സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും; Googleനോട് ഹൈക്കോടതി ഉത്തരവ്

Updated on 09-May-2023
HIGHLIGHTS

സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്നുള്ള വീഡിയോകളാണ് യൂട്യൂബിൽ ഉള്ളത്

ഈ വിഡിയോകളെല്ലാം യൂട്യൂബിൽ നിന്ന് ഒഴിവാക്കാനാണ് ഗൂഗിളിനോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടത്

ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ മലിനീകരണത്തിന്റെയോ സാന്നിദ്ധ്യം സുഗന്ധവ്യഞ്ജനങ്ങളിലില്ല

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകളാണ് യൂട്യൂബിൽ ഉള്ളത്. ഈ വിഡിയോകളെല്ലാം യൂട്യൂബിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിളിനോട് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. 'ക്യാച്ച് ഫുഡ്സ്’ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള അപകീർത്തികരമായ വിഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കാനാണ് നിർദ്ദേശം നല്കിയിരിക്കുന്നത്‌. NDTVയാണ് ഈ ന്യൂസ് റിപ്പോർട്ട് ചെയ്തത്. 

3 വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കി ഗൂഗിൾ

ക്യാച്ച് ഫുഡ്സ് അടക്കമുള്ള കമ്പനികൾ നൽകിയ ഹർജിയിലാണ് തീരുമാനം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ക്യാച്ച് ഫുഡ്സ്. ഇക്കൂട്ടരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിഡിയോകൾ സൃഷ്ടിച്ച് അപ്‌ലോഡ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. യൂട്യൂബിലെ കമന്റുകൾ നോക്കിയാൽ പൊതുജനങ്ങളെ സ്വാധിനിക്കാൻ കഴിവുള്ളവയാണതെന്ന് ബോധ്യമാകും. വീഡിയോകൾ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രതികൾ ഹിയറിംഗിന് കോടതിയിൽ ഹാജരായില്ല. ഗൂഗിളിന്റെ മുൻ നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും മൂന്ന് വീഡിയോകൾ ഇനി കാണാനാകില്ലെന്നും ഗൂഗിളിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു

ഗുണനിലവാരവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതുമാണ് ഉൽപ്പന്നങ്ങൾ

തങ്ങളുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയായ 'ക്യാച്ച്' പ്രകാരം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കെതിരെ ഉയരുന്ന അപകീർത്തിപ്പെടുത്തലുകൾ തടയാനുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തങ്ങൾക്ക് ധാരാളം ഉപഭോക്താക്കളുണ്ടെന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് അതിന് സുഗന്ധമുണ്ടെന്നും ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നതായും ഉൽപ്പന്നങ്ങളുടെ പതിവ് ഗുണനിലവാര പരിശോധനകൾ നടത്തുന്നതായും കമ്പനി പറഞ്ഞു.

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ  ഗോമൂത്രവും ചാണകവും ഉണ്ടെന്ന് അവകാശപ്പെടുന്ന യൂട്യൂബ് വീഡിയോകളെക്കുറിച്ചുള്ള വാർത്തകളെ തുടർന്നാണ് കമ്പനികൾ കോടതിയെ സമീപിച്ചത്. തങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ ശബ്ദരേഖ ഉൾപ്പെടുത്തിയാണ് വീഡിയോകൾ കാണിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ ഒരു ലിസ്റ്റ് ഹർജിക്കാരൻ തയ്യാറാക്കിയിട്ടുണ്ട്. ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ മറ്റേതെങ്കിലും മലിനീകരണത്തിന്റെയോ സാന്നിദ്ധ്യം അക്കൂട്ടത്തിൽ ഇല്ല. വസ്തുതയ്ക്കു നിരക്കാത്ത കാര്യങ്ങളാണ് പ്രതികൾ ആരോപിച്ചതാണെന്ന് കോടതി പറഞ്ഞു.

Connect On :