ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യുന്നതായി പരാതി ഉയരുന്നു. Apple ഫോണിൽ ലഭിച്ച warning message സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് നേതാക്കൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസ് എംപി ശശി തരൂർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖ നേതാക്കൾക്കെല്ലാം അവരുടെ ഫോണിൽ ഇത്തരത്തിൽ വിചിത്രമായ മെസേജ് ലഭിച്ചതായാണ് ലഭിക്കുന്ന വിവരം. രാഷ്ട്രീയ പ്രമുഖർക്ക് പുറമെ, ചില മാധ്യമപ്രവർത്തകർക്കും ആപ്പിൾ മുന്നറിയിപ്പ് സന്ദേശം അയച്ചതായി പറയുന്നു.
ശശി തരൂരിന് ഉൾപ്പെടെ അവരുടെ ഐഫോണുകളിൽ “സ്റ്റേറ്റ് സ്പോൺസേർഡ് അറ്റാക്ക്” എന്ന മുന്നറിയിപ്പ് സന്ദേശം അയച്ചുവെന്നാണ് വാർത്തകളിൽ പറയുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്നും, ഇത് കണ്ടിട്ട് സഹതാപമാണ് തോന്നുന്നതെന്നും പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ട്വിറ്ററിൽ കുറിച്ചു.
Also Read: ഹൃദയ സ്പന്ദനം നിരീക്ഷിക്കാൻ TWS Earbuds-ൽ പുത്തൻ ടെക്നോളോജി
കോൺഗ്രസ് നേതാക്കളായ, ശശി തരൂർ, പവൻ ഖേര, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി എന്നിവർക്കെല്ലാം ആപ്പിളിൽ നിന്ന് അപായ സന്ദേശം ലഭിച്ചു. സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന സ്പൈവെയറുകൾ ഉണ്ടെന്നും, ഇത് നിങ്ങളുടെ ഐഡന്റിറ്റിയയോ പ്രൊഫഷണൽ പ്രവർത്തനങ്ങളെയോ ലക്ഷ്യം വച്ചേക്കാമെന്നും ആപ്പിൾ മെസേജിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കും ഇത്തരം അപായ സന്ദേശം ലഭിച്ചുവെന്ന് പരാതി ഉയരുന്നുണ്ട്.
ദി ക്വിന്റ് റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് വക്താവ് പവൻ ഖേര എന്നിവർക്ക് അപായ സന്ദേശം ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ് സുപ്രിയ ശ്രീനേറ്റ്, എഎപി പ്രതിനിധി രാഘവ് ചദ്ദ, എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, ശിവസേന എംപി പ്രിയങ്ക ചതുർവേദി, മാർക്സിസ്റ്റ് മേധാവി സീതാറാം യെച്ചൂരി എന്നിവർക്കെല്ലാം ആപ്പിൾ മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ, ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് സമീർ ശരൺ തുടങ്ങിയ മാധ്യമ പ്രമുഖർക്കും ഗവേഷകർക്കും സർക്കാർ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി കാണിച്ചുള്ള ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ട്.
‘ആപ്പിൾ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ ഐഫോൺ ഹാക്ക് ചെയ്യാൻ ചിലർ ശ്രമം നടത്തുന്നു. നിങ്ങൾ ആരാണെന്നതും, എന്താണ് ചെയ്യുന്നതെന്നും അനുസരിച്ച് നിങ്ങളെ വ്യക്തിപരമായി ലക്ഷ്യം വച്ചാണ് ഈ ഹാക്കർമാർ നീങ്ങുന്നത്. നിങ്ങളുടെ ഉപകരണം ഇങ്ങനെ ആക്രമിക്കപ്പെട്ടാൽ നിങ്ങളുടെ സെൻസിറ്റീവ് ഡാറ്റയും, കമ്മ്യൂണിക്കേഷനും, ക്യാമറയും മൈക്രോഫോണും വരെ അവർക്ക് ആക്സസ് ചെയ്യാനാകും.
ഈ മുന്നറിയിപ്പിനെ ഗൌരവത്തോടെ പരിഗണിക്കൂ,’ എന്നാണ് ആപ്പിൾ അയച്ച അപായ സന്ദേശത്തിൽ വിശദമാക്കുന്നത്. മഹുവ മോയ്ത്രയാണ് തനിക്ക് ലഭിച്ച മുന്നറിയിപ്പ് മെസേജിന്റെ സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ പങ്കുവച്ചത്.