തെന്നിന്ത്യൻ താരം ധനുഷിന്റെ തിയേറ്ററിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വാത്തി (Vaathi). തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ദ്വിഭാഷാ ചിത്രം ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്തു. ഫെബ്രുവരി 17നായിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആഗോളതലത്തിൽ റിലീസിന് ആദ്യ ആഴ്ചയിൽ തന്നെ വാത്തി 60 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി.
ധനുഷിനൊപ്പം മലയാളി താരം സംയുക്ത, പി. സായ് കുമാർ, സമുദ്രക്കനി, ഹൈപ്പർ ആദി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വെങ്കി അറ്റ്‌ലൂരിയാണ് വാത്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തൊണ്ണൂറുകളിൽ നടക്കുന്ന കഥയിൽ ആക്ഷനും ഡാൻസും ഇമോഷണൽ രംഗങ്ങളും നർമവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Vaathiയിലെ ബാല എന്ന അധ്യാപകനായുള്ള ധനുഷിന്റെ പ്രകടനം അഭിനന്ദനാർഹമായിരുന്നു. കൂടാതെ, ജെ. യുവരാജിന്റെ ഫ്രെയിമുകളും നവീൻ നൂളിയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റുകൂട്ടി. കാലഘട്ടം പിന്നോട്ടതാണെങ്കിലും, ആരാധകരെയും സാധാരണ പ്രേക്ഷകരേയും പിടിച്ചിരുത്തുന്ന തരത്തിലാണ് വാത്തി രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ OTTയിൽ ചിത്രം വൻ പ്രശംസ നേടുമെന്നതിൽ സംശയമില്ല.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വാത്തിയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം OTT ഭീമനായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നു എന്നതാണ്. 10 കോടി രൂപയ്ക്കാണ് Netflix സിനിമയെ സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ധനുഷ് ചിത്രത്തിന്റെ OTT സ്ട്രീമിങ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് സൂചന. എന്നിരുന്നാലും, ഇത് സംബന്ധിച്ച് നിർമാതാക്കളോ അണിയറപ്രവർത്തകരോ യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല.