അനായാസം പോസ്റ്റർ ഡിസൈൻ ചെയ്യാനും, പ്രെസന്റേഷൻ തയ്യാറാക്കാനും സഹായിക്കുന്ന കാൻവ (Canva) എന്ന വെബ്സൈറ്റിനെ കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഇപ്പോഴിതാ, കാൻവയിൽ ടെക്‌സ്‌റ്റ്-ടു-ഇമേജ് (text-to-image) മോഡൽ സംയോജിപ്പിച്ചുവെന്ന വാർത്തയാണ് പുതിയതായി വരുന്നത്. ടെക്‌സ്‌റ്റ് അധിഷ്‌ഠിത കമാൻഡുകളിലൂടെ ഇമേജ് ഡിസൈൻ ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നതാണ് ഈ പുതിയ സംവിധാനം. അതായത്, ഇമേജ് എങ്ങനെയായിരിക്കുമെന്ന് വിവരിക്കുമ്പോൾ കാൻവ അതിനെ ടെക്‌സ്‌റ്റ്-ടു-ഇമേജ് ടൂൾ ഉപയോഗിച്ച് ഇമേജാക്കി മാറ്റും. ഈ പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.
Canvaയിലെ ടെക്സ്റ്റ്-ടു-ഇമേജ് ടൂൾ (text-to-image tool) വഴി ഫോട്ടോകൾ നിർമിക്കാൻ നടത്തിയ പരീക്ഷണ പ്രവർത്തനങ്ങൾ ഫലവത്താകുകകയും തുടർന്ന് ഈ ഫീച്ചർ കമ്പനി വികസിപ്പിക്കുകയുമായിരുന്നു. അതായത്, ഉദാഹരണത്തിന് സൈക്കിളിന് മുകളിൽ ഒരു നായ എന്ന് നിങ്ങൾ നിർദേശം നൽകുകയാണെങ്കിൽ അതിന് യോജിച്ച ഇമേജ് കാൻവ (Canva) ക്രിയേറ്റ് ചെയ്ത് നൽകും. വരുംകാലങ്ങളിൽ ഇതിൽ കൂടുതൽ അപ്ഡേഷൻ പ്രതീക്ഷിക്കാമെന്ന് കമ്പനി അറിയിച്ചു.
ക്യാൻവയുടെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് പുതിയ ടെക്‌സ്‌റ്റ്-ടു-ഇമേജ് ഓപ്ഷൻ ലഭ്യമാകും. ഇത് ലഭ്യമാകുന്നതിനായി, ഉപയോക്താക്കൾ Canvaയുടെ വെബ്‌സൈറ്റ് ഓപ്പൺ ചെയ്ത ശേഷം ഏതെങ്കിലും ഡിസൈൻ/ ടെംപ്ലേറ്റ് തെരഞ്ഞെടുത്ത് ഇടതുവശത്തുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ടെക്‌സ്‌റ്റ്-ടു-ഇമേജ് ടൂൾ (text-to-image tool) വഴി ചിത്രത്തിനെ കുറിച്ച് വിവരണം ടൈപ്പുചെയ്‌ത് നൽകാം. ഇതിൽ നിന്ന് ലഭിക്കുന്ന ഇമേജുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രം തെരഞ്ഞെടുക്കാം.
സ്റ്റേബിൾ ഡിഫ്യൂഷൻ വികസിപ്പിച്ച ടെക്സ്റ്റ്-ടു-സ്പീച്ച് AI ഉപയോഗിച്ച് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുമ്പോഴും, അക്രമം, വിദ്വേഷ സംഭാഷണം, നഗ്നത തുടങ്ങിയ അനുചിതമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾക്ക് കാൻവ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. പുതിയ അപ്ഡേഷൻ ഉപയോക്താക്കൾക്ക് വളരെ മികച്ച അനുഭവമായിരിക്കുമെന്നും, ഇത് പരീക്ഷിച്ച ശേഷം എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ അവ പങ്കുവയ്ക്കാവുന്നതാണെന്നും കാൻവ(Canva)യുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ കാമറൂൺ ആഡംസ് പറഞ്ഞു.