UPI ഇടപാടുകളുടെ ട്രാൻസാക്ഷൻ പരിധി നിശ്ചയിച്ചു!
യുപിഎ ഇടപാടുകൾക്ക് പ്രതിദിനപരിധി ഏർപ്പെടുത്തുന്നു
എൻപിസിഐ ആണ് പ്രതിദിന പരിധി ഏർപ്പെടുത്തുന്നത്
ഒരു വ്യക്തിക്ക് പ്രതിദിനം എത്ര രൂപ വരെ പേയ്മെന്റ് നടത്താൻ സാധിക്കുമെന്ന് അറിയാം
ആറ് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ യുപിഐ (UPI) ഇടപാട് സംവിധാനം ആദ്യമായി കേന്ദ്രം രംഗത്ത് കൊണ്ട് വരുന്നത്. അന്ന് പക്ഷേ പലർക്കും അറിയില്ലായിരുന്നു ഭാവിയിൽ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമായി മാറാൻ പോവുന്നൊരു സാങ്കേതിക വിദ്യയുടെ പതിഞ്ഞ തുടക്കമാണതെന്ന്. 2022 അവസാനിക്കാറായപ്പോൾ ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും സാധാരണക്കാർ പോലും ആശ്രയിക്കുന്ന ഒന്നായി യുപിഐ (UPI) സംവിധാനങ്ങൾ മാറിയെന്നത് യാഥാർഥ്യമാണ്.
ഗൂഗിൾ പേ(Google Pay),ഫോൺ പേ (Phone Pe), പേടിഎം (Paytm) എന്നിങ്ങനെയുള്ള ആപ്പുകളിലാണ് കൂടുതൽ വിനിമയങ്ങളും രാജ്യത്ത് നടക്കുന്നത്. ഇത്തരം യുപിഐ(UPI) വിനിമയങ്ങൾക്ക് പ്രതിദിന പരിധി ബാധകമാണ്. നാഷണൽ കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) ഏർപ്പെടുത്തിയിരിക്കുന്ന പരിധിക്കുള്ളിൽ നിന്നു മാത്രമേ വിനിമയങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. എൻപിസിഐ (NPCI) മാനദണ്ഡങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് യുപിഐ(UPI) വഴി പ്രതിദിനം പരമാവധി 1 ലക്ഷം രൂപ വരെ പേയ്മെന്റ് നടത്താൻ സാധിക്കും.
എന്നാൽ ബാങ്കുകൾക്ക് അനുസരിച്ച് പരിധിയിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് എസ്ബിഐ യുപിഐ പേയ്മെന്റ് നടത്താൻ ഒരു ദിവസം അനുവദിച്ചിരിക്കുന്ന പരിധി 1 ലക്ഷം രൂപയാണ്. ഒരു ദിവസം നടത്തേണ്ട യുപിഐ ഇടപാടുകളുടെ എണ്ണത്തിനും പരിധിയുണ്ട്. ഒരു ദിവസം പരമാവധി 20 വിനിമയങ്ങളാണ് ഒരു വ്യക്തിക്ക് നടത്താൻ സാധിക്കുക. 20 ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനു ശേഷം മാത്രമേ പുതിയ വിനിമയങ്ങൾ നടത്താൻ സാധിക്കൂ.
രാജ്യത്തെ പ്രമുഖ യുപിഐ സേവന ദാതാക്കളുടെ ഇടപാട് പരിധി, പ്രതിദിനം അയക്കാവുന്ന പണത്തിന്റെ പരിധി എന്നിവ പരിശോധിക്കാം..
ഫോൺപേ (PhonePe) യുപിഐ പരിധി
ഫോൺപേയിൽ പ്രതിദിന യുപിഐ ഇടപാട് പരിധി (Transaction limit) 1,00,000 രൂപയാണ്. എന്നാൽ ഈ പരിധി ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെടാം. അതോടൊപ്പം, ഒരു വ്യക്തിക്ക് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫോൺപേ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കിൽ 20 ഇടപാടുകൾ വരെ നടത്താൻ കഴിയും. ഒരു ദിവസം 2000 രൂപ വരെ മണി റിക്വസ്‌റ്റ് സംവിധാനം വഴി കൈമാറാനും കഴിയും.
ഗൂഗിൾപേ (Google Pay) യുപിഐ പരിധി
ഗൂഗിൾപേ മറ്റ് ആപ്പുകളിലും ബാങ്ക് അക്കൗണ്ടുകളിലുമായി മൊത്തം 10 ഇടപാട് പരിധികൾക്കൊപ്പം പ്രതിദിനം 1,00,000 രൂപ വരെയുള്ള പ്രതിദിന പണ കൈമാറ്റം അനുവദിക്കുന്നു. ഫോൺപേയ്ക്ക് സമാനമായി ഒരു ദിവസം 2000 രൂപ വരെ മണി റിക്വസ്‌റ്റ് സംവിധാനം വഴി കൈമാറാനും ഗൂഗിൾപേയിലൂടെ കഴിയും.
പേടിഎം (Paytm) UPI ട്രാൻസ്ഫർ പരിധി
ഒരു ലക്ഷം രൂപ വരെ പേടിഎമ്മിലൂടെ ഒരു ദിവസം കൈമാറാം. എന്നാൽ ഓരോ മണിക്കൂറിലും, ദിവസേനയുള്ള കൈമാറ്റത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ വിനിമയ പരിധി 20,000 രൂപയാണ്. അതു പോലെ ഒരു മണിക്കൂറിലെ പരമാവധി പേടിഎം ഇടപാടുകളുടെ എണ്ണം 5 ആയി നിശ്ചയിച്ചിട്ടുണ്ട്. 20 പ്രതിദിന ഇടപാടുകൾ നടത്താനാണ് അനുമതിയുള്ളത്.
ആമസോൺ പേ (Amazon Pay) UPI ട്രാൻസ്ഫർ പരിധി
യുപിഐ വഴി പ്രതിദിനം പരമാവധി 1 ലക്ഷം രൂപ കൈമാറാം. എന്നാൽ ആമസോൺ പേയിൽ രജിസ്റ്റർ ചെയ്തതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ 5,000 രൂപയുടെ ഇടപാടുകൾ മാത്രമേ നടത്താനാവൂ. പ്രതിദിനം പരമാവധി 20 ഇടപാടുകളാണ് നടത്താൻ സാധിക്കുക. ഇത് വിവിധ ബാങ്കുകളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.