അധികം സന്തോഷകരമല്ലാത്ത വാർത്തയാണ് Google Pay-യിൽ നിന്ന് വരുന്നത്. സാധനങ്ങൾ വാങ്ങുന്നതിനായാലും മറ്റ് ഷോപ്പിങ്ങിനും പണം കൈമാറുന്നതിനും ഇതിനെല്ലാമുപരി Mobile recharging-നും മിക്കവരും ഗൂഗിൾപേ തന്നെയായിരിക്കും ആശ്രയിക്കുന്നത്. എന്നാൽ ഇനിമുതൽ GPay മൊബൈൽ റീചാർജിങ്ങ് പൈസ ഈടാക്കാനൊരുങ്ങുകയാണ്.
സാധാരണ ഏത് ടെലികോം കമ്പനികളിലേക്ക് റീചാർജ് ചെയ്യുകയാണെങ്കിലും അതിന് അധിക പൈസ ഈടാക്കില്ലായിരുന്നു. റീചാർജിങ്ങിന്റെ പണം മാത്രം ഉപയോക്താക്കൾ അടച്ചാൽ മതിയാരുന്നു. എന്നാൽ സർവ്വീസ് ചാർജ് കൂടി ഈടാക്കാനാണ് ഗൂഗിൾ പേയുടെ പുതിയ തീരുമാനം.
യുപിഐ സേവനം ഉപയോഗിച്ച് മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യുന്നവർക്ക് ഇതെന്തായാലും അത്ര സന്തോഷകരമായ വാർത്തയല്ല. ഇപ്പോൾ ഗൂഗിൾ പേ മൂന്ന് രൂപയുടെ ചാർജാണ് ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്. പേയ്മെന്റ് ആപ്ലിക്കേഷൻ വഴി പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന വരിക്കാർക്കാണ് ഈ ഫീസ് ബാധകമായിട്ടുള്ളത്.
നിലവിൽ മറ്റൊരു പ്രമുഖ പേയ്മെന്റ് ആപ്പായ ഫോൺപേ ഇങ്ങനെ മൊബൈൽ റീചാർജിങ്ങിന് പണം ഈടാക്കുന്നുണ്ട്. ഇനി ഗൂഗിൾ പേയും 3 രൂപ വീതം പ്രീ-പെയ്ഡ് പ്ലാനിന് ഈടാക്കുന്ന പുതിയ നയമാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ, ഇങ്ങനെ ആപ്ലിക്കേഷനിലേക്ക് കൺവീനിയൻസ് ഫീസ് ചേർക്കുന്നുവെന്ന പുതിയ നയത്തെ കുറിച്ച് ജിപേ ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നാലോ, റീചാർജിങ്ങിൽ കൺവീനിയൻസ് ഫീസ് വന്നിട്ടുള്ളതായി ഒരു ജിപേ ഉപയോക്താവ് സമൂഹമാധ്യമങ്ങളിൽ സ്ക്രീൻഷോട്ട് പങ്കുവച്ചതോടെയാണ് ഈ പുതിയ അപ്ഡേറ്റ് ചർച്ചയായതെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ വിശദമാക്കുന്നു.
ഇതിന് പിന്നാലെ ചില ടെക് വിദഗ്ധരും രംഗത്ത് എത്തി.
Read More: എല്ലാ YouTube വീഡിയോകളും എത്ര സമയമെടുത്താൽ കണ്ടുതീർക്കാം?
മുകുൾ ശർമ്മ എന്ന ടെക് അനലിസ്റ്റ് ഇതിനെ കുറിച്ച് ചില വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് അനുസരിച്ച് 100 രൂപയിൽ താഴെയുള്ള റീചാർജ് പ്ലാനുകൾക്ക് ഇങ്ങനെ കൺവീനിയൻസ് ഫീസ് ഈടാക്കില്ല. എന്നാലോ, 100 രൂപ മുതൽ 200 രൂപ വരെയുള്ള റീചാർജ് ഇടപാടുകൾക്ക് 2 രൂപയും, 200 രൂപ മുതൽ 300 രൂപ വരെയുള്ള ഇടപാടുകൾക്ക് 3 രൂപയും ഈടാക്കിയേക്കും.
300 രൂപയുടെ മുകളിലുള്ള റീചാർജ് പ്ലാനുകൾക്കും 3 രൂപയായിരിക്കും ചാർജെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ വാർത്ത കേട്ട് പലരും റീചാർജ് പേയ്മെന്റ് ശ്രമിച്ചപ്പോൾ ഇങ്ങനെ അധിക ചാർജ് ഈടാക്കിയിട്ടില്ലെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ വിവരിക്കുന്നു.