ഇന്ത്യ Apple ഉൽപ്പന്നങ്ങളുടെ തറവാട് ആകുമോ എന്ന ആകാംക്ഷയിലാണ് ടെക് ലോകം. കൊവിഡിന് ശേഷം ചൈനയ്ക്ക് കാര്യങ്ങളൊന്നും അത്ര ഭാഗ്യകരമല്ല. ആപ്പിളിന്റെ ഫാക്ടറികളെല്ലാം മറ്റ് രാജ്യങ്ങിലേക്ക് മാറ്റുകയാണ്. പ്രത്യേകിച്ച് ഇന്ത്യയിലേക്കാണ് Apple തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്. ഇതിനൊപ്പം കൈകോർത്ത് ഇന്ത്യയുടെ TATAയും ആപ്പിൾ നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ, പുതിയതായി ലഭിക്കുന്ന വാർത്ത എന്തെന്നാൽ നമ്മുടെ തൊട്ടയൽപക്കത്താണ് ആപ്പിളിന്റെ എയർപോഡുകൾ നിർമിക്കുക എന്നതാണ്.
ടാറ്റ ഗ്രൂപ്പാണ് ഇന്ത്യയിലെ ആപ്പിളിന്റെ അസംബ്ലർമാരിൽ ഒരാളായി ആദ്യം എത്തിയത്. പിന്നാലെ ഫോക്‌സ്‌കോണും ആപ്പിൾ അസംബ്ലറായി രംഗത്തെത്തി. കൂടാതെ, ഫോക്‌സ്‌കോൺ തെലങ്കാനയിൽ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി 500 മില്യൺ ഡോളർ നിക്ഷേപിക്കുന്നതിനും തീരുമാനിച്ചു. ആപ്പിളിന്റെ ഫാക്ടറിയ്ക്കായുള്ള നിക്ഷേപത്തെ കുറിച്ച് തെലങ്കാന ഐടി മന്ത്രി കെ.ടി. രാമറാവു തന്നെ സ്ഥിരീകരണം നൽകിയതുമാണ്.
ഇങ്ങനെ ആപ്പിൾ എയർപോഡുകൾക്കായി ഇന്ത്യയിൽ ഒരു നിർമാണ പ്രവർത്തനം ആരംഭിക്കുമ്പോൾ എന്തെല്ലാം അവസരങ്ങളും സാധ്യതകളുമാണ് തുറക്കുന്നതെന്നും അറിയേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ 25,000 പേർക്ക് തൊഴിൽ അവസരമൊരുക്കുമെന്നാണ് ഐടി മന്ത്രി അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ തൊഴിൽരഹിത പ്രശ്നങ്ങൾക്കും ഇത് ഒരുവിധത്തിൽ പരിഹാരമാകുമെന്ന് പറയാം.
Apple AirPods നിർമിക്കുന്നതിനായി ഫോക്‌സ്‌കോൺ ആപ്പിളിൽ നിന്ന് ഒരു വലിയ കരാറാണ് സ്വന്തമാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കരാർ നേടിയ ശേഷമാണ് തെലങ്കാനയിൽ ഫാക്ടറി നിർമിക്കാനും പദ്ധതി ഒരുങ്ങിയത്. ചൈന വൻ നിയന്ത്രണങ്ങളും നിർദേശങ്ങളും കൊവിഡിന് ശേഷം കർക്കശമാക്കിയതാണ് ടെക് ഭീമനായ ആപ്പിളിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.
ലഭിക്കുന്ന വിവരമെന്തെന്നാൽ, ഇന്ത്യയിൽ എയർപോഡുകളുടെ നിർമാണം മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ്. അതായത്, ഐപാഡുകളും മാക് പേഴ്‌സണൽ കമ്പ്യൂട്ടറുകളും (പിസി) നമ്മുടെ രാജ്യത്ത് കമ്പനി നിർമിക്കുന്നതിനായി ഇതുവരെയും തീരുമാനിച്ചിട്ടില്ല. എങ്കിലും മുംബൈ, ഡൽഹി എന്നീ 2 നിർണായക നഗരങ്ങളിലും ആപ്പിളിന്റെ എക്സ്ക്ലൂസീവ് സ്റ്റോറുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇവയുടെ ഉദ്ഘാടന ചടങ്ങിന് സിഇഒ ടിം കുക്കും എത്തി. ഈ സന്ദർശന വേളയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തെങ്കിലും, ഇന്ത്യയിൽ Mac PC-കൾ നിർമിക്കാൻ ആപ്പിൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല. ടിം കുക്ക് ഇന്ത്യയിൽ വന്നപ്പോഴും ഇതിൽ വ്യക്തത നൽകിയിരുന്നില്ല.