ChatGPT പുറത്തിറങ്ങിയതിന് പിന്നാലെ വൻ പ്രചാരമാണ് ലഭിക്കുന്നത്. ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും AI ചാറ്റ്ബോട്ടുകളേക്കാൾ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിങ്ങൾക്ക് വളരെ പെട്ടെന്ന് അത്യാകർഷകമായ ലീവ് ലെറ്റർ എഴുതണമെങ്കിലോ, ഒരു സ്റ്റാറ്റസിടാൻ മികച്ച ക്യാപ്ഷൻ വേണമെന്നുണ്ടെങ്കിലോ, ഒരു അനുഭവമോ യാത്രയോ കാവ്യാത്മകമായി അവതരിപ്പിക്കണമെങ്കിലോ ChatGPT സഹായകരമാകും. എങ്കിലും ഇന്ത്യക്കാർക്കും ചാറ്റ്ജിപിടി ലഭ്യമാണോ, ആണെങ്കിൽ ഈ ചാറ്റ്ബോട്ട് ഫോണുകളിലും ലഭ്യമാണോ എന്നെല്ലാം പലർക്കും സംശയമാണ്.
2022 നവംബറിലാണ് ചാറ്റ്ജിപിടി പുറത്തിറങ്ങിയത്. ഇതിനുശേഷം കമ്പനി GPT-4ഉം പിന്നാലെ ഔദ്യോഗിക ആപ്പും പുറത്തിറക്കി.
ChatGPT എന്ന ചാറ്റ്ബോട്ടിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യയിൽ എത്തിയെന്നതാണ് ഏറ്റവും പുതിയ വാർത്ത. ഇന്ത്യയിലും മറ്റ് 30 ലധികം രാജ്യങ്ങളിലും ചാറ്റ്ബോട്ട് ഇനി ഒരു ആപ്പായി ലഭിക്കുന്നതാണ്. അമേരിക്കൻ ഐഫോൺ ഉപയോക്താക്കൾക്കായി മാത്രം പുറത്തിറക്കിയ ശേഷം ഇപ്പോൾ ആപ്പ് മറ്റ് രാജ്യങ്ങളിലും എത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലും ChatGPT ആപ്പ് എത്തിയെങ്കിലും, എല്ലാവർക്കും ലഭ്യമായിരിക്കില്ല.
അതായത്, ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ആപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വളരെ പെട്ടെന്ന് തന്നെ ChatGPT ആപ്പ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലും മറ്റേതെല്ലാം രാജ്യങ്ങളിലുമാണ് ചാറ്റ്ജിപിടി ആപ്പ് പ്രവർത്തിക്കുന്നത് അറിയാമോ?
ഇന്ത്യ, ബ്രസീൽ, കാനഡ, അസർബൈജാൻ, ബൊളീവിയ, അൾജീരിയ, അർജന്റീന, ചിലി, കോസ്റ്റാറിക്ക, ഇക്വഡോർ, എസ്തോണിയ, ഘാന എന്നീ രാജ്യങ്ങളിലെ iOS ഉപയോക്താക്കൾക്ക് ChatGPT ഇനി ആപ്ലിക്കേഷനിലൂടെ ലഭിക്കും. iOS 16.1 അല്ലെങ്കിൽ അതിന് ശേഷമുള്ള പുതിയ വേർഷനുകളോ ഉള്ള ആപ്പിൾ ഉപഭോക്താക്കൾക്കാണ് ഇത് ലഭിക്കുക.
iOS ഉപയോഗിക്കുന്നവർക്ക് ആപ്പിളിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോറിൽ നിന്ന് ചാറ്റ്ജിപിടി ഡൗൺലോഡ് ചെയ്യാനാകും. നിങ്ങൾക്ക് ഏത് ആവശ്യത്തിനും ഏത് ആപ്പിലേക്കും, ഇത് ബന്ധിപ്പിച്ച് പ്രവർത്തിക്കാനും ചാറ്റ് ഹിസ്റ്ററി സമന്വയിപ്പിക്കാനുമാകും.
വളരെ അടുത്ത കാലത്ത് തന്നെ ChatGPT ആപ്പ് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാൻ അവസരമൊരുങ്ങും. ഇപ്പോൾ Chrome, Microsoft Edge തുടങ്ങിയ ബ്രൗസിങ് ആപ്പുകളുടെ സഹായത്തോടെ നിങ്ങൾക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാവുന്നതാണ്.