എല്ലാ കാര്യങ്ങളും ഓൺലൈൻ ആയി ചെയ്യാൻ താൽപ്പര്യമുള്ളവരാണ് മിക്കവരും. വിശക്കുമ്പോൾ ഫുഡ് ഓർഡർ ചെയ്യുന്നതിലോ, ഒരു യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഓട്ടോറിക്ഷ ബുക്ക് ചെയ്യുന്നതിലോ, റൂട്ട് മനസിലാക്കാൻ ഗൂഗിൾ മാപ് നോക്കുന്നതോ തുടങ്ങി എന്ത് കാര്യത്തിനും ഇന്ന് ഓൺലൈൻ സേവനങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ ഇവ ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ വലിയ പണിയാകും. ഇതിന് ഉദാഹരണമാണ് അടുത്തിടെ ഡൽഹിയിൽ ഒരു ഡോക്ടർ നേരിട്ട online scam.
ക്യാബ് ബുക്ക് ചെയ്ത് യാത്ര പൂർത്തിയാക്കിയ ശേഷം അധിക പൈസ ഡ്രൈവർക്ക് കൈമാറിയെന്ന് തിരിച്ചറിഞ്ഞതോടെ refund-ന് ആവശ്യപ്പെട്ട കസ്റ്റമറിനാണ് ഈ അമളി പറ്റിയത്. 100 രൂപയുടെ റീഫണ്ടിനായി കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട ഡോക്ടറിന് 5 ലക്ഷത്തിന് അടുത്ത് പണം നഷ്ടമായി. ഡൽഹിയിലെ ഡോക്ടറിന് സംഭവിച്ച പണം തട്ടിപ്പ് എന്താണെന്ന് വിശദമായി അറിയാം.
ഓൺലൈൻ സേവനങ്ങൾ പ്രയോജനകരമാണെങ്കിലും, അതിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾ നമുക്ക് ശരിക്കും മനസ്സിലാകില്ല. ഇങ്ങനെയാണ് ഡോക്ടറിനും തന്റെ 4.9 ലക്ഷം രൂപ നഷ്ടമായത്. സഫ്ദർജംഗ് എൻക്ലേവിലെ അർജുൻ നഗറിൽ താമസിക്കുന്ന പ്രദീപ് ചൗധരിയാണ് തട്ടിപ്പിന് ഇരയായത്. ക്യാബിൽ യാത്ര പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഡ്രൈവർക്ക് 318 രൂപ പേയ്മെന്റ് ചെയ്തു. ക്യാബ് ബുക്ക് ചെയ്യുന്ന സമയത്ത് 205 രൂപയായിരുന്നു ആപ്പിൽ കാണിച്ചത്. യാത്ര പൂർത്തിയായപ്പോൾ 318 രൂപയായി.
എന്നാൽ പൈസ അധികമായി ഈടാക്കിയതിൽ ആശയക്കുഴപ്പത്തിലായ ഡോ. ചൗധരി ക്യാബ് ഡ്രൈവറോട് ഇക്കാര്യം ചോദിക്കുകയും, റീഫണ്ടിന് കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ഡ്രൈവർ അദ്ദേഹത്തോട് നിർദേശിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് അധികമായി ഈടാക്കിയ 113 രൂപയെ കുറിച്ച് അന്വേഷിക്കാൻ ഡോക്ടർ ഓൺലൈനിൽ കസ്റ്റമർ കെയർ നമ്പർ അന്വേഷിച്ചത്.
ക്യാബ് കമ്പനിയുടേതെന്ന് വിശ്വസിക്കുന്ന നമ്പർ ഗൂഗിളിൽ കണ്ടെത്തി, ഡോ. ചൗധരി അതിലേക്ക് വിളിച്ചു. ഇതിൽ കസ്റ്റമർ കെയർ റെപ്രസന്റേറ്റീവായി ഒരാൾ ഡോക്ടറോട് സംസാരിക്കുകയും, ഒരു റിമോട്ട് സെൻസിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇയാൾ ചൗധരിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് റീഫണ്ട് തുക ഇൻപുട്ട് ചെയ്ത ശേഷം, ഫോൺ നമ്പറിന്റെ ആദ്യ 6 അക്കങ്ങൾ ടൈപ്പ് ചെയ്യാനും ആവശ്യപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Read More: Poco X6 Neo എന്ന പുത്തൻ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി പോക്കോ
ഇത് ഡോക്ടറിന്റെ ഇ-വാലറ്റിലേക്ക് ആക്സസ് നേടുന്നതിനുള്ള ട്രിക്ക് ആയിരുന്നു. ഫോണിലേക്ക് വന്ന ഒടിപി നൽകാനും അവർ ആവശ്യപ്പെട്ടു. ഇങ്ങനെ ഡോക്ടറുടെ അക്കൌണ്ടിൽ നിന്ന് 4.9 ലക്ഷം രൂപ നഷ്ടമായി.
തനിക്ക് പറ്റിയ അമളി മനസിലാക്കി ഡോക്ടർ പൊലീസിൽ പരാതി നൽകി. ഐപിസി സെക്ഷൻ 420, ഐടി നിയമത്തിലെ 66 ഡി എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇങ്ങനെ വ്യാജ കസ്റ്റമർ കെയർ നമ്പറിലേക്ക് ബന്ധപ്പെട്ട് പണം നഷ്ടപ്പെടുന്ന കേസുകൾ ഇന്ന് വളരെയധികം വ്യാപിക്കുന്നുണ്ട്.