ബിഎംഡബ്ല്യു (BMW) ഇന്ത്യൻ വിപണിയിൽ പുതിയ ഓപ്പൺ ടോപ്പ് ടു സീറ്റർ വാഹനം പുറത്തിറക്കി. ബിഎംഡബ്ല്യു Z4 M40i (BMW Z4 M40i)എന്ന വാഹനമാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സവിശേഷതകളും ആകർഷകമായ ഡിസൈനുമായി വരുന്ന ഈ വാഹനം കരുത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. 7 കളർ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു Z4 M40i ടു സീറ്റർ റോഡ്സ്റ്റർ ലഭ്യമാകുന്നത്. ഈ വാഹനത്തിന്റെ
വിലയും സവിശേഷതകളും വിശദമായി നോക്കാം.. ബിഎംഡബ്ല്യു Z4 M40i ഓപ്പൺ ടോപ്പ് ടു സീറ്റർ റോഡ്സ്റ്ററിന് ഇന്ത്യയിൽ 89.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജൂൺ മാസത്തിൽ ഈ വാഹനം രാജ്യത്തുടനീളം വിൽപ്പനയ്ക്കെത്തും. കംപ്ലീറ്റ് ബിൽറ്റ്-അപ്പ് യൂണിറ്റായിട്ടാണ് (CBU) വാഹനം ഇന്ത്യയിലെത്തുന്നത്. ഈ വാഹനത്തിന് സ്റ്റാൻഡേർഡായി രണ്ട് വർഷത്തെ വാറന്റി ലഭിക്കും. പുതിയ സ്കൈസ്‌ക്രാപ്പർ ഗ്രേ, പോർട്ടിമാവോ ബ്ലൂ ഓപ്ഷനുകൾ ഉൾപ്പെടെ 7 കളർ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു Z4 M40i ലഭ്യമാകുന്നത്.
3.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 340 എച്ച്‌പി പവറും 500 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ഈ വാഹനം വരുന്നത്. ഈ ആഡംബര ഡ്രോപ്പ്‌ടോപ്പ് കാറിന് വെറും 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും.
ബിഎംഡബ്ല്യു Z4 M40i ഒരു ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാറാണ്. വശങ്ങളിലായി നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, വീൽ ആർച്ചുകൾക്ക് മുകളിലൂടെ നീണ്ടുകിടക്കുന്ന നീളമുള്ള ബോണറ്റ് എന്നിവയും ബിഎംഡബ്ല്യു Z4 M40iയുടെ ഡിസൈൻ സവിശേഷതകളാണ്.
ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, ബ്രേക്ക്-എനർജി റീജനറേഷൻ എന്നിവ ഉൾപ്പെടെ നിരവധി പുതിയ സാങ്കേതിക സവിശേഷതകളുമായിട്ടാണ് ബിഎംഡബ്ല്യു Z4 M40i വരുന്നത്. ഇക്കോപ്രോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും ഈ വാഹനത്തിലുണ്ട്. ഡ്രൈവർക്കും യാത്രക്കാർക്കും വേണ്ടി ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് വെഹിക്കിൾ ഇമോബിലൈസർ, ക്രാഷ് സെൻസറുകൾ എന്നിവ ബിഎംഡബ്ല്യു Z4 M40iൽ നൽകിയിട്ടുണ്ട്.
ബിഎംഡബ്ല്യു Z4 M40i റോഡ്‌സ്റ്ററിന്റെ ഇന്റീരിയറിൽ വലിയ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. എന്നാൽ ഇതിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 ആണ്. കണക്റ്റഡ് ഫീച്ചറുകളുള്ള പുതുക്കിയ കോക്‌പിറ്റാണ് വാഹനത്തിലുള്ളത്.