ആപ്പിൾ തങ്ങളുടെ iPad ഉപയോക്താക്കൾക്കായി ബജറ്റിലൊതുങ്ങുന്ന Apple pencil പുറത്തിറക്കി. USB-C ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ആപ്പിൾ പെൻസിൽ ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ആകർഷകമാണ്. മുൻപ് വന്നിട്ടുള്ള 11,900 രൂപ വിലയുള്ള ആപ്പിളിന്റെ രണ്ടാം തലമുറ പെൻസിലിനേക്കാൾ കീശയിൽ ഒതുങ്ങുന്ന ഐപാഡ് പെൻസിലാണിത്. ഇവയെ കുറിച്ച് വിശദമായി അറിയാം…
താങ്ങാനാവുന്ന വിലയിലുള്ള ആപ്പിൾ പെൻസിലാണ് ഇത്. അതായത്, 7,900 രൂപയാണ് ഇതിന് വില വരുന്നത്. ആപ്പിൾ ഈ ഐപാഡ് പെൻസിലിന് സ്ലൈഡിംഗ് ക്യാപ് ഡിസൈനാണ് നൽകിയിരിക്കുന്നത്. കൂടാതെ, ചാർജ് ചെയ്യുന്നതും വയർലെസ് പെയറിങ്ങും ഐപാഡുകളുമായി ജോടിയാക്കുന്നതും ഇതിൽ എളുപ്പമാണ്.
വിപണിയിലുള്ള മറ്റ് പെൻസിലുകളേക്കാൾ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. അതിനാൽ തന്നെ വില കുറവാണെന്നത് ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്തില്ല. പ്രഷർ സെൻസിറ്റിവിറ്റി, ടൂൾ സ്വിച്ചിംഗിനുള്ള ഡബിൾ-ടാപ്പ് ഫംഗ്‌ഷണാലിറ്റി എന്നിവയും ഈ പെൻസിലിൽ വരുന്നുണ്ട്. കുറഞ്ഞ ലേറ്റൻസി, ടിൽറ്റ് സെൻസിറ്റിറ്റി, പിക്സൽ പ്രിസിഷൻ തുടങ്ങിയ ഫീച്ചറുകളും ആപ്പിൾ ഈ പെൻസിലിൽ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് യുഎസ്ബി- സി പിന്തുണയ്ക്കുന്ന ആപ്പിൾ പെൻസിലിനെ കമ്പനി പുറത്തിറക്കിയത്. മുൻപ് വന്നിട്ടുള്ള ആപ്പിൾ പെൻസിലുകളിൽ ഒന്നാം ജനറേഷൻ പെൻസിലുകൾക്ക് വില 9,500 രൂപയായിരുന്നു. രണ്ടാം തലമുറയിൽ പെട്ടവർക്ക് 11,900 രൂപയും. ഇതിനേക്കാൾ വിലക്കുറവിൽ, അതും USB C Charging പിന്തുണയ്ക്കുന്ന പെൻസിലിന് 8000 രൂപയ്ക്കും അകത്താണ് വില വരുന്നത്.
ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ, ഈ പുതിയ പെൻസിൽ രണ്ടാം ജനറേഷൻ പെൻസിലുകൾക്ക് ബദലായോ പകരക്കാരനായോ വന്ന ഉപകരണമല്ല. എങ്കിലും, ലൈറ്റ്നിങ് കണക്റ്റർ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ആപ്പിൾ പെൻസിലുകളുടെ ആദ്യ ജനറേഷനായിട്ടുള്ള ബദൽ മാർഗമാണ്.
ഐപാഡ് പ്രോ 12.9 ഇഞ്ച് (3, 4, 5 തലമുറ) ഉപകരണങ്ങളെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഐപാഡ് 11 ഇഞ്ച് (1, 2, 3, 4 തലമുറ), 4, 5 തലമുറയിലെ ഐപാഡ് എയർ, ഐപാഡ് 10 തലമുറ, ഐപാഡ് മിനി 6 തലമുറ എന്നിവയിൽ ഈ ആപ്പിൾ പെൻസിൽ ഉപയോഗിക്കാം.
ഇത്രയും ബജറ്റ്- ഫ്രെണ്ട്ലിയായി ഒരു ആപ്പിൾ പെൻസിൽ ലോഞ്ച് ചെയ്തുവെങ്കിലും ഏറ്റവും മികച്ച ഐപാഡ് പെൻസിൽ രണ്ടാം തലമുറക്കാരൻ തന്നെയാണെന്ന് ആപ്പിൾ വിവരിക്കുന്നു. ‘ആപ്പിൾ പെൻസിലിൽ ആത്യന്തിക അനുഭവം’ നൽകുന്ന ഉപകരണമാണെന്നും കമ്പനി വിശേഷിപ്പിക്കുന്നു.