ഇന്ത്യയിലെ ഡൊമസ്റ്റിക് പാസഞ്ചേഴ്സിന് സന്തോഷ വാർത്തയായി ഒരു പുതിയ സേവനമെത്തി. ഡിജിയാത്ര (DigiYatra) എന്ന ആപ്പിന്റെ സഹായത്തോടെ ഫേസ് റെകഗ്നിഷൻ (Face Recognition) സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് യാത്രാ നടപടികൾ വേഗത്തിലാക്കാനുള്ള സൗകര്യമാണ് ഡിസംബർ 1 വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യത്തിന് സമർപ്പിച്ചത്.
തുടക്കത്തിൽ രാജ്യത്തെ ഏഴ് എയർപോർട്ടുകളിലാണ് ഈ സേവനം ലഭ്യമാകുക. ഡൊമസ്റ്റിക് എയർപോർട്ടിൽ ഇനി എത്തുന്ന യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് യാത്രാ അനുമതിക്ക് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടതായി വരില്ല. ഡിജിയാത്ര എന്ന ആപ്പിലൂടെ രജിസ്ട്രേഷൻ ചെയ്ത യാത്രക്കാർക്ക് ആ രേഖകൾ ഉപയോഗിച്ച് ഫിസിക്കൽ തിരിച്ചറിയൽ രേഖകളുടെ ആവശ്യമില്ലാതെ ഫെയ്സ് റെക്കഗ്നിഷൻ സേവനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാൻ ഉള്ള സൗകര്യമാണ് ഒരുക്കുന്നത്.
ഈ സംവിധാനം ഉപയോഗിച്ച് യാത്രക്കാരുടെ തിരിച്ചറിയൽ നടത്തുന്നതിനോടൊപ്പം അവരുടെ യാത്രാ സംബന്ധമായ വിവരങ്ങളും എയർപോർട്ട് അധികൃതർക്ക് പരിശോധനകൾക്കായി ഡിജിറ്റലായി ലഭ്യമാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടാണ് ഈ സേവനം ലഭ്യമാക്കുന്നത്.
യാത്രക്കാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള വിവരശേഖരണം ആയിരിക്കും നടത്തുക എന്നുള്ളത് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഡൽഹി, ബംഗളൂരു,വാരണാസി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമായി തുടങ്ങിയിരിക്കുന്നത്. 2023 മാർച്ച് മുതൽ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ എയർപോർട്ടുകളിലും ഈ സേവനം ലഭ്യമാകും.
ഈ സേവനം ഉപയോഗിക്കുന്നതിനായി യാത്രക്കാർ ഡിജി യാത്ര ആപ്പ് ഉപയോഗിച്ച് വൺ ടൈം രജിസ്ട്രേഷൻ നടത്തേണ്ടതായിട്ടുണ്ട്. ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗപ്പെടുത്താൻ അവരവരുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്താണ്. പിന്നീട് എയർ /പോർട്ടിൽ ഇവ ഫേസ് റെക്കഗ്നിഷൻ സേവനം വഴിയുള്ള തിരിച്ചറിയലിന് വേണ്ടി ഉപയോഗിക്കും. ഇതിലൂടെ യാത്രക്കാർക്ക് നിലവിൽ എയർപോർട്ടിൽ ചെലവഴിക്കേണ്ടി വരുന്ന സമയത്തിന്റെ 40% വരെ സമയം ലാഭിക്കാനാകും.