TATAയുമായി കൈകോർക്കുമ്പോൾ 4G അതിവേഗം വരിക്കാരിലേക്ക് എത്തിക്കാനാകും
15,000 കോടിയുടെ ഓർഡർ BSNL ടാറ്റയ്ക്ക് നൽകിയെന്ന് റിപ്പോർട്ട്
5G എത്തി ചുരുങ്ങിയ മാസങ്ങൾക്കകം അത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ റിലയൻസ് ജിയോക്കും വോഡഫോണിനും സാധിച്ചു എന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. എന്നിട്ടും എന്തുകൊണ്ട് BSNLഉം VIഉം 5G അവതരിപ്പിക്കുന്നില്ല എന്നും, ഇത് ടെലികോം മേഖലയിൽ ജിയോയെയും എയർടെലിനേയും ആധിപത്യത്തിലേക്ക് നയിക്കുമോ എന്നും ആശങ്കകൾ ഉന്നയിക്കുന്നുണ്ട്.
ഈ വാർത്തകൾക്കിടയിലാണ് പൊതുമേഖല ടെലികോം സേവന ദാതാക്കളായ BSNL 4G ഈ വർഷം കൊണ്ടുവരുമെന്നും, അടുത്ത വർഷത്തിൽ 5G എത്തിക്കുമെന്നും അറിയിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ബിഎസ്എൻഎൽ 4Gയാണ് കൊണ്ടുവരുന്നതെങ്കിലും അത് ടെലികോം ഭീമന്മാരായ Jio, Airtel, Vodafone-Idea എന്നിവർക്കെല്ലാം ഇതൊരു വെല്ലുവിളി തന്നെയാണ്. കാരണം, ഏറ്റവും വിലക്കുറവിലും കൂടുതൽ വാലിഡിറ്റിയുമുള്ള പ്ലാനുകളാണ് BSNL നൽകാറുള്ളത്. ഇനിമുതൽ വരിക്കാർക്ക് ഇന്റർനെറ്റ് സ്പീഡ് 4Gയിൽ ലഭ്യമാകുകയാണെങ്കിൽ സാധാരണക്കാരെ ആകർഷിക്കാനും, നിലവിലുള്ള വരിക്കാരെ കൈവിട്ട് പോകാതിരിക്കാനും സഹായകമാകും.
എന്നാൽ, BSNLന്റെ 4G എത്തിക്കാൻ രാജ്യത്തെ വലിയൊരു ബ്രാൻഡ് കൂടി പങ്കുചേരുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വാർത്ത. 4G കൊണ്ടുവരുന്നതിന് BSNL ടാറ്റയുടെ സഹായം തേടിയതായാണ് റിപ്പോർട്ടുകൾ. BSNLന്റെ ടവറുകൾ സ്ഥാപിക്കാനും മറ്റുമാണ് TATA സഹായമെത്തിക്കുക.
BSNL 4Gയ്ക്ക് TATAയുടെ കൈ സഹായം
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 200 പ്രദേശങ്ങളിൽ BSNL 4G എത്തുന്നതാണ്. ഈ ആദ്യഘട്ടത്തിന് ശേഷം 2023ന്റെ അവസാനത്തോടെ 4G പൂർത്തിയാക്കി, കമ്പനി 5Gയിലേക്ക് കടക്കും. തങ്ങളുടെ 4G സേവനം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നതിനായി 15,000 കോടിയുടെ ഓർഡർ BSNL ടാറ്റയ്ക്ക് നൽകിയിട്ടുണ്ട്. അഡ്വാൻസ് പർച്ചേസ് ഓർഡറായാണ് ഇത് നൽകിയിരിക്കുന്നത്. TATAയ്ക്കും ITIയ്ക്കും 19,000 കോടി രൂപയുടെ ഓർഡർ അനുവദിച്ചായതാണ് പറയുന്നത്. ഈ ഓർഡർ അനുസരിച്ച് ടാറ്റ ഇന്ത്യയിലൊട്ടാകെ 4G ടവറുകൾ സ്ഥാപിക്കും. 1 ലക്ഷം ടവറുകളാണ് ടാറ്റ സ്ഥാപിക്കുക. പൂർണമായും ഇന്ത്യയിലെ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ടവറുകൾ നിർമിക്കാനാണ് പദ്ധതി.
ഇങ്ങനെ TATAയുമായി കൈകോർക്കുമ്പോൾ 4G അതിവേഗം തങ്ങളുടെ വരിക്കാരിലേക്ക് എത്തിക്കാനാകുമെന്ന് കമ്പനി വിശ്വസിക്കുന്നു. അതിനാൽ വരും ആഴ്ചകളിൽ തന്നെ 4G സേവനം ലഭ്യമാക്കാനാകും. മറ്റെല്ലാ ടെലികോം കമ്പനികളേക്കാളും വിലക്കുറവിൽ അതിവേഗ ഇന്റർനെറ്റ് ലഭിക്കുകയാണെങ്കിൽ, അത് വരിക്കാരെ പിഴിയുന്ന സ്വകാര്യ കമ്പനികൾക്ക് തീർച്ചയായും ഒരു തിരിച്ചടിയായിരിക്കും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile