ആപ്പിൾ സ്റ്റോറുകളിൽ കോടികളുടെ വിൽപന
ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ കോടികൾ വാരുന്നതായി റിപ്പോർട്ട്
ആപ്പിളിന് രണ്ട് റീട്ടെയിൽ സ്റ്റോറുകളാണ് ഇന്ത്യയിലുള്ളത്
രണ്ട് സ്റ്റോറുകളിലും ഏകദേശം 50 കോടി രൂപയുടെ വിൽപ്പന നടന്നതായാണ് റിപ്പോർട്ട്
ഇന്ത്യയെയും ആപ്പിളി (Apple) നെയും ഞെട്ടിച്ചുകൊണ്ട് ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ കോടികൾ വാരുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യയിൽ ആപ്പിളി (Apple) ന് രണ്ട് റീട്ടെയിൽ സ്റ്റോറുകൾ മാത്രമാണ് ഉള്ളത്. ഈ രണ്ട് സ്റ്റോറുകളിൽ നിന്നുമായി ഏതാണ്ട് 44-50 കോടി രൂപയുടെ വിൽപ്പന നടന്നതായാണ് റിപ്പോർട്ട്. ഇന്ത്യയുമായുള്ള ആപ്പിളി (Apple) ന്റെ ബന്ധത്തിൽ പുതിയൊരു ചരിത്ര ഏട് എഴുതിച്ചേർത്തുകൊണ്ട് ആളും ആരവങ്ങളുമായി ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറായ ആപ്പിൾ ബികെസി(മുംബൈ) 2023 ഏപ്രിൽ 18 നാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാമത്തെ റീട്ടെയിൽ സ്റ്റോറായ ആപ്പിൾ (Apple) സാകേത് (ഡൽഹി) ഏപ്രിൽ 20ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഉദ്ഘാടന ദിവസം ആപ്പിൾ ബികെസി 10 കോടി രൂപയുടെ വിൽപ്പന നടത്തി
ആപ്പിൾ (Apple) സിഇഒ ടിം കുക്ക് നേരിട്ടെത്തിയാണ് ഇന്ത്യയിലെ ഈ രണ്ട് റീട്ടെയിൽ സ്റ്റോറുകളും ഉദ്ഘാടനം ചെയ്തത്. വിപുലമായ ഉൽപ്പന്നങ്ങളുടെ സമ്പന്നശേഖരവുമായി റീട്ടെയിൽ സ്റ്റോറിന്റെ വാതിൽ ഇന്ത്യക്കാർക്കായി തുറന്നുനൽകിയ ടിം കുക്കിനെപ്പോലും ഞെട്ടിക്കുന്ന വരുമാനമാണ് ഈ രണ്ട്
സ്റ്റോറുകളും ഒരു മാസംകൊണ്ട് നേടിയിരിക്കുന്നത്. ഉദ്ഘാടന ദിവസം ആപ്പിൾ ബികെസി 10 കോടി രൂപയുടെ വിൽപ്പന നടത്തിയതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പ്രതീക്ഷിച്ചതിലും വലിയ വരുമാനമാണ് ആപ്പിളിന്റെ സ്റ്റോറുകൾ നേടിയത്
ആപ്പിൾ (Apple) പ്രതീക്ഷിച്ചതിലും വലിയ വരുമാനമാണ് ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ കമ്പനിക്ക് സമ്മാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും വലുപ്പത്തിൽ ചെറുതാണെങ്കിലും (ഏകദേശം 8,500 ചതുരശ്ര അടി) വരുമാനത്തിന്റെ കാര്യത്തിൽ മുംബൈ സ്റ്റോറിനേക്കാൾ (ഏകദേശം 22,000 ചതുരശ്ര അടി) ഒരടി മുന്നിൽ നിൽക്കുന്നത് ഡൽഹിയിലെ ആപ്പിൾ സാകേത് സ്റ്റോർ ആണ്.
നിലവിൽ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീട്ടെയിലർ ആപ്പിൾ സ്റ്റോർ ആണ്
സാകേത്, ബികെസി സ്റ്റോറുകളിൽ ഉദ്ഘാടന ദിവസം ഏതാണ്ട് 6,000-ത്തിൽ അധികം ആളുകൾ എത്തിയതായും റിപ്പോർട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന വരുമാന കണക്കുകളുടെ അടിസ്ഥാനത്തിൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീട്ടെയിലർ ആപ്പിൾ സ്റ്റോർ ആണ്. ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിൽ 22,000 ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതിചെയ്യുന്ന ആപ്പിൾ ബികെസി സ്റ്റോറിന് 42 ലക്ഷം രൂപയുമാണ് പ്രതിമാസ വാടക. ഡൽഹിയിലെ സാകേത് സ്റ്റോറിന് 40 ലക്ഷവും വാടകയായി നൽകുന്നുണ്ട്. രണ്ട് സ്റ്റോറുകളിലും നൂറിലേറെ ജീവനക്കാരെയും ആപ്പിൾ നിയമിച്ചിട്ടുണ്ട്. ഈ ചെലവുകളൊക്കെ മാറ്റി നിർത്തിയാലും വൻ ലാഭമാണ് രണ്ട് റീട്ടെയിൽ സ്റ്റോറുകളും ചേർന്ന് ആപ്പിളിന് നൽകുന്നത്.
സ്റ്റോറുകൾ തുറന്നതുമുതൽ ഇന്ത്യക്കാർ ഇടിച്ചുകയറി ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടിയതോടെ കമ്പനിയുടെ കണക്കുകളെ മറികടന്നുള്ള വിൽപ്പനയുമായി ആപ്പിൾ വരുമാനം കുതിച്ച് കയറുകയായിരുന്നു. 25 രാജ്യങ്ങളിലായി 500-ലധികം റീട്ടെയിൽ സ്റ്റോറുകളാണ് ആപ്പിളിനുള്ളത്. ഈ രാജ്യങ്ങളിലെ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിപണനത്തിന്റെ നിർണായക കേന്ദ്രങ്ങളാണ് ഈ സ്റ്റോറുകൾ. അതേസമയം, ഇന്ത്യയിൽ ആരംഭിച്ച രണ്ട് സ്റ്റോറുകളുടെയും വിൽപ്പന വരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ ആപ്പിൾ വിസമ്മതിച്ചു.