864 കോടി രൂപ ചെലവിൽ രണ്ടര വർഷം കൊണ്ട് നിർമിച്ച, 64,500 ചതുരശ്രമീറ്റർ ചുറ്റളവുള്ള ഇന്ത്യയുടെ പുത്തൻ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ ഡിജിറ്റൽ മുന്നേറ്റത്തിലേക്കു കുതിക്കാൻ ആഗ്രഹിക്കുന്ന 'ഡിജിറ്റൽ ഇന്ത്യ'യുടെ പാർലമെന്റ് എന്ന നിലയ്ക്ക് സാങ്കേതിമായി ഏറെ മാറ്റങ്ങൾ പുത്തൻ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടാകും. പാർലമെന്ററി നടപടികൾ കാര്യക്ഷമമാക്കുന്നതിനും എല്ലാ അംഗങ്ങൾക്കിടയിലും തടസ്സമില്ലാത്ത ആശയവിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും എഐ അടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും.
പുതിയ പാർലമെന്റ് മന്ദിരത്തോടൊപ്പം പാർലമെന്റ് പ്രവർത്തനങ്ങളും ഏറ്റവും നവീനമായ ഡിജിറ്റൽ പാതയിലേക്ക് മാറുകയാണ്. പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണാൻ സഹായിക്കുന്ന ആപ്പ് എന്ന നിലയിലാണ് ഡിജിറ്റൽ സൻസദ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പുതിയ പാർലമെന്റിലേക്ക് എത്തുമ്പോൾ, എഐ അടക്കം പുത്തൻ സാങ്കേതികവിദ്യകളുടെ കരുത്തിൽ അടിമുടി മാറ്റവുമായാണ് ഡിജിറ്റൽ സൻസദ് ആപ്പിന്റെ വരവ്. പാർലമെന്റ് അംഗങ്ങൾ (എംപിമാർ), പൗരന്മാർ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവരെ പാർലമെന്റ് നടപടികളുമായി കൂടുതൽ മികവോടെ ബന്ധിപ്പിക്കാൻ പുതിയ ഡിജിറ്റൽ സൻസദ് ആപ്പ് സഹായിക്കും.
എംപിമാർ, മന്ത്രാലയങ്ങൾ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ, പൗരന്മാർ എന്നിവർക്ക് അവരുടെ വ്യക്തിത്വങ്ങളെ അടിസ്ഥാനമാക്കി സമഗ്രവും അനുയോജ്യമായതുമായ പ്രത്യേക അവകാശങ്ങൾ നവീകരിച്ച ഡിജിറ്റൽ സൻസദ് പോർട്ടൽ വാഗ്ദാനം ചെയ്യുന്നു. പാർലമെന്റ് നടപടികളെയും പൗരന്മാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവർത്തിക്കാൻ പുതിയ ആപ്പിന് സാധിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പാർലമെന്റ് നടപടികൾ തത്സമയം ട്രാൻസ്‌ക്രൈബ് ചെയ്യാൻ ഉളള കഴിവാണ് പുതിയ ഡിജിറ്റൽ സൻസദ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പാർലമെന്റ് നടപടികൾ തത്സമയം കാണാനുള്ള സൗകര്യം മാത്രമാണ് മുൻപ് ഉണ്ടായിരുന്നത്. പുതിയ തകർപ്പൻ സാങ്കേതികവിദ്യ പാർലമെന്റിൽ നടക്കുന്ന സംഭാഷണങ്ങൾ തിരിച്ചറിയാനും പറയുന്ന ഓരോ വാക്കും കൃത്യമായി പകർത്താനും കഴിവുള്ളതാണ്. അതിനാൽത്തന്നെ മാനുവൽ നോട്ട്-എടുക്കലിന്റെ ആവശ്യകത ഇല്ലാതാക്കുന്നു, പിശകുകളുടെയോ ഒഴിവാക്കലുകളുടെയോ സാധ്യത കുറയ്ക്കുന്നു.
എംപിമാരെയും അവർ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളെയും തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ ആവശ്യമായ ഓപ്ഷനുകൾ പുതിയ ഡിജിറ്റൽ സൻസദ് ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളുടെ എംപി പാർലമെന്റിൽ എന്താണ് പറഞ്ഞത് എന്നതിന്റെ രേഖകൾ ഏതൊരു സാധാരണക്കാരനും ഇനി വേഗത്തിൽ അറിയാം. എംപിയുടെ പ്രകടനം മാത്രമല്ല, പാർലമെന്റിന്റെ എല്ലാ നടപടിക്രമങ്ങളും എളുപ്പത്തിൽ അറിയാനും നവീകരിച്ച ആപ്പ് സഹായിക്കും.
ഹൗസ് ബിസിനസ്സ്, ഡിബേറ്റുകൾ, ചോദ്യോത്തരങ്ങൾ, അംഗങ്ങളുടെ പങ്കാളിത്തം, മീഡിയ ഗാലറികൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവ ഉൾക്കൊള്ളുന്ന പാർലമെന്റ് നടപടികളുടെ ഡിജിറ്റൽ രൂപം പൗരന്മാർക്കും പാർലമെന്റ് അംഗങ്ങൾക്കും ഒരുപോലെ ലഭ്യമാകും. കൂടാതെ, ആപ്പിലെ മണ്ഡലം കണക്ട് ഫീച്ചർ പൗരന്മാരും പ്രതിനിധികളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തും. ആപ്പിലെ എംപി ടൂർ ഫീച്ചറും എംപിമാരെ അവരുടെ നിയോജക മണ്ഡലത്തിലെ പൗരന്മാരുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടാൻ പ്രാപ്തരാക്കുന്നു.
പൗരന്മാർക്ക് അവരുടെ ആവശ്യം ഇതുവഴി എംപിയെ അറിയിക്കാം. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും തങ്ങൾ പ്രതിനീധീകരിക്കുന്ന ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് മനസിലാക്കാനും എംപിമാരെ ഈ ആപ്പ് സഹായിക്കും. ഇത്തരം സൗകര്യങ്ങൾ ജനാധിപത്യത്തിൽ പൗരന്റെ പങ്കാളിത്തം ഉറപ്പാക്കുന്നു. രാഷ്ട്രീയത്തിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രതികരണശേഷിയും വർദ്ധിപ്പിക്കാനും പൗരന്മാരെ ശാക്തീകരിച്ച് ശക്തമായ ജനാധിപത്യം വളർത്താനും ആപ്പ് സഹായിക്കും.