Realme ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

Realme ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
HIGHLIGHTS

റിയൽമി ഫോണുകൾ സ്വമേധയാ വിവരങ്ങൾ കൈക്കലാക്കുന്നുവെന്ന് ആരോപണം

കോൾ ലോഗുകൾ, എസ്എംഎസ്, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങളാണ് കമ്പനി ശേഖരിക്കുന്നതായി ആരോപണം

ഇന്ന് ഇന്ത്യയിലെ ജനപ്രീയ സ്മാർട്ഫോണുകളിൽ മുൻപന്തിയിൽ ഇടംപിടിച്ച സ്മാർട്ഫോൺ ബ്രാൻഡാണ് Realme. അടുത്തിടെ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ കമ്പനിയുടെ ബ്രാൻഡ് അംബാസഡറുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഈ മാസം പുറത്തിറങ്ങിയ Realme 11 Pro, Realme 11 Pro+ ഫോണുകൾ കഴിഞ്ഞ ആഴ്ച ആരംഭിച്ച വിൽപ്പനയിൽ റെക്കോഡ് നേട്ടവും കൈവരിച്ചു. 100MP, 200MPയുമായി വന്ന ക്യാമറ ഫോണുകൾ ആദ്യവിൽപ്പനയിൽ തന്നെ 6000 യൂണിറ്റുകൾ വിറ്റഴിച്ചു.

എന്നാൽ വിൽപ്പനയിൽ വലിയ നേട്ടം കൊയ്ത് മുന്നേറുന്ന Realmeയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നുവരുന്നത്.

Realme നിങ്ങളുടെ സ്വകാര്യത ചൂഷണം ചെയ്യുന്നോ?

എല്ലാ സ്മാർട്ഫോണുകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഡാറ്റ ചോർത്തുന്നുണ്ട്. എന്നാൽ, ഇവയെല്ലാം നമ്മൾ ആക്സസ് കൊടുത്താൽ മാത്രമാണ്. റിയൽമി ഫോണുകൾ സ്വമേധയാ വിവരങ്ങൾ കൈക്കലാക്കുന്നുവെന്ന് ആരോപണം വരുന്നതോടെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോൺ വാങ്ങുന്നവർ ആക്സസ് നൽകാതെ തന്നെ അതെല്ലാം ശേഖരിക്കുന്നു. റിയൽമി സ്വകാര്യവിവരങ്ങൾ ചോർത്തുന്നതായി ട്വിറ്റർ ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമുകളിൽ ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് കേന്ദ്ര മന്ത്രാലയവും വിഷയത്തിൽ അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്നത്. 

കോൾ ലോഗുകൾ, എസ്എംഎസ്, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ ചൈനീസ് ഫോൺ നിർമാതാക്കൾ ചോർത്തുന്നതായും, ഇതിനായി റിയൽമിയിൽ "എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ്" ഫീച്ചർ ഓട്ടോമാറ്റിക്കായി സജ്ജീകരിച്ചിരിക്കുന്നുവെന്നും പറയുന്നുണ്ട്. സംഭവം ട്വിറ്ററിലും മറ്റും വലിയ ചർച്ചയായതിനെ തുടർന്ന് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

എന്നാൽ വിഷയത്തിൽ റിയൽമി വിശദീകരണം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നതായും പുതിയ ഇന്റലിജന്റ് സേവന ഫീച്ചറിന് കീഴിൽ പ്രോസസ്സ് ചെയ്യപ്പെടുന്ന എല്ലാ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവിൽ ഉയർന്നുവരുന്ന ആരോപണത്തിൽ വസ്തുത ഇല്ലെന്നും, SMS, ഫോൺ കോളുകൾ, ഷെഡ്യൂളുകൾ മുതലായവയിൽ തങ്ങൾ കൈകടത്തുന്നില്ലെന്നും Realme പറഞ്ഞു.

ഫോണിലെ വിവരങ്ങൾ ഹാർഡ്‌വെയറിൽ സംഭരിക്കുന്നുണ്ട്. എന്നാൽ, ഇവ മറ്റാരുമായോ ഫോണിന് പുറത്ത് ഏതെങ്കിലും ക്ലൗഡിലേക്ക് അപ്‌ലോഡിങ്ങോ ചെയ്യുന്നില്ല. കൂടാതെ, ആരോപിക്കപ്പെടുന്ന ഇന്റലിജന്റ് സേവന ഫീച്ചർ സ്വമേധയാ ഓണാക്കാനും ഓഫാക്കാനും സാധിക്കുന്നതാണെന്നും റിയൽമി വ്യക്തമാക്കി.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo