ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിച്ചവരാണ് ബജാജ് (Bajaj). പുറത്തു വന്ന ടൈപ്പ്-അപ്രൂവൽ ഡോക്യുമെന്റ് അനുസരിച്ച്, 2023 ബജാജ് ചേതക്ക് (Bajaj Chetak) ഓട്ടോമേറ്റഡ് ട്രാൻസ്‍മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ എത്തിക്കുന്ന അതേ 3.8kW/4.1kW ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 24.5 കിലോഗ്രാം ഭാരമുള്ള ഒരു ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി 283 കിലോഗ്രാം ആയിരിക്കും വാഹനത്തിന്റെ മൊത്തം ഭാരം. ഇവി (EV) വിപണിയിൽ ഇന്നും ഒരു പ്രത്യേക സ്ഥാനത്തിരിക്കാൻ ചേതക്കി(Chetak)ന് സാധിക്കുന്നുണ്ട്.
2019-ൽ ലോഞ്ച് ചെയ്ത മോഡലിലേക്ക് ചെറിയ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ ബ്രാൻഡ് ഒരിക്കലും മടികാണിച്ചിട്ടില്ല. 2022-ൽ ചേതക്കി (Chetak)ന്റെ ഏകദേശം 30,000 യൂണിറ്റുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജി(Bajaj)ന് കഴിഞ്ഞു. 2023-ൽ ഇത് ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ് (Bajaj). അതിന്റെ ഭാഗമായി മോഡലിലേക്ക് ചെറിയൊരു നവീകരണം നടപ്പിലാക്കാൻ പോവുകയാണ് ബജാജ് (Bajaj). അതും മെക്കാനിക്കൽ പരിഷ്ക്കാരങ്ങളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് വരുന്നത് എന്നതാണ് സന്തോഷം നൽകുന്ന കാര്യം.
ബാറ്ററിയുടെ മാത്രം ഭാരം 24.5 കിലോയാണ്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ഇവിയിൽ നൽകുന്ന ബജാജ് (Bajaj) ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മാറ്റങ്ങളോടെ ബജാജ് ചേതക് (Bajaj Chetak) EVക്ക് പൂർണ ചാർജിൽ 108 കിലോമീറ്റർ വരെ റേഞ്ച് നൽകിയേക്കുമെന്നാണ് വിവരം. പുതിയ ബജാജ് ചേതക് വലിപ്പത്തിന്റെ കാര്യത്തിലും നിലവിലെ മോഡലിന് സമാനമാണ്.
ചെറിയ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇവി അതിന്റെ മെറ്റാലിക് ബോഡി, IP67-റേറ്റഡ് ബാറ്ററി, ട്യൂബ് ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകൾ, ബാക്ക്-ലൈറ്റിംഗ് ഉള്ള സോഫ്റ്റ്-ടച്ച് സ്വിച്ച് ഗിയർ, 18 ലിറ്റർ ബൂട്ട് സ്‌പേസ്, 4 ലിറ്റർ ഗ്ലൗ ബോക്‌സ്, എൽഇഡി ലൈറ്റിംഗ് എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം നിലനിർത്തിയേക്കും. പുതിയ 2023 ബജാജ് ചേതക്കിന്റെ വിലകൾ നിലവിലെ മോഡലിന് സമാനമോ കുറവോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തേത് 1.46 ലക്ഷം രൂപ വിലയുള്ള പ്രീമിയം വേരിയന്റിൽ ലഭ്യമാണ്.