വാതുവെപ്പും ചൂതാട്ടവും; ക്യത്യമായ കാരണം പറയാതെ നടപടി ഇല്ലെന്ന് കേന്ദ്രത്തോട് ആപ്പിൾ

വാതുവെപ്പും ചൂതാട്ടവും; ക്യത്യമായ കാരണം പറയാതെ നടപടി ഇല്ലെന്ന് കേന്ദ്രത്തോട് ആപ്പിൾ
HIGHLIGHTS

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം ഈ ആപ്ലിക്കേഷനുകളിൽ ഉണ്ടെന്ന് കേന്ദ്രം

വാതുവെപ്പ് ആപ്പുകൾ നീക്കം ചെയ്യണമെങ്കിൽ, വ്യക്തമായ കാരണം വേണമെന്ന് Apple

ചൂതാട്ടത്തിനും, വാതുവെപ്പിനും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണമെന്ന കേന്ദ്രത്തിന്റെ ഉത്തരവിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ആപ്പിൾ. തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ചൂതാട്ട ആപ്പുകൾ നീക്കം ചെയ്യാൻ ഫെബ്രുവരിയിലാണ് Appleനോടും Googleനോടും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ഗൂഗിൾ ആപ്ലിക്കേഷനുകൾ ഒഴിവാക്കിയെങ്കിലും, ആപ്പിൾ ഈ ഉത്തരവിൽ വിശദീകരണം വേണമെന്ന ആവശ്യം മുന്നോട്ട് വച്ചു.

ഇന്ത്യയിലെ ഇത്തരത്തിൽ 138 ആപ്പുകൾ ഉണ്ടെന്നാണ് പറയുന്നത്. IT ആക്ടിലെ സെക്ഷൻ 69 എ ലംഘിച്ച ആപ്ലിക്കേഷനുകൾക്കെതിരെയാണ് ഇന്ത്യാ ഗവൺമെന്റ് നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം ഈ ആപ്ലിക്കേഷനുകളിൽ ഉണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്. 

ആപ്പിൾ സ്റ്റോറിൽ നിന്ന് വാതുവെപ്പ് ആപ്പുകൾ നീക്കം ചെയ്യണമെങ്കിൽ, വ്യക്തമായ കാരണം വേണമെന്നാണ് Apple പറയുന്നത്.ചില ആപ്ലിക്കേഷനുകളെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കാനും, ഇന്ത്യക്കാർ അത് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാനും കഴിയില്ലെന്ന് ആപ്പിൾ അറിയിച്ചു.

'നീക്കം ചെയ്യാൻ നിർദേശിച്ചിരിക്കുന്ന ഈ ആപ്പുകൾ മറ്റ് രാജ്യങ്ങളിൽ സാധുതയുള്ളവയാണ്. അവ നിയമപരമായി ആ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ നിന്നും ഈ ആപ്ലിക്കേഷനുകളെ പൂർണമായും തടയുക എന്നത് പ്രായോഗികമല്ല,' എന്നാണ് ആപ്പിൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ ഇത്തരത്തിൽ കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ ട്വിറ്റർ സ്വീകരിച്ച നടപടി അവലംബിക്കാം. അതായത് കോടതിയെ സമീപിച്ചുകൊണ്ട് കോടതിയ്ക്ക് ആപ്ലിക്കേഷന്റെ നിരോധനത്തിൽ തീരുമാനം എടുക്കാം.
നിരോധിത ആപ്പുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ട Betway, BetNetix, Bet Analytics എന്നീ 3 വാതുവെപ്പ് ആപ്പുകൾ ഇപ്പോഴും Apple ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. എന്നാൽ ഇവ Google Play Storeൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലെ ഉത്തരവിന് പിന്നാലെ, മാർച്ചിൽ ആപ്പിൾ എക്സിക്യൂട്ടീവുകളും ഇന്ത്യൻ ഐടി ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയിരുന്നു.

കേന്ദ്രം നിരോധനം ഏർപ്പെടുത്തിയ ശേഷം ബെറ്റ്‌വേയുടെ പ്രധാന ആപ്പ് ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തതായി ആപ്പിൾ അറിയിച്ചിരുന്നു. മറ്റ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാനായി, ആവയുടെ ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതുവഴി മാത്രമേ ചില രാജ്യങ്ങളിൽ നിന്ന് മാത്രമായി ആപ്പുകൾ നിരോധിക്കാൻ സാധിക്കൂ എന്നുമാണ് കമ്പനി അറിയിച്ചത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo