ബൈജൂസ്, ആമസോൺ, നെറ്റ്ഫ്ലിക്സ്, GST വിവരങ്ങളും കവര്‍ന്നു, വന്‍ ഡാറ്റ മോഷണം

Updated on 04-Apr-2023
HIGHLIGHTS

വിനയ് ഭരദ്വാജ് എന്നയാളെയാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്

വിവിധ സ്ഥാപനങ്ങളുടെയും വ്യക്തിഗത,രഹസ്യ സ്വഭാവമുള്ള ഡാറ്റയാണ് ഇയാള്‍ കൈക്കലാക്കിയത്

ഇന്‍സ്‌പെയര്‍വെബ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഡാറ്റബേസ് വില്‍പ്പന നടത്തിയിരുന്നത്

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റ മോഷണത്തില്‍ പ്രതിയെ പിടികൂടി തെലങ്കാനയിലെ സൈബരാബാദ് (Cyberabad) പോലീസ്. ഹരിയാന(Haryana)യിലെ ഫരീദാബാദ്(Faridabad) ആസ്ഥാനമായി ഡാറ്റ മോഷണവും ഡാറ്റ വില്‍പ്പനയും നടത്തിവന്ന വിനയ് ഭരദ്വാജ് എന്നയാളെയാണ് സൈബരാബാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രാജ്യത്തെ 66.9 കോടി ജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തിഗത,രഹസ്യ സ്വഭാവമുള്ള ഡാറ്റയാണ് ഇയാള്‍ കൈക്കലാക്കി വില്‍പ്പന നടത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

രാജ്യത്തെ ഏറ്റ്വും വലിയ ഡാറ്റ മോഷണം

ബൈജൂസ് (Byjus), വേദാന്തു(Vedantu), നെറ്റ്ഫ്ലിക്സ് (Netflix), ആമസോണ്‍(Amazon) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡാറ്റയും സര്‍ക്കാരിന്റെ ജി.എസ്.ടി, ആര്‍.ടി.ഒ. വിവരങ്ങളും ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. 'ഇന്‍സ്‌പെയര്‍വെബ്‌സ്(InspireWebz)' എന്ന വെബ്‌സൈറ്റ് വഴിയാണ് ഇയാള്‍ ഡാറ്റബേസ് വില്‍പ്പന നടത്തിയിരുന്നത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലും എട്ട് മെട്രോനഗരങ്ങളുമായി വിപുലമായ ശൃംഖലയാണ് പ്രതിക്കുണ്ടായിരുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ ഡാറ്റ മോഷണമാണിതെന്നും പോലീസ് പറഞ്ഞു. 

എജ്യൂ-ടെക് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ആര്‍.ടി.ഒ.കളിലെ വിവരങ്ങള്‍, പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങളും പ്രതി കൈക്കലാക്കിയിട്ടുണ്ട്. ഇയാളില്‍നിന്ന് രണ്ടുമൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും വിവിധ ഡേറ്റകളും പോലീസ് പിടിച്ചെടുത്തു.

ആരുടെയൊക്കെ വിവരങ്ങൾ ഹാക്ക് ചെയ്‌തു

പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പാന്‍ കാര്‍ഡ് ഉടമകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍, ഡി-മാറ്റ് അക്കൗണ്ട് ഉടമകള്‍ എന്നിവരുടെ വിവരങ്ങളും നിരവധിപേരുടെ മൊബൈല്‍നമ്പറുകളും പോലീസ് പ്രതിയില്‍നിന്ന് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍, ഉയര്‍ന്ന ആസ്തിയുള്ളവര്‍, ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും പ്രതിയില്‍നിന്ന് പിടികൂടിയിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ 135 വിഭാഗങ്ങളിലുള്ള ഡാറ്റയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കേരളത്തില്‍നിന്ന് മാത്രം 1.57 കോടി പേരുടെ വിവരങ്ങള്‍ പ്രതി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൈബരാബാദ് (Cyberabad) പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

Connect On :