ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളായ ജെമോപായിയും പുത്തനൊരു ഇവിയുമായി രംഗത്തെത്തിയിരിക്കുകയാണ്. റൈഡർ സൂപ്പർമാക്‌സ് (Ryder SuperMax) എന്നു പേരിട്ടിരിക്കുന്ന ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനെ 79,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.
ഇലക്ട്രിക് സ്കൂട്ടർ അതിന്റെ മുൻകാല റൈഡർ ഇ-സ്കൂട്ടറിന്റെ ഒരു നൂതന പതിപ്പാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നവീകരിച്ച റൈഡർ സൂപ്പർമാക്‌സ് (Ryder SuperMax) മാർച്ച് 10 (ഇന്ന്) മുതൽ ജെമോപായ് (Gemopai)യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഇന്ത്യയിലെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ 2,999 രൂപയ്ക്ക് ബുക്ക് ചെയ്യാനാവും. നൂതന സവിശേഷതകളോടൊപ്പം കൂടുതൽ പവറും കോർത്തിണക്കിയാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ജാസി നിയോൺ, ഇലക്ട്രിക് ബ്ലൂ, ബ്ലേസിംഗ് റെഡ്, സ്പാർക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്ലൂറസെന്റ് യെല്ലോ എന്നീ ആറ് കളർ ഓപ്ഷനുകളിൽ റൈഡർ സൂപ്പർമാക്‌സ് (Ryder SuperMax) സ്വന്തമാക്കാനാവും. 2.7 kW പവർ നൽകുന്ന BLDC ഹബ് മോട്ടോറാണ് പുത്തൻ ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. 1.8 kW AIS-156 കംപ്ലയിന്റ് ബാറ്ററിയും ചാർജറും ഉള്ള ഇവി ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് ജെമോപായ് (Gemopai) അവകാശപ്പെടുന്നത്.
മണിക്കൂറിൽ 60 കിലോമീറ്ററാണ് ഇതിന്റെ ഉയർന്ന വേഗത. നൂതന ഫീച്ചറുകളുടെ സാന്നിധ്യത്തിനൊപ്പം താങ്ങാവുന്ന വിലയിൽ മികച്ച റൈഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. സ്കൂട്ടർ ബാറ്ററി, ചാർജിംഗ് അലേർട്ടുകൾ, ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, സ്പീഡ് അലേർട്ടുകൾ, സർവീസ് റിമൈൻഡറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തത്സമയ നിരീക്ഷണവും അപ്‌ഡേറ്റുകളും അനുവദിക്കുന്ന ജെമോപായ് (Gemopai) കണക്റ്റ് ആപ്പിനൊപ്പമാണ് പുതിയ സൂപ്പർമാക്‌സ് വരുന്നത്.
മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ എൽഇഡി ഡിആർഎൽ ഹെഡ്‌ലാമ്പും ബൾബ് റിയർ ലാമ്പും വരെ ഇടംപിടിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും 90/100-10 വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളാണ് മോഡലിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. സസ്പെഷൻ സജ്ജീകരണത്തിനായി മുൻവശത്ത് ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ ഹൈഡ്രോളിക് സ്പ്രിംഗുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉപയോഗിക്കുന്നത്.
പുതിയ സൂപ്പർമാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഒരു ആന്റി-തെഫ്റ്റ് അലാറം സിസ്റ്റവും ജെമോപായ് അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഡിജിറ്റൽ സ്പീഡോമീറ്ററും ഇവിയുടെ ഭാഗമാണ്. സിറ്റി യാത്രകൾക്ക് അനുയോജ്യമായ വാഹനം ഉപയോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ അവതരിപ്പിച്ചിരിക്കുന്നതിനാൽ ഹിറ്റടിക്കാനാണ് സാധ്യത. സൂപ്പർമാക്‌സ് ഇ-സ്‌കൂട്ടറിന് 20 ഡിഗ്രി ചെരിവുകൾ വരെ അനായാസം കയറാൻ കഴിയും. ഇതിന് 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും കമ്പനി ഒരുക്കിയിട്ടുണ്ട് എന്നതിനാൽ കൂടുതൽ പ്രായോഗികമാണ്.
അതോടൊപ്പം കുറഞ്ഞ 80 കിലോഗ്രാം ഭാരവും പരമാവധി 150 കിലോഗ്രാം ലോഡ് കപ്പാസിറ്റിയും ജെമോപായ് (Gemopai) സൂപ്പർമാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിനുണ്ട്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 0-100 ശതമാനം ചാർജ് കൈവരിക്കാൻ മോഡലിന് ഏകദേശം 5-6 മണിക്കൂർ വരെ സമയം വേണ്ടിവരും. കൂടാതെ 3 വർഷത്തെ വാറണ്ടിയും കമ്പനിയും ഇവിക്കൊപ്പം നൽകുന്നുണ്ട് എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്.
ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ ഹീറോ ഇലക്ട്രിക് ഒപ്റ്റിമ CX, ബൌൺസ് ഇൻഫിനിറ്റി e1, ഒകിനാവ റിഡ്‌ജ് 100 പോലുള്ള മോഡലുകളുമായാവും പുത്തൻ ജെമോപായ് (Gemopai) സൂപ്പർമാക്‌സ് മത്സരിക്കുക. നിലവിൽ അനേകായിരം ഇവികൾ വിപണിയിലുണ്ടെങ്കിലും അതിനൊത്ത ഡിമാന്റ് നേടാൻ ഇത്തരം വാഹനങ്ങൾക്കാവുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. വാഹന വിപണിയുടെ ഭാവിയായി കണക്കാക്കുന്നതിനാൽ ഇനിയും ധാരാളം ഇ-സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തുകയും ചെയ്യും.