December 1 മുതൽ Aadhaar, Bank സർവ്വീസ് OTP വരുന്നത് വൈകുമെന്ന് വാർത്തകളുണ്ടായിരുന്നു. ഏതെങ്കിലും ഒടിപി റിക്വസ്റ്റ് നൽകിയാൽ അത് ഇപ്പോൾ കിട്ടുന്ന പോലെ പെട്ടെന്ന് ലഭിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. TRAI നടപ്പിലാക്കുന്ന OTP New Rules ആണ് ഇതിന് കാരണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. മുമ്പ് നവംബർ 1 മുതൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന നിയമം ട്രായ് തന്നെ ഡിസംബറിലേക്ക് നീട്ടിവച്ചുവെന്നും റിപ്പോർട്ട് വന്നു.
എന്നാൽ Telecom Authority അഥവാ ട്രായ് തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ ഒടിപിയിൽ കാലതാമസത്തിന് കാരണമാകുന്നോ? അറിയാം.
ഡിസംബർ 1 മുതൽ ഒടിപി സേവനങ്ങളിൽ തടസ്സം നേരിടുമെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇത് ഉപഭോക്താക്കളിൽ ആശങ്കയ്ക്ക് കാരണമായി. എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് ട്രായ് വ്യക്തമാക്കി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതപരമായി തെറ്റാണെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.
OTP ഡെലിവറിയിൽ കാലതാമസം വരുത്തില്ലെന്ന് ട്രായ് പങ്കിട്ട പോസ്റ്റിൽ പറഞ്ഞു. മെസേജിങ് സംവിധാനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ഒടിപി സർവ്വീസും മികച്ചതാക്കും. ഒടിപി പോലുള്ള അവശ്യ ഇടപാടുകൾക്കായി തടസ്സമില്ലാത്ത സേവനം ടെലികോം ഓപ്പറേറ്റർമാർ ഉറപ്പാക്കും. അതിനാൽ BSNL, Jio, Airtel, Vi വരിക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ല.
മെസേജ് ട്രെയ്‌സിബിലിറ്റി ഉറപ്പാക്കാൻ ട്രായ് ആക്‌സസ് പ്രൊവൈഡർമാരെ നിർബന്ധിച്ചിട്ടുണ്ട്. ഇത് കാരണം ഒരു മെസേജ് ഡെലിവറിയും വൈകിപ്പിക്കില്ലെന്നും ടെലികോം അധികൃതർ വ്യക്തമാക്കി.
ഇന്ന് സ്പാം മെസേജുകളിലൂടെയും മറ്റും പല തരത്തിലാണ് ഓൺലൈൻ തട്ടിപ്പ് അരങ്ങേറുന്നത്. ഉപയോക്താക്കൾക്ക് വരുന്ന മെസേജിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചില നടപടികൾ ട്രായ് ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിരുന്നു.
വരിക്കാർക്ക് വരുന്ന മെസേജുകൾ ഒറിജിനലാണോ, ബാങ്കിൽ നിന്നുള്ളതാണോ എന്ന് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്നായിരുന്നു ഉത്തരവ്. ഈ പുതിയ നിയന്ത്രണത്തിലൂടെ സ്പാമുകളും മറ്റും നിയന്ത്രിക്കാൻ ടെലികോം അധികൃതർ ലക്ഷ്യമിടുന്നു.
എന്നാൽ ഇങ്ങനെ മെസേജ് ഉറവിടം പരിശോധിക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് സമയം എടുക്കുമെന്നായിരുന്നു വാർത്തകൾ. ഒടിപി ലഭിക്കാനും കാലതാമസം നേരിടുമെന്ന് ചില വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇങ്ങനെ മെസേജുകളോ, ഒടിപിയോ ലഭിക്കുന്നത് വൈകില്ലെന്നാണ് ട്രായ് അറിയിക്കുന്നത്.