ഒന്നിനൊന്ന് മികച്ച പ്രത്യേകതകളുമായി നിരവധി സ്മാർട് ഫോണുകളാണ് 25,000 രൂപയിൽ താഴെ ലഭിക്കുന്നത്. ഈ സെഗ്മെന്റിൽ വിപണിയിൽ വരുന്ന സ്മാർട്ട്ഫോണുകൾ കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെയിതാ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതിൽ 25000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.
റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപ വിലയുണ്ട്. റിയൽമി 11 പ്രോ 5ജി സീരീസിലെ രണ്ട് ഫോണുകളിലും 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേകളാണുള്ളത്. മാലി-G68 ജിപിയുവുള്ള ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്.
6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്സലുകൾ) സൂപ്പർഅമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ ആണ് നാർസോ 60 5ജിയിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, 1,000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0-ൽ ആണ് പ്രവർത്തനം. മീഡിയടെക് ഡിമെൻസിറ്റി 6020 ചിപ്സെറ്റ് കരുത്തും 16 ജിബി വരെ റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി നാർസോ 60 5ജി വാഗ്ദാനം ചെയ്യുന്നു.
64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സെൻസറാണ് റിയൽമി നാർസോ 60 5ജിയുടെ ക്യാമറ വിഭാഗത്തെ നയിക്കുന്നത്. 33W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് നാർസോ 60 5ജിയിലെ ബാറ്ററി. . 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള നാർസോ 60 ന് 17,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള നാർസോ 60 വേരിയന്റിന്റെ വില 19,999 രൂപയാണ്. 23,999 രൂപയ്ക്കാണ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നാർസോ 60 പ്രോ പുറത്തിറക്കിയിരിക്കുന്നത്.
ഗാലക്സി എം34 5ജി സ്മാർട്ട്‌ഫോൺ വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും നോ-ഷേക്ക് ക്യാമറ ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. 120Hz AMOLED ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5 സ്‌ക്രീൻ, 6000mAh ബാറ്ററി എന്നിവയുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്. ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ ഇമേജ് സെൻസർ ആണ് ഗാലക്സി M34 ലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തെ നയിക്കുന്നത്. ഫോണിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് അല്ലെങ്കിൽ മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി M34 5Gയുടെ 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില.
ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്ന ഫോണാണ് മോട്ടറോള എഡ്ജ് 30. അവരവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനാകുന്ന സ്റ്റോക്ക് ആൻഡ്രോയ്ഡ് ഒ.എസോട് കൂടിയാണ് ഇത് വരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും കനവും ഭാരവും കുറഞ്ഞ ഫോണുകളിലൊന്നാണിത്. വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും അനുയോജ്യമായ മികച്ച ഡിസ്പ്ലവേയാണിതിന് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 778G+ ചിപ്‌സെറ്റ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,020mAh ബാറ്ററി, 50MP ട്രിപ്പിൾ-റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് മോട്ടറോള എഡ്ജ് 30-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.
6.67 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷത. മൂന്ന് ക്യാമറയുമായി വരുന്ന റെഡ്മി നോട്ട് 12 പ്രോ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 6ജിബി+128ജിബി- 24999, 8 ജിബി+128ജിബി- 26999, 8 ജിബി+256 ജിബി- 27999 എന്നിങ്ങനെയാണ് വില. റെഡ്മി നോട്ട് 12 പ്രോ ഫ്ലിപ്കാർട്ട്, ആമസോൺ, റെഡ്മി വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാണ്.