ശീതളപാനീയങ്ങളിലും ക്ലബ് സോഡകളിലും ദശകങ്ങളായി വിപണി കീഴടക്കിയ Coca- Cola ടെക് രംഗത്തേക്ക് വന്നാൽ എന്തായിരിക്കും സംഭവിക്കുക! ഇന്ന് ചുവപ്പിന്റെ പ്രണയദിനത്തിൽ അത്യാകർഷകമായ കൊക്ക- കോള ഡിസൈനിൽ സ്മാർട്ഫോൺ പുറത്തിറങ്ങുകയാണ്.
മുമ്പ് പെപ്സി, KFC പതിപ്പുകളിലും സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കൊക്ക- കോള ഡിസൈനിലുള്ള ഫോൺ കവറുകളും (Phone Case) ഇതിനകം പ്രചാരത്തിലുണ്ട്. എന്നാൽ, ഇവയിൽ നിന്നെല്ലാം Coca- Cola Phoneനെ വ്യത്യസ്തമാക്കുന്നത് റിയൽമിയുടെ സ്പെസിഫിക്കേഷനും പരിമിതമായ വിലയുമാണ്.
2022ന്റെ അവസാനം പ്രഖ്യാപിച്ച Realme 10 Pro സ്മാർട്ട്‌ഫോണിന്റെ പതിപ്പാണ് Coca- Colaയുടെ കിടിലൻ ഡിസൈനിൽ വരുന്ന ഈ പുതുപുത്തൻ ഫോൺ. 8 GB RAM, 128 GB സ്റ്റോറേജുമുള്ള ഈ ഫോണിന്റെ വില 20,999 രൂപയാണ്. അതിനാൽ തന്നെ ഭേദപ്പെട്ട ഒരു ബജറ്റിൽ ഒതുങ്ങുന്ന ഫോണാണ് Coca- Colaയുടെ Realme 10 Pro.
108 മെഗാപിക്‌സലാണ് പ്രൈമറി ക്യാമറ. 5,000 mAh ബാറ്ററിയും 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീനും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് റിയൽമി 10 പ്രോയിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ്.
കൊക്ക- കോള ഫോണിന്റെ ഫീച്ചറുകൾ റിയൽമി 10 പ്രോയുടെ സവിശേഷതകളിൽ നിന്ന് മാറ്റം വരുത്തിയിട്ടില്ല. അതായത്, Coca- Cola ഫോൺ സ്റ്റാൻഡേർഡ് മോഡലിന്റെ അതേ ഗുണഗണങ്ങളോടെ വരുന്നു.
Realme കമ്പനി അതിന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫോൺ സജീവമായി വിപണനം ചെയ്യുന്നു. 20,999 രൂപയാണ് വില. അതായത്, 525 Coca- Cola കാനുകൾ വാങ്ങുന്ന അതേ തുക.
ഇന്ന് ഫെബ്രുവരി 14 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തുകയാണ്. വാലന്റൈൻസ് ഡേയിൽ Trendingൽ ഇടം പിടിക്കുക തന്നെയാണ് ലക്ഷ്യം.