ആപ്പിൾ വാർഷിക ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ അവതരിപ്പിച്ച വിഷൻ പ്രോ, എആർ ഹെഡ്സെറ്റിനെ പുതിയതരം കമ്പ്യൂട്ടറെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ധരിച്ച് കഴിഞ്ഞാൽ പിന്നെ ചുറ്റുമൊന്നുമുള്ളത് കാണാൻ കഴിയാത്ത പരമ്പരാഗത എആർ ഹെഡ്സെറ്റുകളെ പോലെയല്ല ആപ്പിൾ വിഷൻ പ്രോ മിക്സഡ് റിയാലിറ്റി ഹെഡ്സൈറ്റ്. ഹൈ റെസല്യൂഷൻ ഡിസ്പ്ലെ ചുറ്റുപാടുകൾ തിരിച്ചറിയാനും സഹായിക്കും. ഐ, വോയ്‌സ് കൺട്രോൾ സപ്പോർട്ടും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഒരേ സമയം ഓഗ്മെന്റഡ് റിയാലിറ്റിക്കും (AR), വെർച്വൽ റിയാലിറ്റിക്കും (VR) വിഷൻ പ്രോ, എആർ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് സപ്പോർട്ട് നൽകുന്നു. ഐഫോണുകളും ഐപാഡുകളും ലാപ്ടോപ്പുകളുമടക്കം നിലവിൽ നാം ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകൾക്കും പകരമാകാനോ പിന്നിലാക്കാനോ ആപ്പിൾ വിഷൻ പ്രോയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലും ഫോണിലും ചെയ്യാവുന്നതെന്തും വിഷൻ പ്രോയിൽ (Apple Vision Pro) ചെയ്യാവുന്ന വിധത്തിലേക്കാണ് സാങ്കേതികവിദ്യ വളരുന്നത്.
അലുമിനിയം ഫ്രെയിമും ഗ്ലാസ് ഡിസ്പ്ലെയും സ്കീ ഗോഗിൾസിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ഡിവൈസിന് നൽകുന്നത്. ഡിവൈസിനെ മുഖത്തോട് ചേർത്ത് വയ്ക്കുന്ന ഭാഗം ഫാബ്രിക് ലൈൻഡ് ആയ മാസ്ക് ഉപയോഗിച്ച് കംഫർട്ടബിൾ ആക്കിയിട്ടുണ്ട് ഒപ്പം പ്രോഡക്റ്റിനെ ഉറപ്പിച്ച് നിർത്താൻ സ്ട്രാപ്പും നൽകിയിരിക്കുന്നു. ബാറ്ററി പായ്ക്ക് കേബിൾ വഴിയാണ് ഹെഡസെറ്റുമായി ഘടിപ്പിച്ചിരിക്കുന്നത്. യൂസേഴ്സിന് ധരിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നതെന്നതും അറിഞ്ഞിരിക്കണം.
കണ്ണുകൾ ഉപയോഗിച്ച് ഹെഡ്സെറ്റ് നിയന്ത്രിക്കാൻ കഴിയുമെന്നാണ് ആപ്പിൾ പറയുന്നത്. ഡിസ്പ്ലെയിലെ ഗ്രാഫിക്കൽ ഘടകങ്ങളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. സമാനമായി വിരലുകൾ ഞൊടിച്ചും വോയ്സ് കമാൻഡുകൾ നൽകിയും ഡിവൈസിലെ വിവിധ ഓപ്ഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. അത് പേലെ തന്നെ ധരിക്കുന്നയാൾക്ക് ടെക്സ്റ്റ് എന്റർ ചെയ്യാനും സാധിക്കും.
നേരത്തെ പറഞ്ഞത് പോലെ ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോൾ തന്നെ അവരുടെ ചുറ്റുപാടുകൾ കാണാനും മനസിലാക്കാനും യൂസേഴ്സിന് കഴിയും. ഐസൈറ്റ് എന്നാണ് ഈ ഫീച്ചറിനെ വിളിക്കുന്നത്. ഡിവൈസിന് ചുറ്റുമുള്ള ക്യാമറ സെൻസറുകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഹെഡ്സെറ്റിന്റെ വലത് വശത്ത് നൽകിയിരിക്കുന്ന ഡയൽ എആർ, വിആർ മോഡുകൾക്കിടയിൽ സ്വിച്ച് ചെയ്യാൻ അനുവദിക്കുന്നു. ആപ്പുകൾ ആക്സസ് ചെയ്യാനും ഈ ഡയൽ ഉപയോഗിക്കാൻ കഴിയും.
ആപ്പിളിന്റെ എം2 ചിപ്പും, എം2 ചിപ്പിനെ ബേസ് ചെയ്തെത്തുന്ന ആർ1 എന്ന പുതിയ ചിപ്പ്സെറ്റും ആപ്പിൾ വിഷൻ പ്രോയുടെ കരുത്താണ്. മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിൽ 12 ക്യാമറകൾ, അഞ്ച് സെൻസറുകൾ, ആറ് മൈക്രോഫോണുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്. ഹൈ-സ്പീഡ് മെയിൻ ക്യാമറകൾ, ഹാൻഡ് ട്രാക്കിങിനുള്ള ക്യാമറകൾ, ഐആർ ഇല്യൂമിനേറ്ററുകൾ, സൈഡ് ക്യാമറകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഏകദേശം 2,88,700 രൂപയാണ് ആപ്പിൾ വിഷൻ പ്രോയുടെ വില. ഈ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് അടുത്ത വർഷം ആദ്യത്തോടെ അമേരിക്കയിലെ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ വിൽപ്പനയ്ക്ക് എത്തും. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിഷൻ പ്രോ ഹെഡ്സെറ്റ് ലഭ്യമാകും. എന്നാൽ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് വിഷൻ പ്രോ ഹെഡ്സെറ്റ് എന്നെത്തുമെന്ന കാര്യത്തിൽ ഒരു സ്ഥിരീകരണം ലഭ്യമായിട്ടില്ല.