ശബരിമലയിൽ നാണയം എണ്ണാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്സ് ഉപയോഗിക്കും!

Updated on 31-Jan-2023
HIGHLIGHTS

ശബരിമലയിൽ നാണയ എണ്ണൽ നിലവിൽ ദേവസം ബോർഡ് നിർത്തി വച്ചിരിക്കുകയാണ്

വഴിപാടായി ലഭിക്കുന്ന നാണയങ്ങൾ എണ്ണാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാനാണ് ആലോചന

കാണിക്കയും വഴിപാടുകളും ഓൺലൈൻ ആക്കുന്ന കാലവും വിദൂരമല്ല

ശബരിമല(Sabarimala)യില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ അതിനാൽ തന്നെ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍. നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാൻ ആണ് ദേവസ്വം ബോർഡിന്‍റെ  തീരുമാനം. തുടർച്ചയായി ജോലി ചെയുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. എഴുപത് ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതലായിരിക്കും എണ്ണുന്നത്.

ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന വൻ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താൻ (Coin counting in Sabarimala temple) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ ആലോചനയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച് രണ്ട് പദ്ധതികളുടെ നിർദേശങ്ങൾ ഇതിനോടകം തന്നെ ബോർഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനിൽ നിന്നുമാണ് പ്രപ്പോസൽ ലഭിച്ചത്.

എഞ്ചിനീയറിങ് കോളേജിലെ AI വിഭാഗത്തിൽ നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവർത്തനവും വിശദീകരിച്ചതായി ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ നിർദേശങ്ങളും പരിശോധിച്ച ശേഷം, സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ശബരിമലയിൽ നാണയങ്ങൾ വേർതിരിക്കുന്ന മൂന്ന് യന്ത്രങ്ങളാണുള്ളത്. അവ നാണയങ്ങൾ കൂട്ടമായി വേർതിരിക്കുന്നു. വഴിപാട് പെട്ടികളിൽ നിക്ഷേപിച്ചിരിക്കുന്ന അരി, പൂക്കൾ, മടക്കിയ കറൻസികൾ എന്നിവ പോലുള്ള മറ്റ് വസ്തുക്കൾ നീക്കം ചെയ്തുകൊണ്ടാണ് ഈ വേർതിരിക്കാൻ പ്രക്രിയ നടക്കുന്നത്. എന്നാൽ ഇത് നാണയത്തിന്റെ മൂല്യം അനുസരിച്ച് വേർതിരിക്കുന്നില്ല.

ശബരിപീഠം മുതൽ സന്നിധാനം വരെയും മാളികപ്പുറത്തെയും വഞ്ചികൾക്കും പുറമെ ശ്രീകോവിലിനു മുന്നിലെ കാണിക്ക വഞ്ചിയിൽ നിന്നും കൺവയർ ബെൽറ്റ് വഴി വരുന്ന കാണിക്കയുമാണ് എണ്ണുന്നത്. മൂന്ന് സ്ഥലങ്ങളിലായാണ് ഈ ദിവസങ്ങളിൽ ജീവനക്കാർ ജോലി നിർവഹിച്ചത്. മകരവിളക്കിനു ശേഷവും ഭക്തജന തിരക്ക് ഉണ്ടായതോടെ ബോർഡിന്റെ മുൻ കണക്കുകൂട്ടലുകൾ തകിടം മറിയുകയായിരുന്നു.

ശബരിമലയിൽ ഇത്തവണ ഉയർന്ന വരുമാനമാണ് ലഭിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും നാണയങ്ങൾ എണ്ണി തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഇനിയുള്ള കാലം ഭഗവാനുള്ള സമർപ്പണം എല്ലാം ഡിജിറ്റൽ ആക്കണമെന്നുള്ള അഭ്യർഥന നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇപ്പോൾ ദർശനം ഡിജിറ്റൽ ബുക്കിങ്ങിലൂടെ ആക്കിയത് പോലെ കാണിക്കയും വഴിപാടുകളും എല്ലാം ഓൺലൈൻ വഴിയാക്കേണ്ടി വരുന്ന കാലം വിദൂരമല്ല.

Connect On :