ഓട്ടോഹോൾഡ് ഫീച്ചറുമായി 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾ

ഓട്ടോഹോൾഡ് ഫീച്ചറുമായി 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾ
HIGHLIGHTS

ഓട്ടോ ഹോൾഡ് ഫീച്ചറുമായി ഏഥർ എനർജി

ഏഥർ Gen3 സ്‌കൂട്ടറുകളിലേക്കും ഓട്ടോഹോൾഡ് ഫീച്ചർ അവതരിപ്പിക്കും

ഈ ഫീച്ചർ ബ്രേക്കുകൾ ഉപയോഗിക്കാതെ സ്വയമേവ പ്രവർത്തിക്കുന്നു

ഇലക്‌ട്രിക് വാഹന രംഗത്ത് പ്രശസ്‌തമായ ബ്രാൻഡാണ് ഏഥർ എനർജി (Ather Energy). 450 സീരീസ് ഇ-സ്‌കൂട്ടറുകളിലൂടെ രാജ്യത്ത് തിളങ്ങി നിൽക്കുന്ന കമ്പനി മോഡലുകൾ പരിഷ്ക്കരിക്കാനും ശ്രമിക്കാറുണ്ട്. ഏഥർ ഈ മാസം ആദ്യം 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഏഥർസ്റ്റാക്ക് 5.0 വേർഷനാണ് ഏഥർ കൊണ്ടുവന്നിരിക്കുന്നത്. ആദ്യമായി പുതിയ ഓട്ടോ ഹോൾഡ് ഫീച്ചർ (Auto hold feature) 450 പ്ലസ്, 450X ഇവികളിൽ വരുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. പഴയ മോഡലുകളിൽ മാത്രമല്ല, കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഏഥർ Gen3 സ്‌കൂട്ടറുകളിലേക്കും ഓട്ടോഹോൾഡ് ഫീച്ചർ (Auto hold feature) അവതരിപ്പിക്ക്മെന്ന് ബ്രാൻഡ് ഉറപ്പ് നൽകുന്നു.

ഓട്ടോഹോൾഡ് ഫീച്ചർ (Auto hold feature) ഫെബ്രുവരി ഒന്നു മുതൽ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ലഭ്യമാകുമെന്ന് ഏഥർ എനർജി സ്ഥിരീകരിച്ചിരിക്കുകയാണ്. ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുടെ സംയോജനമാണ് ഏഥർ ഓട്ടോ ഹോൾഡിലൂടെ കൊണ്ടുവരുന്നത്. സ്‌കൂട്ടർ ഒരു ചരിവിലോ ഇറക്കത്തിലോ നിർത്തിയാൽ വാഹനം ഇത് സ്വയമേ കണ്ടെത്തുകയും തുടർന്ന് ബ്രേക്ക് പിടിക്കാതെ തന്നെ വാഹനം ഉരുളാതിരിക്കാൻ ബ്രേക്കിംഗ് നൽകുകയും ചെയ്യുന്നതിനാണ്  ഓട്ടോഹോൾഡ് ഫീച്ചർ എന്ന് പറയുന്നത്.

ഈ ഫീച്ചർ ബ്രേക്കുകൾ ഉപയോഗിക്കാതെ സ്വയമേവ പ്രവർത്തിക്കുന്നു. സ്കൂട്ടറിന്റെ സെറ്റിംഗ്‌സ് മെനുവിൽ ഉപഭോക്താക്കൾക്ക് ഈ ഫീച്ചറിന്റെ പ്രവർത്തനം ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യാം. ഓട്ടോഹോൾഡ് ഫീച്ചറിന് പുറമെ ടാപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സ്വൈപ്പിംഗിനെ ആശ്രയിക്കുന്ന ഒരു പുതിയ യൂസർ ഇന്റർഫേസാണ് ഏഥർസ്റ്റാക്ക് 5.0 അവതരിപ്പിക്കുന്നത്. സ്‌ക്രീനുമായി ആശയവിനിമയം നടത്തുന്നതിനുള്ള മികച്ച മാർഗമാണ് സ്വൈപ്പിംഗ് എന്ന് ഏഥർ പറയുന്നു.

പവർ ഉപയോഗവും ഉപഭോഗവും കാണിക്കുന്ന ഒരു പുതിയ റൈഡ് ഇന്റർഫേസും ഏഥർസ്റ്റാക്കിന്റെ അഞ്ചാം പതിപ്പിൽ ഉണ്ട്. ഏഥർ അതിനെ 'വിംഗ്സ് ഓഫ് പവർ' എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്ലൂടൂത്ത് കണക്ഷൻ, ട്രിപ്പ് വിവരങ്ങൾ, മാപ്പുകൾ എന്നിവയിലൂടെ വേഗത്തിൽ നാവിഗേറ്റ് ചെയ്യാൻ ഹോംസ്‌ക്രീനിൽ ഇപ്പോൾ ടൈലുകൾ ഉണ്ടെന്നതും ഹൈലൈറ്റായി കാണാം. കൂടാതെ മാപ്പിലും കൂടുതൽ അപ്ഡേഷനുകൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഏഥർ ഇതിനെ വെക്റ്റർ മാപ്സ് എന്നാണ് വിളിക്കുന്നത്. ഇത് ഇപ്പോഴും ഗൂഗിൾ നൽകുന്നതാണ്. എന്നാൽ കൂടുതൽ സൗകര്യപ്രദവും യൂസർ ഫ്രണ്ട്‌ലിയും ആയിട്ടുണ്ടെന്നു വേണം പറയാൻ.

ഒരു സ്മാർട്ട്ഫോണിൽ ഉള്ളത് പോലെ യുഐ പ്രവർത്തിപ്പിക്കും. ലൈവ് നാവിഗേഷനും ട്രാഫിക്കുമായി മാപ്പുകൾ വരുന്നത് റൈഡിംഗ് കൂടുതൽ എളുപ്പമാക്കും. മാത്രമല്ല, റൈഡറിന് റൊട്ടേറ്റ് ചെയ്യാനും ലേഔട്ടിന്റെ മാറ്റാനും കഴിയുമെന്നും ഏഥർ പറയുന്നു. ഈ സവിശേഷതകൾക്ക് പുറമെ ക്രൂയിസ് കൺട്രോൾ, അഡ്വാൻസ്ഡ് റീജൻ, ക്രാൾ കൺട്രോൾ എന്നിവയും 50 പ്ലസ്, 450X ഇ-സ്കൂട്ടറുകളിലേക്ക് പിന്നീടുള്ള ഘട്ടത്തിൽ കമ്പനി അവതരിപ്പിക്കും.

Digit.in
Logo
Digit.in
Logo