2009ൽ ലോകസിനിമാപ്രേമികളുടെ മനം കവർന്ന അവതാർ എന്ന ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം പതിപ്പായ അവതാർ 2 കഴിഞ്ഞ വർഷാവസാനമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ലോകത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന ടൈറ്റിൽ കൂടി ലഭിച്ച Avatar 2 പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. 3D ആയി പുറത്തിറങ്ങിയ സിനിമ തിയേറ്ററിൽ ആസ്വദിക്കാൻ കഴിയാതെ പോയവർക്ക് ഇതാ OTTയിൽ കാണാം.
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദി വേ ഓഫ് വാട്ടർ എന്ന Hollywood movie ആമസോൺ പ്രൈം, വുഡു, ആപ്പിൾ ടിവി തുടങ്ങി നിരവധി OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്‌തിരിക്കുകയാണ്. സിനിമ ഡിജിറ്റൽ റിലീസിന് എത്തിയിട്ടുണ്ടെങ്കിലും ആർക്കും സൗജന്യമായി കാണാനാകില്ല. അതായത്, സബ്സ്ക്രിപ്ഷൻ ഉള്ളവർക്കും അവതാർ 2 കാണാൻ സാധിക്കില്ല. പകരം, പ്രത്യേക തുക നൽകി മാസ്മരിക ചിത്രം കണ്ട് ആസ്വദിക്കാം.
അവതാർ: ദി വേ ഓഫ് വാട്ടർ ഇപ്പോൾ പ്രൈം വീഡിയോയിൽ വാങ്ങാം എന്ന് Amazon Prime Video മാർച്ച് 28ന് ചിത്രം ഡിജിറ്റലായി റിലീസ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.
ആമസോൺ പ്രൈമിലും ഗൂഗിൾ പ്ലേയിലും 19.99 ഡോളറിന് വാങ്ങാനാകും. ഇന്ത്യക്കാർക്ക് അഥവാ ഇന്ത്യയിലുള്ളവർക്ക് 690 രൂപ ചിലവാക്കി Google Play മൂവീസ് & ടിവിയിൽ നിന്ന് ചിത്രം വാങ്ങിക്കാം. ആപ്പിൾ ടിവിയിൽ 590 രൂപയിലും, യൂട്യൂബിൽ 690 രൂപയ്ക്കും ചിത്രം പർച്ചേസ് ചെയ്ത് കാണാം.
എന്നാൽ, ഇനിയും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ചിത്രം കുറച്ച് നാളുകൾക്ക് ശേഷം കാണാനാകുമെന്നാണ് പ്രതീക്ഷ. അവതാർ Disney+ Hotstarൽ റിലീസ് ചെയ്ത പോലെ രണ്ടാം ഭാഗവും ഇതിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന. എന്നിരുന്നാലും, ഇതുവരെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.