നിങ്ങളുടെ എല്ലാ നിർണായക രേഖകളും ഡിജിറ്റൽ പ്രിന്റായി സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ആപ്പാണ് ഡിജിലോക്കർ (DigiLocker). ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റുകളായി ഇവ സൂക്ഷിച്ച് വയ്ക്കാനാകും. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഒരു സംരംഭമാണ് ഇത്. ഡിജിലോക്കറി (DigiLocker)ൽ സംഭരിച്ചിരിക്കുന്ന എല്ലാ ഡോക്യുമെന്റുകളും ഒറിജിനൽ ഡോക്യുമെന്റുകളായി കണക്കാക്കും. കൂടാതെ ഏത് സമയത്തും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇവ ഡിസൈൻ ചെയ്തിരിയ്ക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സർക്കാർ സംവിധാനം ആണ് ഡിജിലോക്കര്‍ (DigiLocker) എന്നതിനാൽ രേഖകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഏതവസരത്തിലും പ്രയോജനപ്പെടും. രേഖകളുടെ പകര്‍പ്പുകള്‍ എളുപ്പത്തിൽ എവിടെയും ലഭ്യമാക്കുന്നതിനും ഉപകരിക്കും.
ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്. സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍, കോവിഡ്-19 വാക്‌സിനേന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം. മാത്രമല്ല നിരവധി പുതിയ രേഖകള്‍ ദിവസം തോറും പുതുതായി ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.
നിലവിൽ, ഡിജിലോക്കർ സേവനം ഉപയോക്താക്കള്‍ പാൻ, അക്കാദമിക് സർട്ടിഫിക്കറ്റുകൾ, ഡിഗ്രികൾ, ഡ്രൈവിങ് ലൈസൻസുകൾ ആധാർ പോലുള്ള രേഖകൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. ഫിസിക്കൽ ഡോക്യുമെന്റുകളുടെ ഉപയോഗം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, കൂടാതെ സേവനങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും പ്രശ്‌നരഹിതവും സൗഹൃദപരവുമാക്കുകയും ചെയ്യാനുമാണ് പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ ഉദ്ദേശിക്കുന്നത്.