പ്രതിവർഷം 20 ബില്യൺ ഡോളറാണ് ആപ്പിൾ (Apple) ഗൂഗിൾ (Google) സെർച്ച് എഞ്ചിനായി ചെലവഴിക്കുന്നത്. ഈ ചെലവ് നിയന്ത്രിക്കുന്നതിനുള്ള ബദൽ മാർഗമായി സ്വന്തമായൊരു സെർച്ച് എഞ്ചിനുള്ള ആലോചനയിലാണ് ആപ്പിൾ. ഇതിന്റെ ഭാഗമായി ലേസർലൈക്കിൽ നിന്നുള്ള ഐപികളുടെ സഹായത്തോടെ ആപ്പിൾ കമ്പനി സ്വന്തമായി ഒരു സെർച്ച് എഞ്ചിൻ (search engine) പ്രവർത്തിപ്പിക്കുന്നുവെന്നാണ് ദി ഇൻഫർമേഷൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കമ്പനി ആരംഭിച്ച സംരഭമാണ് ലേസർലൈക്ക് (Laserlike).
എങ്കിലും ഗൂഗിളിന് എതിരാളിയായി ഒരു സെർച്ച് എഞ്ചിൻ എന്നത് അത്ര സുഗമമായ മാർഗമായിരിക്കില്ല. സെർച്ച് എഞ്ചിന് വേണ്ടിയുള്ള ആപ്പിളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാം. ഗൂഗിളിനെ പോലെ ഒരു സെർച്ച് എഞ്ചിൻ കൊണ്ടുവരിക എന്നത് ആപ്പിളിന് ശ്രമകരമായ ഒരു ലക്ഷ്യമാണെന്ന് തന്നെ പറയാം.
2018ലാണ് AI സ്റ്റാർട്ടപ്പായ ലേസർലൈക്ക് (Laserlike) ആപ്പിലിനായി ഒരു സെർച്ച് എഞ്ചിൻ ആരംഭിക്കുന്നതിനായുള്ള പദ്ധതിയ്ക്ക് തുടക്കമിടുന്നത്. ഈ സംരംഭത്തിന് നേതൃത്വം നൽകിയത് ഗൂഗിളിന്റെ ചില പ്രതിനിധികളായിരുന്നു എന്നതാണ് മറ്റൊരു വാസ്തവം. ഇത് സെർച്ച് എഞ്ചിൻ നിർമിക്കുന്നതിനുള്ള ആപ്പിളിന്റെ താൽപ്പര്യത്തിനും ഉത്തേജകമായി.
എന്നാൽ ലേസർലൈക്കിന്റെ സ്ഥാപകരായ മൂന്ന് പേരും പിന്നീട് ഗൂഗിളിലേക്ക് മടങ്ങിയെത്തി. സെർച്ച് എഞ്ചിൻ കൊണ്ടുവരുന്നതിനുള്ള ആപ്പിളിന്റെ ലക്ഷ്യത്തിന് ഇതൊരു പ്രഹരമായിരുന്നു. അതിനാൽ തന്നെ, 2026ന് മുമ്പ്, അതായത് അടുത്ത നാല് വർഷത്തിനുള്ളിൽ ആപ്പിളിൽ നിന്നും ഒരു സെർച്ച് എഞ്ചിൻ (Search Engine) പിറവി കൊള്ളാൻ സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും, വെറുമൊരു സെർച്ച് എഞ്ചിൻ എന്ന ഓപ്ഷനിൽ മാത്രമല്ല ആപ്പിൾ ലക്ഷ്യം വയ്ക്കുന്നത്. സിരി, സ്‌പോട്ട്‌ലൈറ്റ്, ആപ്പ് സ്റ്റോർ എന്നിവയുടെ സെർച്ച് ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടിയുള്ള ഫീച്ചറുകളാണ് ആപ്പിൾ വികസിപ്പിച്ചെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് ആപ്പിളിന്റെ ഗുണഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടിത്തരുമെന്നാണ് പറയുന്നത്.