Free Laptop Scheme: നിർധനരായ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് ലഭിക്കുന്ന പദ്ധതി എന്ന പേരിൽ WhatsApp Scam അരങ്ങേറുന്നു. സൗജന്യ ലാപ്‌ടോപ്പ് സ്കീം 2024 എന്ന പേരിലാണ് തട്ടിപ്പ് പ്രചരിക്കുന്നത്. Free Laptop Scheme 2024 ഇപ്പോൾ ലഭ്യമാണെന്നും, അർഹരായവർ അപേക്ഷ നൽകുവെന്നും നിങ്ങൾക്കും മെസേജ് കിട്ടിയോ? എങ്കിൽ സൂക്ഷിക്കുക.
വാട്സ്ആപ്പിലേക്ക് വരുന്ന മെസേജും, അതിനുള്ളിലെ ലിങ്കും വഴിയാണ് തട്ടിപ്പ്. രാജ്യത്തുടനീളമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇങ്ങനെ മെസേജ് കിട്ടുന്നതായി പരാതി ലഭിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾക്ക് ഫ്രീ ലാപ്ടോപ്പ് കിട്ടുമെന്നാണ് മെസേജിൽ പറയുന്നത്. ലാപ്‌ടോപ്പ് വാങ്ങാൻ കഴിയാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം നേടാമെന്ന് അറിയിക്കുന്നു.
ഈ സേവനത്തിനായി മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒരു ഫോം പൂരിപ്പിക്കാനും നിർദേശിക്കുന്നു. ഇങ്ങനെ വാട്സ്ആപ്പിൽ വരുന്ന മെസേജുകൾ വ്യാജമാണെന്നും തട്ടിപ്പാണെന്നും അധികൃതർ തന്നെ അറിയിച്ചു. PIB ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വിശദമാക്കുന്നത്.
വിദ്യാർഥികളുടെ ലാപ്‌ടോപ്പിനുള്ള സ്‌കീം 2024 അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
സാമ്പത്തിക കാരണങ്ങളാൽ സ്വന്തമായി ഒരു ലാപ്‌ടോപ്പ് വാങ്ങാൻ കഴിയാത്തവർക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം.
2024-ൽ 960,000 വിദ്യാർഥികൾക്ക് അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി സൗജന്യ ലാപ്‌ടോപ്പ് നൽകുന്നു. നിങ്ങളും അർഹരാണെങ്കിൽ ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇതിനകം അപേക്ഷിച്ച വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. നിങ്ങളും ഈ പദ്ധതിയിലൂടെ ഫ്രീ ലാപ്ടോപ്പ് നേടാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെ പറയുന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. ഇതിനുള്ള ഫോൺ ഈ ലിങ്കിലുണ്ട്. https://lc.ke/Students-FREE-LAPTOP എന്ന ലിങ്കാണ് തട്ടിപ്പുകാർ മെസേജിൽ പങ്കിടുന്നത്.
Also Read: WhatsApp Scam: രണ്ടരമാസം വിദഗ്ധമായി പറ്റിച്ചു, മലയാളിയ്ക്ക് നഷ്ടമായത് 4 കോടിയോളം രൂപ
ഇത്തരത്തിൽ ലാപ്ടോപ്പ് സ്കീം രജിസ്ട്രേഷൻ എന്ന രീതിയിൽ മെസേജുകൾ വന്നാൽ അവയോട് പ്രതികരിക്കാതിരിക്കുക. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഫ്രീ ലാപ്ടോപ്പ് സേവനം നൽകുന്നില്ല. ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കും. അതുപോലെ ഇത് സാമ്പത്തിക തട്ടിപ്പിനുള്ള കെണിയുമാണ്.