ഏറ്റവും കൂടുതൽ EVയുള്ള റിവോൾട്ടിന്റെ RV 400 ബുക്കിങ് വീണ്ടും തുടങ്ങി

Updated on 24-Apr-2023
HIGHLIGHTS

RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനുള്ള ബുക്കിങ് വീണ്ടും ആരംഭിച്ചു

9,999 രൂപ ടോക്കൺ നൽകി ഇവി ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം

AI സാങ്കേതികവിദ്യയുമായി എത്തിയ ബൈക്കാണ് RV 400

ഇലക്‌ട്രിക് മോട്ടോർ സൈക്കിളുകളുടെ വിപണിയിൽ നിശബ്‌ദ വിപ്ലവം തീർത്ത ഇലക്ട്രിക്ക്റി ബൈക്കാണ് റിവോൾട്ട് ഇവി. ഇന്ന് നിരത്തുകളിൽ ഏറ്റവും കൂടുതൽ കാണുന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളാണ് റിവോൾട്ടിന്റേത്. കേരളത്തിലുൾപ്പടെ ഇന്ത്യയിൽ വൻ ഹിറ്റായി മാറിയ മോഡൽ ഏറെ നാളായി വിപണിയിലുണ്ട്. ഇന്ത്യയുടെ ഈ സ്വന്തം ഇലക്ട്രിക് വാഹന കമ്പനി. RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനുള്ള ബുക്കിംഗ് വീണ്ടും ആരംഭിച്ചു.

EV ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം

ആദ്യ ബുക്കിംഗ് കാലയളവിന് ശേഷം ഇത് മൂന്നാം തവണയാണ് റിവോൾട്ട് മോട്ടോർസ് RV400 ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗ് പുനരാരംഭിക്കുന്നത്. നേരത്തെ ബുക്കിംഗിന്റെ രണ്ട് ഘട്ടങ്ങളിലും ശക്തമായ ഡിമാന്റാണ് മോഡലിന് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 9,999 രൂപ ടോക്കൺ നൽകി ഇവി ഓൺലൈനായി പ്രീ-ബുക്ക് ചെയ്യാം. ഈ വർഷം മെയ് 31-നകം ഉപഭോക്താക്കൾക്ക് ഡെലിവറി പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നതും.

RV 400 റിസർവേഷൻ ഓൺലൈനിൽ

രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 35 ഡീലർഷിപ്പുകളാണ് RV400നുള്ളത്. ഓൺലൈനിലാണ് RV400 റിസർവേഷൻ കമ്പനി സ്വീകരിക്കുന്നത്. റിവോൾട്ട് മോട്ടോർസിന്റെ നിർമാണ കേന്ദ്രം ഹരിയാനയിലെ മനേസറിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ നിക്ഷേപത്തോടെ ഉത്പാദനം ശേഷി വിപുലീകരിക്കാനുള്ള പദ്ധതിയും ബ്രാൻഡിനുണ്ട്. നിലവിൽ രത്തൻഇന്ത്യയുടെ കീഴിലാണ് റിവോൾട്ട് നിലകൊള്ളുന്നത്. ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്സിന്റെ 100 ശതമാനം ഓഹരികൾ രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് പോയവർഷം സ്വന്തമാക്കിയിരുന്നു.

AI സാങ്കേതികവിദ്യയുള്ള RV 400

ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI) സാങ്കേതികവിദ്യയുമായി എത്തിയ ബൈക്കാണ് RV 400.  72V, 3.24kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മോഡലിന്റെ ഹൃദയം. ഇത് 3kW മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നതും.

RV400 ഇവിക്ക് പരമാവധി 85 കിലോമീറ്റർ വേഗത വരെ ലഭിക്കും. RV ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് റൈഡിംഗ് മോഡുള്ള റിവോൾട്ട് ഇവിയുടെ ലിഥിയം അയണ്‍ ബാറ്ററി 4.5 മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ റേഞ്ചാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് വാഗ്‌ദാനം ചെയ്യാനാവുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകളാലും ഈ മോഡൽ സമ്പന്നമാണ്.

RV 400 ഫീച്ചറുകൾ

ജിയോഫെൻസിംഗ്, കസ്റ്റമൈസ്ഡ് ശബ്‌ദങ്ങൾ, ബൈക്ക് ഡയഗ്‌നോസ്റ്റിക്‌സ്, ബാറ്ററി സ്റ്റാറ്റസ്, റൈഡ് ഡാറ്റ തുടങ്ങിയ ഫീച്ചറുകൾ RV400 വാഗ്ദാനം ചെയ്യുന്നു. മൈറിവോൾട്ട് കണക്റ്റിവിറ്റി ആപ്പും ഇലക്ട്രിക് മോട്ടോർസൈക്കിളിന് ലഭിക്കുന്നു. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാലും ആള് കുറച്ച് സമ്പന്നനാണെന്ന് മനസിലാവും. സസ്പെഷൻ സജ്ജീകരണത്തിനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളും (USD) പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് കമ്പനി അവതരിപ്പിക്കുന്നത്.

1.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില

ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവൽ ചാനൽ എബിഎസും റിവോൾട്ട് RV400 ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. സിംഗിള്‍ സീറ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഡിജിറ്റിൽ ക്ലസ്റ്റർ എന്നിവ ഇതിന്റെ സവിശേഷതകളാണ്. വലിയ ഗ്രാബ് റെയിലുകള്‍, ബ്ലാക്ക്-ഔട്ട് അലോയ് വീലുകള്‍ എന്നീ സവിശേഷതകളും കമ്പനി നൽകുന്നുണ്ട്. 1.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Connect On :