ആപ്പിൾ(Apple) ഏറ്റവും പുതിയ ഐഫോൺ സീരീസിലെ ഐഫോൺ 15 (iPhone 15) മോഡൽ നിർമിക്കുക ഇന്ത്യയിൽ ആയിരിക്കുമെന്ന് റിപ്പോർട്ട്. ചൈനയിൽനിന്ന് ഐഫോൺ കയറ്റുമതി ചെയ്യുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാൻ ആപ്പിൾ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുത്തൻ സീരീസിലെ ഐഫോൺ 15 (iPhone 15) മാത്രം ഇന്ത്യയിൽ നിർമിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഐഫോൺ 15 സീരീസിലെ മറ്റ് മോഡലുകളായ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ നിർമിക്കുന്നത് ചൈനയിൽത്തന്നെ ആയിരിക്കുമെന്നും ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ഐഫോണുകളുടെ ആദ്യ ബാച്ചുകൾ ചൈനയിൽ മാത്രമാണ് നിർമിച്ചിരുന്നത്. ഐഫോൺ 15(iPhone 15)-നുള്ള കെയ്‌സുകൾ ആപ്പിളിന്റെ പ്രാദേശിക കരാറുകാരായ ജബിൽ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിനായി എയർപോഡ് ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ജബിൽ (Jabil).
ഇന്ത്യയിൽ നിർമിക്കുന്ന ചില ഉൽപ്പന്നങ്ങളിൽ തങ്ങൾ നിഷ്കർഷിക്കുന്ന ഗുണനിലവാരം ഇല്ല എന്ന് ആപ്പിളിന് പരാതിയുണ്ട്. അതിനാലാണ് ചില മോഡലുകളുടെയും കളർ ഓപ്ഷനുകളുടെയും നിർമാണം മാത്രമായി ഇന്ത്യയിലെ ഉൽപ്പാദനം ഒതുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിളിനായി കഴിഞ്ഞ വർഷം ടാറ്റ നിർമിച്ച ഐഫോൺ കെയ്സുകളിൽ രണ്ടിലൊന്ന് മാത്രമാണ് ഫോക്‌സ്‌കോണിന്റെ അസംബ്ലി യൂണിറ്റിലേക്ക് അയയ്ക്കാൻ സാധിക്കുന്ന നിലവാരം പുലർത്തിയത്.
ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരായ ഫോക്‌സ്‌കോൺ ആണ് ഇന്ത്യയിൽ എയർപോഡ് നിർമാണം നടത്തുക. ഇതിനുള്ള കരാർ കഴിഞ്ഞമാസം ഫോക്സ്കോൺ ഏറ്റെടുത്തിരുന്നു. തെലങ്കാനയിലാണ് ഫോക്സ്കോണിന്റെ എയർപോഡ് ഫാക്ടറി വരുക. ഏകദേശം 200 മില്യൺ ഡോളർ (1,637 കോടി രൂപ) ആണ് എയർപോഡ് ഫാക്ടറി നിർമാണത്തിനായി ഫോക്സ്കോൺ ചെലവഴിക്കുക എന്നാണ് വിവരം.