രാജ്യത്തെ സ്മാർട്ഫോണുകളിൽ വീണ്ടും അടിയന്തര സന്ദേശമയച്ച് കേന്ദ്ര സർക്കാരിന്റെ പരീക്ഷണം. പ്രകൃതിദുരന്ത സമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ഫ്ലാഷ് മെസേജ് അയച്ചത്. എമർജൻസി അലർട്ട്: ഗുരുതര ഫ്ലാഷ് എന്നെഴുതിയ മെസേജാണ് ഇന്ന് ഫോൺ ഉപയോക്താളിലേക്ക് എത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12.19 മണിയോടെ ഒരു ബീപ് ശബ്ദത്തോടെ പോപ്- അപ് മെസേജായാണ് ഫോണിലേക്ക് emergency alert എത്തിയത്. അലർട്ട് ശബ്ദം വന്നതിന് പിന്നാലെ ആദ്യം എല്ലാവരുമൊന്ന് അന്ധാളിച്ചെങ്കിലും, ഇത് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള സേവന പരീക്ഷണമാണെന്ന് മനസ്സിലായി. ഇന്ത്യയൊട്ടാകെ കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലുള്ള സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാമ്പിൾ ടെസ്റ്റിങ് മെസേജ് എത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ഫോണുകളിലും ലഭ്യമായിട്ടില്ല.
പ്രളയം, ഭൂകമ്പം, സുനാമി പോലുള്ള പ്രകൃതിക്ഷോഭ ഘട്ടങ്ങളിൽ ദുരന്തങ്ങളെ നേരിടാൻ സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണിത്. സമാന രീതിയിൽ അലർട്ട് സംവിധാനത്തിന്റെ പരീക്ഷണം കഴിഞ്ഞ മാസം 17നും, ജൂലൈ 20നും കേന്ദ്ര സർക്കാർ നടത്തിയിരുന്നു. പൊതുജന സുരക്ഷ വർധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനുമാണ് ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് ഇന്ത്യാ ഗവൺമെന്റ് പ്രയത്നിക്കുന്നത്.
ടെക്നോളജി ഉപയോഗിച്ചുള്ള അലർട്ട് സംവിധാനങ്ങൾ ഇതിനകം മറ്റ് പല രാജ്യങ്ങളിലും നടപ്പിലാക്കി കഴിഞ്ഞു. ജപ്പാനിലെ J-ALERT, അമേരിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് രാജ്യങ്ങളിലെ വയർലെസ് അലർട്ട് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.