ക്ലീൻ നോട്ട് പോളിസി പ്രകാരം 5 വർഷം കാലാവധി പൂർത്തീകരിച്ചതു കൊണ്ടാണ് 2,000 രൂപ നോട്ടുകൾ വിപണികളിൽ നിന്നു പിൻവലിക്കുന്നതെന്നാണ് ആർബിഐയുടെ ഔദ്യോഗിക വിശദീകരണം. ആളുകളുടെ കൈവശമുള്ള നോട്ടുകൾ മാറിയെടുക്കാൻ സെപ്റ്റംബർ 30 വരെ സാവകാശം അനുവദിച്ചു കൊണ്ടാണ് ആർബിഐയുടെ പിൻവലിക്കൽ നടപടി.
ബാങ്കുകൾ വഴിയാണ് നോട്ടുകൾ മാറാൻ ആർബിഐ സൗകര്യമൊരുക്കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 30 വരെ വ്യാപാരികളും, മറ്റും നോട്ടുകൾ സ്വീകരിക്കണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിലവിൽ 2,000 രൂപ നോട്ടുകൾക്ക് സാധുതയുണ്ട്. ബാങ്കുകളിലും മറ്റും പോയി നോട്ടുകൾ മാറിയെടുക്കാൻ സമയമില്ലാത്തവർക്കായി വീട്ടുപടിക്കാൽ 2,000 രൂപ നോട്ടുകൾ മാറാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് ആമസോൺ ഇന്ത്യ.
ആമസോണിന്റെ പുതിയ ക്യാഷ് ലോഡ് ഫീച്ചർ പ്രകാരം മിനിറ്റുകൾക്കുള്ളിൽ 2,000 രൂപ നോട്ടുകൾ മാറാം. ഈ തുക ഉപഭോക്താക്കളുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലാകും ക്രെഡിറ്റ് ആകുക. റിപ്പോർട്ടുകൾ പ്രകാരം ഒരു ഉപഭോക്താവിന് മാസം 50,000 രൂപയുടെ 2,000 രൂപ നോട്ടുകൾ വരെ മാറിയെടുക്കാം. ആമസോൺ പേയിൽ ക്രെഡിറ്റ് ആകുന്ന തുക ഉപയോക്താക്കൾക്ക് ഓൺലൈൺ ഷോപ്പിംഗ്, റീട്ടെയിൽ കടകളിൽ ബാർക്കോഡ് സ്‌കാനിംഗ് വഴിലുള്ള പേമെന്റുകൾ എന്നിവയ്ക്ക് ഉപയോഗിക്കാം. ഈ പണം മറ്റു അക്കൗണ്ടുകളിലേയ്ക്കും, ഉപഭോക്തൃ അക്കൗണ്ടുകളിലേയ്ക്കും മാറ്റാൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആമസോൺ ഓർഡർ ഡെലിവറിക്ക് എത്തുന്ന പാർടണറുടെ പക്കൽ നിങ്ങളുടെ കൈവശമുള്ള 2,000 രൂപ നോട്ടുകൾ നൽകാവുന്നതാണ്. ഇത് ഉടൻ തന്നെ നിങ്ങളുടെ ആമസോൺ പേ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യും. ആർബിഐ നിർദേശം ഉണ്ടെങ്കിൽ പോലും വ്യാപാരികൾ അടക്കം നിരവധി ആളുകൾ 2,000 രൂപ നോട്ടുകൾ സ്വീകരിക്കുന്നില്ലെന്നു വിപണികളിൽ ആക്ഷേപമുണ്ട്. ഇതിനിടെയാണ് ആമസോണിന്റെ പുതിയ പദ്ധതി. പ്രായമായവർ, ജോലിക്കാർ എന്നിവർക്കും മറ്റും ആമസോണിന്റെ പദ്ധതി നേട്ടമായേക്കും.
സെപ്റ്റംബർ 30 വരെയാണ് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ, മറ്റിയെടുക്കാനോ ആർബിഐ നിലവിൽ സമയം അനുവദിച്ചിരിക്കുന്നത്. ഈ കാലവധി ഇനി നീട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദേശത്തുള്ളവർക്കും, പ്രവാസികൾക്കും മറ്റും നിബന്ധനകൾക്കു വിധേയമായി സമയം നീട്ടി നൽകിയേക്കുമെന്നു സൂചനയുണ്ട്. അതേസമയം ബാങ്കുകൾ വഴിയുള്ള ഇടപാടുകൾ സെപ്റ്റംബർ 30 ന് തന്നെ അവസാനിച്ചേക്കും.