2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ UPI പേയ്മെന്റ് ഉപയോക്താക്കൾ മുഴുവൻ ആശങ്കയിലാണ്. എന്നാൽ പ്രചരിക്കുന്ന വാർത്തയിലെ ചില അവ്യക്തതയാണ് ആളുകളും ആശങ്കയിലാകാൻ കാരണമായത്. UPI സേവനങ്ങൾ ഇനി ഫ്രീയായിരിക്കില്ലെന്നും, 2000 രൂപയിൽ കൂടുതൽ തുകയിൽ ഓൺലൈൻ ഇടപാടുകൾ നടത്തുകയാണെങ്കിൽ 1.1 ശതമാനം ഫീസ് ഈടാക്കുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ, ഒരു UPI ഉപയോക്താവ് ഡിജിറ്റൽ വാലറ്റ് വഴി ഒരു വ്യാപാരിക്ക് 2000 രൂപയോ അതിൽ കൂടുതലോ നൽകുകയാണെങ്കിൽ, വ്യാപാരിയിൽ നിന്ന് അതിന് ഒരു നിശ്ചിത ഫീസ് ഈടാക്കുമെന്നതാണ് പുതിയ വാർത്ത. ഈ പുതിയ നിയമം എന്താണ് പറയുന്നതെന്ന് വിശദമായി അറിയാം…
പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റുകൾ അഥവാ PPIകൾ വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് എൻപിസിഐ ഇന്റർചേഞ്ച് ഫീസ് ശുപാർശ ചെയ്തിരിക്കുന്നു. ഇടപാടിന്റെ മൂല്യം 2000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ PayTM, PhonePe പോലുള്ള ഡിജിറ്റൽ വാലറ്റുകളായ PPI-കൾ വഴി മാത്രം നടത്തുന്ന UPI പേയ്‌മെന്റുകൾക്ക് 1.1 ശതമാനം ഫീസ് ഈടാക്കും.
കുറച്ചുകൂടി വിശദമാക്കുകയാണെങ്കിൽ, 2023 ഏപ്രിൽ 1ന് ശേഷം ഒരു UPI user ഡിജിറ്റൽ വാലറ്റ് വഴി വ്യാപാരിക്ക് 2000 രൂപയോ അതിൽ കൂടുതലോ നൽകുകയാണെങ്കിൽ, വ്യാപാരിയിൽ നിന്ന് അതിന് ഒരു നിശ്ചിത ഫീസ് ഈടാക്കും. NPCI ഇതിനെ ഇന്റർചേഞ്ച് ഫീസ് എന്ന് പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലൂടെയോ യുപിഐ ഇടപാടുകളിലൂടെയോ നടത്തുന്ന പേയ്‌മെന്റുകൾ എത്ര തുകയ്ക്കുള്ളതാണെങ്കിലും, ഇതിന് നിരക്ക് ഈടാക്കില്ല. അതായത്, സാധാരണ ഉപയോക്താക്കളെ ഈ പുതിയ നീക്കം ബാധിക്കില്ല.