Bill ചെയ്യുന്നതിന് വ്യാപാരികൾ ഇത് ആവശ്യപ്പെട്ടാൽ നൽകരുതെന്ന് കേന്ദ്രം

Bill ചെയ്യുന്നതിന് വ്യാപാരികൾ ഇത് ആവശ്യപ്പെട്ടാൽ നൽകരുതെന്ന് കേന്ദ്രം
HIGHLIGHTS

ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ അവരുടെ വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ നൽകാൻ വ്യാപാരികൾ നിർബന്ധിക്കരുത്

ഉപയോക്താക്കളുടെ പരാതിയെ തുടർന്നാണ് പുതിയ ഉത്തരവ്

സാധനങ്ങളൊക്കെ പർച്ചേസ് ചെയ്ത് കഴിഞ്ഞ് ഷോപ്പിങ് മോളുകളിലും കടകളിലുമെല്ലാം ബിൽ ചെയ്യുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടാറുണ്ടോ? ഇത് ചിലപ്പോഴൊക്കെ നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നുമില്ല. കാരണം, ഇത്തരത്തിൽ മൊബൈൽ നമ്പറുകൾ നൽകിയാൽ തങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ഒരുപക്ഷേ നിങ്ങൾക്കുണ്ടായിരിക്കാം. അതുമല്ലെങ്കിൽ, പരസ്യങ്ങളും പ്രൊമോഷനുകളുമായി ഫോണിലേക്ക് ഒരുപാട് മെസേജുകളും നോട്ടിഫിക്കേഷനുകളും വന്നേക്കാമെന്നും നിങ്ങൾ ചിന്തിക്കുന്നു.

ബിൽ നൽകണമെങ്കിൽ Mobile Number നിർബന്ധമില്ല…

എന്നാൽ, ഇതിന് തടയണ ഇടുകയാണ് കേന്ദ്ര സർക്കാർ. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, നിങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക മുൻനിർത്തി ഇത്തരത്തിൽ മൊബൈൽ നമ്പറുകൾ ആവശ്യപ്പെടുന്നതിന് എതിരെ ഇന്ത്യൻ സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിനാൽ ഇനിമുതൽ കടകളിലും മറ്റും മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ലെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

പുതിയ ഉത്തരവ് പ്രകാരം, ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ അവരുടെ വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ നൽകാൻ വ്യാപാരികൾ നിർബന്ധിക്കരുത്. മൊബൈൽ നമ്പർ ഷെയർ ചെയ്തിട്ടില്ലെങ്കിൽ, റീട്ടെയിലർമാർ സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്നുവെന്നാണ് നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുള്ളത്. ഇത് പരിഗണിച്ചാണ് ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ ഉത്തരവ് പ്രസ്താവിച്ചത്.

വ്യാപാരികൾ ഉപഭോക്താക്കളോട് നീതിപൂർവമായി പെരുമാറുന്നുവെന്നും അവരുടെ സ്വകാര്യതയെ മാനിക്കുന്നുവെന്നും നിയമങ്ങൾ പാലിക്കുന്നുവെന്നും ഉറപ്പാക്കുന്നതിനായാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം. ഫോൺ നമ്പർ നൽകിയില്ലെങ്കിൽ ബില്ല് നൽകില്ലെന്ന ന്യായം ശരിയല്ല. ഇത് തീർച്ചയായും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ്. ഇങ്ങനെ ചില്ലറ വ്യാപാരികൾ വ്യക്തിഗത കോൺടാക്റ്റ് വിവരങ്ങൾ ആവശ്യപ്പെടുന്നതിൽ കുറച്ച് ആശങ്ക നിലനിൽക്കുന്നുവെന്നും ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി അറിയിച്ചു. അതിനാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി CII, FICCI തുടങ്ങിയ റീട്ടെയിൽ മേഖലയ്ക്കും ചേമ്പറുകൾക്കും മന്ത്രാലയം മാർഗനിർദേശം നൽകുകയും ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൊതുപ്രവർത്തകനായ ദിനേഷ് താക്കൂർ വ്യാപാരികളിൽ നിന്ന് ഒരു മോശം അനുഭവം നേരിടുകയും, ഇതിന് പിന്നാലെ വ്യക്തമായ കാരണങ്ങൾ ഇല്ലെങ്കിൽ ഇത്തരത്തിൽ മൊബൈൽ നമ്പറുകൾ പങ്കുവയ്ക്കരുതെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു.

'ഒരു വ്യാപരി നിങ്ങളുടെ മൊബൈൽ നമ്പർ അറിയുന്നതിന് ന്യായമായ കാരണമില്ലെങ്കിൽ അവ നൽകരുത്. കാരണം, ഇവ ഡിജിറ്റൽ വ്യക്തിഗത ഡാറ്റ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ അറിയിച്ചത്. ഡൽഹി വിമാനത്താവളത്തിലാണ് ദിനേഷ് താക്കൂറിനോട് വ്യാപാരി നിരന്തരമായി മൊബൈൽ നമ്പർ ആവശ്യപ്പെട്ടതും, ഇതിനെതിരെ അദ്ദേഹം പ്രതികരിച്ചതും.

 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo