എയർപോർട്ട് പരിസരത്തെ 5G; ബോയിങ്ങും ടെലിക്കോം കമ്പനികളും തമ്മിൽ തർക്കം

Updated on 21-May-2023
HIGHLIGHTS

5Gയുമായി ബന്ധപ്പെട്ട് ബോയിങ്ങും ഇന്ത്യൻ ടെലികോം കമ്പനികളും തമ്മിൽ തർക്കം രൂക്ഷം

വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള 5 കിലോമീറ്റർ പരിധിയിൽ 5ജി സേവനങ്ങൾ തടയുക

ബോയിങ്ങിന്റെ ആവശ്യം രാജ്യത്തെ 5G വ്യാപനത്തിന് വൻ തിരിച്ചടി ഏൽപ്പിക്കും

ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പരിസരത്തെ 5G വ്യാപനവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ വിമാന നിർമാതാക്കളായ ബോയിങ്ങും (Boeing) ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളും തമ്മിൽ തർക്കം രൂക്ഷം. ഇന്ത്യയിൽ നിലവിലുള്ള സുരക്ഷാ ലഘൂകരണ നടപടികളെക്കുറിച്ച് ബോയിങ് ആശങ്ക പ്രകടിപ്പിച്ചു, വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലെ നടപടികൾ അപര്യാപ്തമാണെന്നാണ് ബോയിങ് (Boeing) ചൂണ്ടിക്കാട്ടുന്നത്.

ബോയിങ് മുന്നോട്ടുവച്ച ആവശ്യം ടെലിക്കോം കമ്പനികൾ എതിർക്കുന്നു

വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള 3.2 മൈൽ പ്രദേശം 5G നിരോധന മേഖലയായി പ്രഖ്യാപിക്കണം എന്നാണ് ബോയിങ് (Boeing) ആവശ്യപ്പെടുന്നത്. നിലവിൽ 2.1 കിലോമീറ്റർ നിയന്ത്രണം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ബോയിങ് (Boeing) നിയന്ത്രണ പരിധി ഗണ്യമായി വിപുലീകരിച്ചിരിക്കുന്നത്. അ‌തേസമയം ബോയിങ് (Boeing) മുന്നോട്ടുവച്ച ഈ ആവശ്യത്തെ ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ എതിർക്കുന്നതായി ഇടി റിപ്പോർട്ട് ചെയ്യുന്നു. ബോയിങ്ങി (Boeing)ന്റെ ആവശ്യം അംഗീകരിച്ചാൽ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളെ അ‌ത് പ്രതികൂലമായി ബാധിക്കുമെന്ന് ടെലിക്കോം കമ്പനികൾ വാദിക്കുന്നു. കാരണം നിരവധി വിമാനത്താവളങ്ങൾ നഗരപ്രദേശങ്ങളുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 

ബോയിങ്ങിന്റെ ആവശ്യം രാജ്യത്തെ 5G വ്യാപനത്തിന് തിരിച്ചടി

അ‌തിനാൽത്തന്നെ വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള 5 കിലോമീറ്റർ പരിധിയിൽ 5G സേവനങ്ങൾക്കായി 3300-3670 MHz സ്‌പെക്‌ട്രം ഉപയോഗിക്കുന്നത് തടയുന്നത് അപ്രായോഗികവും രാജ്യത്തെ 5G വ്യാപനത്തിന് തിരിച്ചടിയുമാണെന്ന് ടെലിക്കോം ഓപ്പറേറ്റർമാർ വാദിക്കുന്നു. എന്നാൽ ​ബോയിങ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. റൺവേയുടെ മധ്യരേഖയിൽനിന്ന് വിമാനം വ്യതിചലിക്കുന്നതും അപ്രോച്ച് സമയത്ത് ഗ്ലൈഡ് ചരിവും ചൂണ്ടിക്കാട്ടി ബോയിങ് (Boeing) തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കി.

2.1 കിലോമീറ്ററിൽ 5G സി-ബാൻഡ് സ്റ്റേഷനുകൾ സ്ഥാപിക്കരുത്

നിലവിലുള്ള 2.1 കിലോമീറ്റർ റൺവേ സുരക്ഷാമേഖല കുറയ്ക്കുന്ന രീതിയിൽ 5G ഉപകരണങ്ങൾ ക്രമീകരിക്കണമെന്ന് ടെലിക്കോം ഓപ്പറേറ്റർമാർ നിർദ്ദേശിച്ചു, അതുവഴി വിമാനത്താവളങ്ങൾക്ക് ചുറ്റും 5G സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും ടെലിക്കോം കമ്പനികൾ പറയുന്നു. അ‌തേസമയം,
3.2 മൈൽ സുരക്ഷാമേഖലയ്ക്ക് ആവശ്യമായ കണക്കുകളും​ വിശകലനങ്ങളും നൽകാൻ ടെലിക്കോം മന്ത്രാലയം ബോയിങ്ങിനോട് അ‌ഭ്യർഥിച്ചു. രാജ്യത്ത് 5G വ്യാപനം ആരംഭിച്ച ഘട്ടത്തിൽത്തന്നെ, ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5G സി-ബാൻഡ് ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്ന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയുൾപ്പെടെയുള്ള ടെലിക്കോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ( DoT ) ആവശ്യപ്പെട്ടിരുന്നു. ടെലിക്കോം കമ്പനികൾ സി-ബാൻഡിൽ ഉപയോഗിക്കുന്ന ഫ്രീക്വൻസികൾ നിർണായകമായ വിമാന ഉപകരണങ്ങളെ തടസ്സപ്പെടുത്തും എന്നതിനാലാണ് ടെലിക്കോം മന്ത്രാലയം ഇത്തരമൊരു നിർദേശം നൽകിയത്. 

ഓൾട്ടിമീറ്ററിനെ 5G തരംഗങ്ങൾ ബാധിച്ചാൽ വിമാനത്തിന്റെ ഉയരം അറിയാനാകില്ല

വിമാനത്തിന്റെ റഡാർ ആൾട്ടിമീറ്ററുകൾ പറന്നുയരുമ്പോഴും ലാൻഡിങ് സമയത്തും ഏറെ നിർണായകമാണ്. വിമാനങ്ങൾ പറക്കുന്ന ഉയരം കണ്ടെത്താനുള്ള ഉപകരമായ റേഡിയോ ഓൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിയും സി-ബാൻഡ് ടവറുകളിൽ നിന്നുള്ള ഫ്രീക്വൻസിയും തമ്മിൽ കൂടിക്കലരുമെന്നാണ് ആശങ്ക. ഓൾട്ടിമീറ്ററിനെ 5G തരംഗങ്ങൾ ബാധിച്ചാൽ ഉയരം കണക്കാക്കുന്നതിൽ പിഴവ് വരാനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ അപകടത്തിലാകാനും ഇടയുണ്ട്.

സി-ബാൻഡിലെ 5G ഫ്രീക്വൻസികൾ റേഡിയോ ഓൾട്ടിമീറ്റർ ഫ്രീക്വൻസിയെ ബാധിക്കും

കൂടാതെ വിമാനങ്ങൾ പർവതങ്ങളിൽ ഇടിക്കുന്നത് ഒഴിവാക്കാനും വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങളിലും ഓൾട്ടിമീറ്റർ ഡേറ്റ നിർണായകമാണ്. സി-ബാൻഡിലെ 5G ഫ്രീക്വൻസികൾ വിമാനത്തിനുള്ളിലെ റേഡിയോ ഓൾട്ടിമീറ്റർ ഫ്രീക്വൻസികളെ ബാധിക്കുമെന്ന ആശങ്ക എഫ്എഫ്എ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) പ്രകടിപ്പിച്ചതിനെ തുടർന്ന് യുഎസിലും വിമാനത്താവളങ്ങൾക്ക് സമീപം 5G വൈകിപ്പിച്ചിരുന്നു. 

തുടർന്ന് പഠനങ്ങളും മറ്റും ആരംഭിച്ചിരുന്നു. അ‌തി​നിടെ നേപ്പാൾ വിമാന അ‌പകടം ഉണ്ടായതോടുകൂടി സുരക്ഷയാണ് മുഖ്യം എന്ന വാദം ബലപ്പെട്ടു. ആ സമയത്തുതന്നെ ഫ്രഞ്ച് വ്യോമയാന അ‌ധികൃതരും വിമാനത്തിനുള്ളിലെ 5G ഉപയോഗം വിലക്കി. ഇത്തരത്തിൽ ലോകത്തിൽ പലയിടത്തും വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും 5G ഒരു വിവാദ വിഷയമായി തുടർന്നതോടെയാണ് കേന്ദ്രം വിഷയത്തിൽ വിശദപഠനത്തിന് മുന്നിട്ടിറങ്ങിയത്. ഈ നീക്കത്തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോൾ ബോയിങ്ങിനോട് വിവരങ്ങൾ തേടിയിരിക്കുന്നത്. 

Connect On :