ബിഎസ്എൻഎല്ലിന്റെ ഓരോ പ്ലാനിലും മികച്ച ആനുകൂല്യങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു. വേഗതക്കുറവ് എന്ന പതിരാണ് ബിഎസ്എൻഎല്ലിനെ കാലാകാലമായി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ആ ഒരു ഒറ്റ കുറവിനാൽത്തന്നെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ പോലും പലർക്കും പ്രയോജനപ്പെടാതെ പോകുന്നു. എന്നാൽ മികച്ച രീതിയിൽ ബിഎസ്എൻഎൽ ഉപയോഗിച്ച് ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്ന ആളുകളും ധാരാളമുണ്ട് എന്നതാണ് സത്യം.
മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതുപോലെ തന്നെ വരിക്കാർക്കായി ബിഎസ്എൻഎല്ലും നിരവധി ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ പ്രതിദിനം 2GB ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളും നിരവധിയുണ്ട്. ഒരു ഉപയോക്താവിന്റെ ശരാശരി ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ദിവസത്തേക്ക് ഇത്രയും ഡാറ്റ ഇപ്പോൾ ആവശ്യമാണ്.
വോയ്‌സ് വൗച്ചർ വിഭാഗത്തിൽ ബിഎസ്എൻഎല്ലിൽ നിന്ന് ആറ് 2GB പ്രതിദിന ഡാറ്റ പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. ഈ 2GB പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെക്കാൾ കുറഞ്ഞ നിരക്കിലാണ് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഈ പ്ലാനുകളെല്ലാം വ്യത്യസ്‌തമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നെങ്കിലും അവയുടെ പ്രതിദിന ഡാറ്റ പരിധി ഒന്നുതന്നെയാണ്.
228 രൂപ, 239 രൂപ, 269 രൂപ, 347 രൂപ, 499 രൂപ, 769 രൂപ എന്നീ നിരക്കുകളിലാണ് പ്രതിദിനം 2GB ഡാറ്റ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത്. ഡാറ്റ ആവശ്യങ്ങൾക്കൊപ്പം കോളിങ് ആവശ്യങ്ങളും നിറവേറ്റാൻ അനുയോജ്യമായ വിധത്തിലാണ് ഈ പ്ലാനുകൾ തയാറാക്കിയിരിക്കുന്നത്. ഈ പ്ലാനുകളെ വിശദമായി പരിചയപ്പെടാം.
പ്രതിദിനം 2ജിബി ഡാറ്റ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ: ഏറ്റവും കുറഞ്ഞ നിരക്കിൽ 2ജിബി പ്രതിദിന ഡാറ്റ നൽകുന്ന പ്ലാൻ 228 രൂപ, 239 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഒരു രൂപ വ്യത്യാസത്തിൽ എത്തുന്ന ഈ രണ്ട് പ്ലാനുകളും ഒരു മാസത്തെ വാലിഡിറ്റി ആണ് വാഗ്ദാനം ചെയ്യുന്നത്.
പ്രതിദിന 2ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ രണ്ട് പ്ലാനുകളിലും ലഭ്യമാണ്. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനത്തിന്റെ ബണ്ടിംഗും ഉൾപ്പെടുന്നു. അതേസമയം ഉപയോക്താവിന്റെ പ്രധാന അക്കൗണ്ടിലേക്ക് 10 രൂപ ബാലൻസ് ലഭ്യമാക്കുന്നു എന്നതാണ് 239 രൂപയുടെ പ്ലാനിന്റെ പ്രത്യേകത.
269 രൂപയുടെ ബിഎസ്എൻഎൽ (BSNL) പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവയുണ്ട്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഹാർഡി മൊബൈൽ ഗെയിം സേവനങ്ങൾ, ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം ഇറോസ് നൗ എന്റർടെയിൻമെന്റ് സേവനങ്ങളും ബിഎസ്എൻഎൽ ട്യൂണുകളും സൗജന്യമായി ലഭ്യമാണ്.
347 രൂപയുടെ ബിഎസ്എൻഎൽ (BSNL) പ്ലാൻ 54 ദിവസത്തെ വാലിഡിറ്റിയോടെ ആണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ. അധിക ആനുകൂല്യമായി ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഎസ്എൻഎൽ (BSNL) 499 രൂപ, 769 രൂപ പ്ലാനുകൾ 84 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് എത്തുന്നത്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും, കൂടാതെ 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങളും നൽകുന്നു. അധിക ആനുകൂല്യമായി ലോക്ദുൻ, സിങ് എന്നിവയും ഉണ്ട്.