ഗൂഗിളിന്റെ കാലം കഴിഞ്ഞു, ഇനി AI ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയുടെ ആധിപത്യമെന്നാണ് ടെക് ലോകം പ്രതീക്ഷിച്ചത്. എന്നാൽ, അധികമായാൽ അമൃതും വിഷമെന്ന് പറയാറില്ലേ! ഒരുപാട് സൗകര്യങ്ങളായാൽ ChatGPTയെയും അധികം വാഴിക്കാൻ സാധിക്കില്ല. ഏറ്റവും പുതിയതായി വരുന്ന ChatGPTയുടെ നിരോധനവും ഇത് തന്നെയാണ് ശരി വയ്ക്കുന്നത്.
ലോകമെമ്പാടും ലഭ്യമാക്കുന്ന രീതിയിൽ സൗജന്യമായാണ് AI ചാറ്റ്‌ബോട്ട് ChatGPT നിർമിച്ചത്. എന്ത് ചോദിച്ചാലും ഉത്തരം പറയുന്ന Googleനേക്കാൾ, ഏത് വിഷയത്തിലും വിശദവും ആഴത്തിലും ആകർഷകവുമായ പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ ഈ ചാറ്റ്ബോട്ട് വളരെ ശ്രദ്ധ നേടി. ചാറ്റ്ബോട്ട് ഉപയോഗിച്ച് ആപ്പ് വരെ നിർമിക്കാമെന്നതിനാൽ നിരവധി ആപ്ലിക്കേഷൻ ഡെവലപ്പർമാർക്ക് ഇത് വലിയ സഹായകമാണ്.
എന്നാൽ എംബിഎ പരീക്ഷയിലും, യുഎസ് നിയമ പരീക്ഷകളിലും, മെഡിക്കൽ ലൈസൻസിങ് പരീക്ഷകളിലും ChatGPT ഉപയോഗിക്കുന്നതായി അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ലോകമെമ്പാടുമുള്ള പല സർവകലാശാലകളിലും അവരുടെ വിദ്യാർഥികൾ അവരുടെ പഠനത്തിനും അസൈൻമെന്റുകൾക്കുമായി ChatGPT ഉപയോഗിക്കുന്നതിനെ കുറിച്ച് ആശങ്കകൾ ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. ചാറ്റ്ബോട്ടിന്റെ വർധിച്ചുവരുന്ന ജനപ്രീതി തടയാൻ, ഇന്ത്യ, ഫ്രഞ്ച്, യുഎസ് എന്നിവിടങ്ങളിലെ പല സർവകലാശാലകളും ഇപ്പോഴിതാ ChatGPTയെ നിരോധിക്കുകയും (ChatGPT ban) ചെയ്തു.
ChatGPT നിരോധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ബാംഗ്ലൂരിലെ RV സർവകലാശാലയാണ്. ജനുവരി 1 മുതലാണ് RV Universityയിലാണ് AI ചാറ്റ്ബോട്ടിനെ വിലക്കിയുള്ള നിയമം നടപ്പിലാക്കിയത്. ChatGPT കൂടാതെ, Github Copilot, Blackbox തുടങ്ങിയ മറ്റ് AI ബോട്ടുകളുടെ ഉപയോഗത്തിനും സർവകലാശാല നിരോധനം ഏർപ്പെടുത്തി. ഈ നിരോധനം വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും ബാധകമാണ്. ലാബ്, ട്യൂട്ടോറിയൽ സെഷനുകളിൽ ഇതിനകം തന്നെ ChatGPTയുടെ ഉപയോഗം തടഞ്ഞിട്ടുണ്ട്. അതായത്, ഏതെങ്കിലും വിദ്യാർഥി ChatGPT ഉപയോഗിച്ചതായി കണ്ടെത്തിയാൽ, അവരെ ക്യാമ്പസിൽ നിന്ന് പുറത്താക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കർണാടകയിലെ ദയാനന്ദ സാഗർ യൂണിവേഴ്‌സിറ്റി, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ChatGPT പോലുള്ള AI ടൂളുകളെ ആശ്രയിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ തടയുന്നതിനുള്ള നടപടികൾ ആലോചിക്കുകയാണ്. ദയാനന്ദ സാഗർ യൂണിവേഴ്‌സിറ്റിയിലെ അധികൃതർ പ്രശ്‌നം പരിഹരിക്കുന്നതിനായി അസൈൻമെന്റുകളുടെ രീതിയിലും മാറ്റം വരുത്താൻ പദ്ധതിയിടുന്നു.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പോലുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങളും വിദ്യാർഥികളെ AI ഉപകരണങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂർ (IIIT-B) ChatGPT ഉപയോഗിക്കുന്നതിൽ ഒരു പുതിയ നിയമം കൊണ്ടുവരാനും ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.