ഇന്ത്യയിൽ ഈയിടെയായി QR Code Fraud പെരുകുകയാണ്. വ്യാജ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതോടെ അക്കൌണ്ട് കാലിയാകുന്ന കബളിപ്പിക്കലിൽ പലരും അകപ്പെടുന്നു. എന്നാൽ ഒന്ന് നന്നായി ശ്രദ്ധിച്ചാൽ നിങ്ങൾക്കും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടാം.
ക്യുആർ കോഡിനെ കുറിച്ച് വ്യക്തമായൊരു ധാരണയില്ലെങ്കിൽ പണമിടപാട് നടത്തുമ്പോൾ നിങ്ങളും സൈബർ തട്ടിപ്പിന് ഇരയാകും. ഇത്തരം കേസുകൾ നിരവധി റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരള പൊലീസ് തന്നെ അടുത്തിടെ ചില നിർദേശങ്ങൾ വച്ചിരുന്നു.
സുരക്ഷിതവും വിശ്വസനീയവുമായ ഉറവിടത്തിൽ നിന്നുള്ള QR Codeകൾ മാത്രമേ തുറക്കാവൂ എന്നും, സ്കാൻ ചെയ്യാവൂ എന്നും പൊലീസ് മുന്നറിയിപ്പ് നൽകി. തെറ്റായ URLകൾ അടങ്ങിയ QR Codeകൾ നിങ്ങളുടെ മെയിലിലും മെസേജിലും വന്നേക്കാമെന്നും, ഇവ യാതൊരു കാരണവശാലും തുറക്കരുതെന്നും പൊലീസ് അറിയിച്ചു. കൂടാതെ, കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ഇതിന് പുറമെ സൈബർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ യുപിഐ ഇടപാടും, ഓൺലൈൻ പേയ്മെന്റും, ഓൺലൈൻ ഷോപ്പിങ്ങും നടത്തുമ്പോൾ നിങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ചുവടെ വിവരിക്കുന്നു. നിങ്ങൾ സ്കാൻ ചെയ്യുന്ന QR Code കെണിയാണോ അതോ വിശ്വസനീയമായതാണോ എന്ന് ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അറിയാം…
ഓൺലൈൻ പേയ്മെന്റും നടത്തുമ്പോൾ സ്കാൻ ചെയ്യുമ്പോൾ അത് വിശ്വസനീയമായ സ്രോതസ്സിൽ നിന്നുള്ള ക്യുആർ കോഡ് ആണോ എന്നത് തീർച്ചയായും ശ്രദ്ധിക്കണം. അതായത്, നിങ്ങൾ ഏതെങ്കിലും സുഹൃത്തിന് QR കോഡ് വഴി പണം അയക്കുകയാണെങ്കിൽ, അത് അയാളുടെ തന്നെയാണോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുക. അപരിചിതമായ വെബ്സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ QR കോഡ് നയിക്കുന്നുണ്ടോ എന്നതും പരിശോധിക്കുക.
നിങ്ങൾ സ്കാൻ ചെയ്യാൻ എടുത്തിട്ടുള്ള QR കോഡ് യഥാർഥമാണെന്ന് ഉറപ്പാക്കുക. അഥവാ കോഡ് മങ്ങിയതോ, അതിൽ അക്ഷരപ്പിശകുകളോ കണ്ടെത്തിയിട്ടുണ്ടെങ്കിൽ വീണ്ടും പരിശോധിക്കേണ്ടത് അനിവാര്യമാണ്.
പൊതുഇടങ്ങളിടെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണം. പോസ്റ്ററുകളിലും മറ്റും കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ അവയുടെ ഉറവിടം പ്രത്യേകം ശ്രദ്ധിക്കുക. ഇതിന് പുറമെ, UPI ആപ്പിൽ സുരക്ഷയ്ക്കായി ശക്തമായ ഒരു പിൻകോഡ് നൽകുക. നിങ്ങളുടെ ജനനത്തീയതിയോ, മൊബൈൽ നമ്പരോ യാതൊരു കാരണവശാലും പിൻനമ്പറാക്കരുത്. അതുപോലെ ഇടയ്ക്കിടെ പിൻനമ്പർ മാറ്റുന്നതും കൂടുതൽ സുരക്ഷ നൽകും.