ഇനി ഭിത്തികളോ, പുസ്തകത്തിന്റെ പുറം ചട്ടയോ, ബ്ളാക്ക് ബോർഡോ ഒക്കെ ടച്ച് സ്‌ക്രീൻ ആക്കി മാറ്റാൻ കഴിയും
''എവിടെ തൊടുന്നുവോ അവിടെയെല്ലാം ടച്ച് സ്‌ക്രീൻ''. കുറേ നാൾ മുൻപ് ഇങ്ങനെയാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ '''എത്ര മനോഹരമായ നടക്കാത്ത സ്വപ്നം" എന്ന് പറഞ്ഞു അയാളെ നാം പരിഹസിക്കുമായിരുന്നു. എന്നാൽ ഇനി അത്തരമായൊരു അദ്‌ഭുത ടച്ച്സ്‌ക്രീൻ സാധ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കണ്ണെഗി മെലൺ (Carnegie Mellon) സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കണ്ടെത്തലിനു പിന്നിൽ. ഏതു പ്രതലത്തിലേക്കും ഒരു പ്രത്യേക പെയിന്റ് സ്പ്രേ ചെയ്യുമ്പോൾ ആ പ്രതലം ഒരു ടച്ച് സ്‌ക്രീൻ ആയി മാറുമെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇലക്ട്രിക്ക് ( Electrick) എന്ന വിളിപ്പേരിൽ ഇവർ വികസിപ്പിക്കുന്ന ഈ ട്രിക്ക് ഭാവിയിൽ ഏറെ ഉപകാരപ്രദമാകുമെന്നാണ് കണക്കു കൂട്ടലുകൾ.
വൈദ്യുതി കടത്തി വിടാൻ കഴിവുള്ള പ്രത്യേക പെയിന്റ് സാമാന്യം കട്ടിയുള്ള പ്രതലത്തിൽ സ്പ്രേ ചെയ്തു പിടിപ്പിച്ചാണ് ടച്ച് സ്‌ക്രീൻ സജ്ജമാക്കുന്നത്. ഉപഭോക്താവിന്റെ വിരൽ സ്പർശം അനുസരിച്ചു വൈദ്യുതിയുടെ സഞ്ചാരത്തിനുണ്ടാകുന്ന വ്യതിയാനത്തെ പ്രത്യേക സോഫ്ട്വെയർ ഉപയോഗിച്ച് മനസിലാക്കിയാണ് ഈ സ്ക്രീനുകൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ഭിത്തികളോ, പുസ്തകത്തിന്റെ പുറം ചട്ടയോ, ബ്ളാക്ക് ബോർഡോ ഒക്കെ ടച്ച് സ്‌ക്രീൻ ആക്കി മാറ്റാൻ കഴിയും.