Amazonൽ ഷോപ്പിങ് ചെയ്യുന്നവർക്ക് മിക്കപ്പോഴും കേടുപാട് വന്ന ഉൽപ്പന്നങ്ങളോ, തെറ്റായി ഉൽപ്പന്നങ്ങളോ ലഭിക്കാറില്ലേ? ഇവ തിരികെ നൽകാൻ ഓപ്ഷൻ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമാണെങ്കിലും അതുവരെയുള്ള സമയനഷ്ടം ഉപയോക്താക്കൾക്ക് ഒരു ബുദ്ധിമുട്ട് ആകാറുണ്ട്. എന്നാൽ ഇനിമുതൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശാശ്വത പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് ആമസോൺ.
AI യുടെ സഹായത്തോടെ കേടായ ഉൽപ്പന്നങ്ങൾ അയക്കാതിരിക്കാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഓർഡറിനുള്ള സാധനങ്ങൾ പരിശോധിച്ച് ഉറപ്പിക്കും. കൂടാതെ, ഓർഡറുകൾ എടുക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള പ്രക്രിയ AI സാങ്കേതിക വിദ്യയിലൂടെ വേഗത്തിലാക്കാനുമാകും. Amazon തങ്ങളുടെ ഉപയോക്താക്കൾക്ക് കൂടുതൽ സൌകര്യപ്രദമായ സേവനം നൽകാനാണ് പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് കേടുപാടുകൾ വരാത്ത ഉൽപ്പന്നങ്ങൾ അയക്കേണ്ടതുണ്ട്. ഇത് മുൻനിർത്തി കമ്പനി തങ്ങളുടെ രണ്ട് വെയർഹൗസുകളിൽ ഇതിനകം തന്നെ AI ഉപയോഗിക്കാൻ തുടങ്ങി. നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും പത്ത് സ്ഥലങ്ങളിലേക്കും AI സഹായം വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.
നിലവിൽ ആമസോൺ തങ്ങളുടെ എല്ലാ വെയർഹൗസുകളിലും തൊഴിലാളികളാണ് ഉപകരണങ്ങളുടെ കേടുപാടുകളും മറ്റും പരിശോധിച്ച് ഉറപ്പിക്കുന്നത്. എന്നാൽ, മനുഷ്യനേക്കാൾ മൂന്നിരട്ടി മികച്ചതായി AIയ്ക്ക് കേടായ വസ്തുക്കൾ തിരിച്ചറിയാനാകുമെന്ന് പറയുന്നു. മാത്രമല്ല, ഓർഡറുകൾ ഭാരമുള്ളതാണെങ്കിൽ അത് പരിശോധിക്കുന്നതിനും മറ്റും തൊഴിലാളികൾക്ക് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാകുന്നു. എന്നാൽ നിലവാരമുള്ള ഉപകരണങ്ങൾ തിരിച്ചറിഞ്ഞ്, അത് തങ്ങളുടെ ഉപയോക്താക്കളുടെ പക്കൽ എത്തിക്കുന്നതിൽ AI വലിയ സഹായമാകുമെന്നാണ് Amazon വിലയിരുത്തുന്നത്.
തൊഴിൽ ക്ഷാമം പരിഹരിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു വലിയ പ്രത്യേകത. ഇനി ഓർഡർ ലഭിക്കുമ്പോൾ അതിനുള്ള ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും പാക്ക് ചെയ്യുന്നതിനും കേടുപാടുകൾ ഉണ്ടോ എന്നത് പരിശോധിക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനകരമാകും.
സാധനങ്ങളുടെ പിക്കിങ് സമയത്തും പാക്കിങ് സമയത്തും AI പരിശോധന നടത്തും. ഇതിനായി ഇമേജിങ് സ്റ്റേഷൻ പോലുള്ളവ പ്രയോജനപ്പെടുത്തുന്നു. അതായത് ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങളും മറ്റും പരിശോധനയ്ക്കായി ഉപയോഗിക്കും. ഈ ഘട്ടങ്ങളിൽ ഉപകരണങ്ങൾക്ക് കേടുപാട് വന്നാൽ അവ തൊഴിലാളികൾ പിന്നീട് പരിശോധിക്കും. അല്ലാത്തപക്ഷം അവ പാക്കിങ് ഘട്ടത്തിലേക്ക് പുരോഗമിക്കും.