എല്ലാ പുതിയ സ്മാർട് ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ക്യാമറകൾക്കും 2024 മുതൽ ഒരൊറ്റ ചാർജർ മതിയെന്ന യൂറോപ്യൻ യൂണിയന്റെ നിയമം ആഗോള തലത്തിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വിധി ഏറ്റവുമധികം തിരിച്ചടിയായത് ആപ്പിളി (Apple) ന്റെ ഐഫോണുകൾക്കാണ്. നിയമം പാലിക്കേണ്ടതിനാൽ മറ്റ് വഴിയില്ലാതെ ആപ്പിളും (Apple) ഈ തീരുമാനം നടപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമം പാലിക്കുമെങ്കിലും ആപ്പിൾ (Apple) യുഎസ്ബി ടൈപ്പ്-സി പോർട്ടു (USB Type-C port)കൾ ചില പ്രത്യേകതകളോടുകൂടിയായിരിക്കും പുറത്തിറക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ആപ്പിൾ അധികം വൈകാതെ യുഎസ്ബി ടൈപ്പ് സി പോർട്ടു (USB Type-C port) കളുള്ള ഐഫോണുകൾ പുറത്തിറക്കും. യുഎസ്ബി സി പോർട്ടി (USB Type-C port) നായി കസ്റ്റം ഇന്റഗ്രേറ്റഡ് സർക്യൂട്ട് (IC) ഇന്റർഫേസ് ഉപയോഗിക്കാൻ ആപ്പിൾ (Apple)പദ്ധതിയിടുന്നു. ഐഫോണിന് വേണ്ടി മാത്രമായി ഡിസൈൻ ചെയ്ത ചാർജറല്ലാതെ മറ്റൊരു ചാർജറും ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ആപ്പിൾ (Apple) ചെയ്യുക എന്നാണ് റിപ്പോർട്ട്.
ലഭിക്കുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ യൂറോപ്യൻ യൂണിയന്റെ നിയമത്തെ വെല്ലുവിളിക്കാനാണ് ആപ്പിളിന്റെ നീക്കം. ആപ്പിളി (Apple)ന്റെ നീക്കം ചോദ്യം ചെയ്യപ്പെടാനും വീണ്ടും കോടതിയിലേക്ക് കാര്യങ്ങൾ എത്താനും സാധ്യതയുണ്ട്. നിലവിൽ മാക്ബുക്കുകളും ഐപാഡുകളും ടൈപ്-സി പോർട്ടു (USB Type-C port) മായാണ് എത്തുന്നത്. ആൻഡ്രോയ്ഡ് ചാർജറുകൾ കൊണ്ട് ചാർജ് ചെയ്യാനും കഴിയുന്നുണ്ട്.
നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളു (USB Type-C port) കള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഐഫോണുകളെ സംബന്ധിച്ചിടത്തോളം സ്മാർട്ട്ഫോണിനു തന്നെ ഉയർന്ന വില നൽകണം. ഫോണിനൊപ്പം ചാർജർ ലഭ്യമല്ലാത്തതിനാൽ അതിന് നല്ലൊരു തുക വേറെയും മുടക്കേണ്ടിവരും. ഏകീകൃത പോർട്ട് വരുന്നതോടെ എല്ലാ സ്മാർട്ട്ഫോണുകൾക്കും മറ്റ് ഡിവൈസുകൾക്കും ഒറ്റ ചാർജർ മതിയാകും.
ഓരോ കമ്പനിയും വിവിധ തരം ഡാറ്റ കേബിളും ചാര്‍ജറും ഇറക്കുന്നതു വഴി ടൺകണക്കിന് ഇ വെയ്‌സ്റ്റ് ആണ് കുമിഞ്ഞ് കൂടുന്നത്. എല്ലാ ഉപകരണങ്ങള്‍ക്കും ഒരു കണക്ടര്‍ ആക്കുന്നതോടുകൂടി ഈ പ്രശ്നവും ഒരു അളവ് വരെ പരിഹരിക്കാൻ സാധിക്കും. പ്രതിവർഷം കുറഞ്ഞത് 200 ദശലക്ഷം യൂറോ (195 ദശലക്ഷം ഡോളർ) ലാഭിക്കാനും ഓരോ വർഷവും ആയിരം ടണ്ണിലധികം ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കാനും സാധിക്കും.
ഈ പ്രയോജനങ്ങളൊക്കെ കണക്കിലെടുത്താണ് സ്‌മാർട് ഫോൺ, ലാപ്‌ടോപ്, ക്യാമറ തുടങ്ങി എല്ലാ ഡിവൈസുകൾക്കും ഒരേ ടൈപ്പ് ചാർജിങ് പോർട്ടുകൾ മതി എന്ന കർശന നിലപാടിലേക്ക് യൂറോപ്യൻ യൂണിയൻ എത്തുകയും നിയമം പാസാക്കുകയും ചെയ്തത്. യൂറോപ്യൻ യൂണിയനു പിന്നാലെ ഇന്ത്യയും യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ സാർവത്രികമാക്കാൻ നീക്കം ആരംഭിച്ചിരുന്നു. 2025 മാർച്ചോടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും യുഎസ്ബി ടൈപ്പ് സി പോർട്ട് (USB Type-C port) ആക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത്.