തിയേറ്ററുകളിൽ ദൃശ്യവിരുന്ന് ഒരുക്കിയ 2018 മാത്രമല്ല, വിശ്വവിഖ്യാത സംവിധായകന്റെ ഹോളിവുഡ് 3D ചിത്രവും OTTയിൽ എത്തിയിരിക്കുകയാണ്. ടൈറ്റാനിക്, അവതാർ പോലുള്ള ബൃഹത് ചിത്രങ്ങൾ ഒരുക്കിയ ജെയിംസ് കാമറൂണിന്റെ അവതാർ: ദി വേ ഓഫ് വാട്ടർ 6 ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു.
2009ൽ റിലീസ് ചെയ്ത Avatar എന്ന സയൻസ് ഫിക്ഷൻ തുടർച്ചയാണ് 2022ന്റെ അവസാനം തിയേറ്ററുകളിൽ എത്തിച്ച അവതാർ 2. തിയേറ്ററുകളിലെ 3D അനുഭവം OTTയിൽ സാധ്യമല്ലെങ്കിലും, ഡിജിറ്റൽ പ്രദർശനം ആരംഭിച്ചതിന് പിന്നാലെ വൻ അഭിനന്ദന പ്രവാഹമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
13 വർഷം മുമ്പ് എത്തിയ അവതാറിന്റെ തുടർച്ചയായാണ് അവതാർ: ദി വേ ഓഫ് വാട്ടർ ഒരുക്കിയത്. സാം വർത്തിംഗ്ടൺ, സിഗോർണി വീവർ, കേറ്റ് വിൻസ്ലെറ്റ്, സോ സൽദാന, സ്റ്റീഫൻ ലാംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആഗോളതലത്തിൽ Avatar 2 തിയേറ്റർ റിലീസിലൂടെ 2.2433 ബില്യൺ ഡോളർ കളക്ഷൻ സ്വന്തമാക്കി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമായും സിനിമ ഖ്യാതി നേടി.
പാണ്ടോറ എന്ന വിദൂര ഗ്രഹത്തിലാണ് അവതാർ 2ന്റെ കഥ മുന്നേറുന്നത്. മികച്ച സാങ്കേതിക വിദ്യയും ദൃശ്യവിരുന്നും പ്രമേയവും അവതാറിന്റെ ആദ്യ ഭാഗത്തിനും പ്രശംസ നേടിക്കൊടുത്തു. Avatar 2ഉം ഇതേ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ജെക്ക് സള്ളി എന്ന പട്ടാളക്കാരൻ പണ്ടോറയിൽ എത്തിപ്പെടുന്നതും, അവിടുത്തെ ജനങ്ങളെ മനുഷ്യരുടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതുമായിരുന്നു അവതാർ ആദ്യചിത്രത്തിന്റെ ഇതിവൃത്തം. പിന്നീട് കുടുംബജീവിതവുമായി മുന്നോട്ട് പോകുന്ന സള്ളിയുടെയും പണ്ടോറയുടെയുമിടയിൽ വീണ്ടും മനുഷ്യ ആക്രമം ഉണ്ടാകുന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥാപശ്ചാത്തലം.
റിലീസ് ചെയ്ത് അര വർഷം പിന്നിടുമ്പോഴാണ് അവതാർ 2 OTT റിലീസിന് എത്തുന്നത്. കഴിഞ്ഞ ദിവസം അതായത് ജൂൺ 7 മുതൽ Avatar 2ന്റെ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ 6 ഭാഷകളിൽ സബ്‌ടൈറ്റിലുകളോടെ, അവതാർ: ദി വേ ഓഫ് വാട്ടർ സ്ട്രീം ചെയ്യുന്നു. Disney+ Hotstarലാണ് സിനിമ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.