ചൈനയിൽ നിന്നും പിഴുതിമാറ്റി Appleനെ ഇന്ത്യയിലേക്ക് വേരുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യപടിയെന്നോണം ആപ്പിൾ തങ്ങളുടെ ആദ്യ റീട്ടെയിൽ സ്റ്റോർ രാജ്യത്ത് ആരംഭിച്ചുവെന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങളാണ് പുറത്തുവരുന്നത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ടെക് ഭീമന്റെ ആദ്യ ഔദ്യോഗിക സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റോറിന്റെ ചിത്രങ്ങൾ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നു.
ഇന്ത്യക്കാർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ സ്റ്റോറിന്റെ ഉദ്ഘാടനം ഈ മാസം തന്നെയുണ്ടാകുമെന്നാണ് സൂചന. ഇങ്ങനെ Apple storeകൾ മാത്രമല്ല, ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണ യൂണിറ്റും ഇന്ത്യയിൽ വിപുലീകരിക്കുമെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.
മുംബൈയിൽ Apple സ്റ്റോർ ആരംഭിച്ചതിന് പിന്നാലെ അങ്ങ് ദേശീയ തലസ്ഥാനത്തും കമ്പനി പുതിയ സ്റ്റോർ തുറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനായി സാകേതിലെ പ്രശസ്തമായ സെലക്ട് സിറ്റിവാക്ക് മാളിൽ റീട്ടെയിൽ സ്റ്റോർ തുറക്കുമെന്നും, അടുത്ത മാസം തന്നെ ഇതുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 10,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പത്തിലുള്ള സ്റ്റോറായിരിക്കും ന്യൂഡൽഹിയിൽ വരുന്നതെന്നും പറയുന്നു.
ഐഫോണുകൾക്കും മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങൾക്കുമായി ഇന്ത്യയിൽ വലിയൊരു വിപണിയുണ്ടെന്നും, അതിനാൽ നിർമാണ യൂണിറ്റുകളും രാജ്യത്ത് ആരംഭിക്കുന്നതിന് ഇത് പ്രചോദനമാണെന്നും നേരത്തെ ആപ്പിളിന്റെ പ്രതിനിധികൾ അറിയിച്ചിരുന്നു.