ്വർണാഭരണങ്ങൾ മാത്രമാണ് വിൽക്കാൻ അനുവദനീയമായുള്ളത്. പുതിയ തീരുമാനം ഉപഭോക്തൃ താല്‍പ്പര്യം കണക്കിലെടുത്താണെന്നും ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നിധി ഖാരെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ സ്വർണം വാങ്ങുന്നവർ HUID നമ്പര്‍ എന്താണെന്ന് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഹാള്‍മാര്‍ക്ക് ചെയ്‌ത സ്വർണം അടയാളപ്പെടുത്തുന്നതിനാണ് ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കുന്നത്. ഓരോ സ്വർണാഭരത്തിലും പ്രത്യേക ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് നൽകുന്നത്. ഇത് സ്വർണം സുതാര്യമാക്കുന്നു, ഒപ്പം പരിശുദ്ധിയും ഉറപ്പുവരുത്തുന്നു.