യാത്ര ചെയ്യുമ്പോഴും, ജോലി ചെയ്യുമ്പോഴും മറ്റും ഇയർബെഡ് അമിതമായി ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? അമിതമായാൽ അമൃതും വിഷം എന്നുപറയുന്ന പോലെ തീർച്ചയായും ഇയർബെഡ് അധികമായി ഉപയോഗിച്ചാലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
നിങ്ങളുടെ കേൾവി ശക്തിയെ വരെ പൂർണമായും ബാധിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരന്തരം ഇയർഫോണുകളും ഹെഡ്ഫോണുകളും ഉപയോഗിക്കുന്നത് വഴി സംഭവിച്ചേക്കാമെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ വാർത്ത. ഉത്തർ പ്രദേശിൽ തുടർച്ചയായി ഇയർഫോൺ ഉപയോഗിച്ച ഒരു പതിനെട്ട് വയസുകാരന് കേൾവിശക്തി നഷ്ടമായ ഞെട്ടിക്കുന്ന സംഭവുമുണ്ടായി.
വയർലെസ് ഇയർബഡ്ഡുകളായാലും, ഇയർഫോണുകളായാലും മണിക്കൂറുകളോളം ഉപയോഗിക്കുന്നത് പ്രശ്നമാണ്. ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ പോലും ചെയ്യേണ്ടി വരുന്നു. കൗമാരക്കാർക്കിടയിൽ ഇയർഫോണുകൾ അമിതമായി ഉപയോദിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇങ്ങനെ ഇയർഫോൺ മണിക്കൂറുകളോളം ഉപയോഗിക്കുമ്പോൾ ചെവിയുടെ കനാലിൽ വിയർപ്പും ഈർപ്പവും വർധിക്കുന്നു. ഇങ്ങനെ ബാക്ടീരിയകളും വൈറസുകളും ചെവിയ്ക്കുള്ളിൽ വളരാൻ ഇടയാക്കുന്നു. Earbuds അമിതമായി ചെവിയിൽ വയ്ക്കുമ്പോൾ അവിടെ വായു സഞ്ചാരം കുറയുകയും, തൽഫലമായി വിയർപ്പ് അടിഞ്ഞ് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു എന്ന് വേണമെങ്കിലും പറയാം. ഇതിൽ തന്നെ ഇൻ- ഇയർ ബഡ്ഡുകളാണ് ഏറ്റവും അപകടകരം.
എന്നാൽ ഇയർഫോണുകളുടെ അമിത ഉപയോഗം ഒഴിവാക്കിയും മറ്റ് ചില മുൻകരുതലുകൾ സ്വീകരിച്ചും ഇതിന് പരിഹാരം കണ്ടെത്താം. ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ ഇയർബഡുകൾ മറ്റുള്ളവരുമായി ഒരിക്കലും പങ്കിടരുത്. കാരണം, മറ്റൊരാളുടെ അണുബാധ നിങ്ങളിലേക്ക് പടരാനോ തിരിച്ചോ സാധ്യതയുണ്ട്. അതുപോലെ തുടർച്ചയായി ഇയർബഡ്ഡുകൾ ചെവിയിൽ വയ്ക്കരുത്. അവ ഇടയ്ക്കിടെ ചെവിയിൽ നിന്ന് എടുക്കണം.
ചില സന്ദർഭങ്ങളിൽ ജോലി ആവശ്യങ്ങൾക്കും മറ്റും തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, അവ വോളിയം കുറച്ച് വച്ചുകൊണ്ട് ഉപയോഗിക്കുക. ശബ്ദം കുറഞ്ഞ നിലയിൽ Earbuds ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.
നിങ്ങളുടെ ഹെഡ്‌ഫോണുകൾ 85dB (SPL)യോ അതിൽ കുറഞ്ഞ വോളിയത്തിലോ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ അളവ് പരമാവധി വോളിയത്തിന്റെ ഏകദേശം 60% അല്ലെങ്കിൽ അതിൽ കുറവായിരിക്കും. അതുപോലെ ചെവി ദിവസേന വൃത്തിയാക്കിയും ശുചിയാക്കിയും വയ്ക്കുന്നതും ഗുരുതര പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.